കോൺഗ്രസ് പഞ്ചായത്തംഗത്തിന്റെ വിവാഹം ഏറ്റെടുത്ത് നടത്തികൊടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ; കോൺഗ്രസുകാർ പറയുന്നത് പോലല്ല, ഞങ്ങൾക്ക് അംഗത്തോട് വല്യ ഇഷ്ടമാണെന്ന് മന്ത്രി
text_fieldsകുട്ടമ്പേരൂർ 12-ാം വാർഡിൽ 30 ലക്ഷം രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച കുന്നക്കാട്ട് കുളത്തിന്റെ ഉദ്ഘാടനവും എം.എൽ.എ ഫണ്ടിൽ 42 ലക്ഷമുടക്കി നിർമിക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ ശിലാ സ്ഥാപനവും മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു
ചെങ്ങന്നൂർ: കോൺഗ്രസ് പഞ്ചായത്തംഗത്തിന്റെ വിവാഹം ഏറ്റെടുത്ത് നടത്തി കൊടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞതോടെ വേദിയും സദസ്സും ഒരുപോലെ കൈയടിച്ചു. വിവാഹിതനാകാമെന്ന് അംഗവും ചോദിച്ചതിനേക്കാൾ ഏറെ തുക പാർക്കിന് നൽകാമെന്ന് മന്ത്രി സജിചെറിയാനും വ്യക്തമാക്കിയതോടെ പഞ്ചായത്തിലെ ചെറിയൊരു പൊതുപരിപാടി നാട്ടിലെ പ്രധാനപരിപാടിയായി മാറി.
കുട്ടമ്പേരൂർ 12-ാം വാർഡിൽ 30 ലക്ഷം രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച കുന്നക്കാട്ട് കുളത്തിന്റെ ഉദ്ഘാടന വേദിയിൽ ഞായറാഴ്ച വൈകിട്ടാണ് വേദിയേയും സദസിനെയും ഒരുപോലെ ചിരിപ്പിച്ച മന്ത്രിയുടെ പ്രസംഗം നടന്നത്.
മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറും നിലവിൽ മെമ്പറുമായ ഡി.സി.സി അംഗവുമായ അജിത്ത് പഴവൂർ ചടങ്ങിന് സ്വാഗതം ആശംസിച്ചപ്പോൾ കുളത്തിനോടൊപ്പം അവിടെ ഒരു പാർക്ക് കൂടി സ്ഥാപിക്കാൻ15 ലക്ഷം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ഉദ്ഘാടന പ്രസംഗത്തിനായെത്തിയ മന്ത്രി ചിരിയിൽ പൊതിഞ്ഞ് കാര്യം അവതരിപ്പിച്ചു.
'എം.എൽ.എയുടെ അടിയന്തര സ്വഭാവത്തോടെയുള്ള ഉത്തരവാദിത്വമായി മാന്നാറിലെ കലയുടെയും അജിത്ത് പഴവൂരിന്റെയും വിവാഹങ്ങൾ നടത്തിക്കുക എന്നത് ഏറ്റെടുത്തിരിക്കുകയാണ്. കോൺഗ്രസുകാർ പറഞ്ഞിട്ടു പോകുന്നതുപോലെയല്ല ഞാൻ പറയുന്നത്. അജിത്തിനോട് എനിക്കും പഞ്ചായത്ത് പ്രസിഡന്റിനും ഏറെ ഇഷ്ടമാണ്. അതുകൊണ്ടാണ് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടയിൽ കുടുംബക്ഷേമ ഉപകേന്ദ്ര കെട്ടിടത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയപ്പോൾ അതിനായി പണം അനുവദിക്കാമെന്ന് പറഞ്ഞത്. അജിത്ത് പോലും ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല 42 ലക്ഷം ഇതിനായി കിട്ടുമെന്ന്. ഞാനിതുവരെ ഒരു വാർഡിലേക്ക് മാത്രമായി ഇത്രയും പണം കൊടുത്തിട്ടില്ല. അതിന്റെ സ്നേഹംവേണം കേട്ടോ' എന്നായിരുന്നു മന്ത്രി പറഞ്ഞത്.
രാഷ്ട്രീയ പരാമർശനങ്ങളുണ്ടായിട്ടും പരിമിതമായ ഫണ്ടുമാത്രമുള്ള ഒരു പഞ്ചായത്തിൽ നിന്നും കുളത്തിനായി 30 ലക്ഷത്തിലധികം രൂപ വാർഡിലേക്കുമാത്രമായി കൊടുത്തതും അജിത്തിന്റെ സഹകരണം കൊണ്ടാണെന്ന് മന്ത്രി വ്യക്തമാക്കി.
വിവാഹത്തിനു സമ്മതിച്ചതിലൂടെ ചോദിച്ച 15 ലക്ഷത്തിനേക്കാൾ കൂടുതൽ തുക നൽകും. അതുപോലെ കല്യാണം കഴിച്ചു കഴിഞ്ഞാൽ ഇരുവർക്കും വൈകുന്നേരങ്ങളിൽ ഇവിടെ വന്നിരിക്കുവാനുള്ള ഇടം ഇപ്പോഴേ കണ്ടുപിടിക്കുന്നത് നല്ലതാണ്. കുളത്തിന്റെ കരയിൽ വന്നിരുന്ന് പാട്ടുപാടാനും തമാശകൾ പറയുവാനും സമയം ചിലവഴിക്കാമെന്നും സജി ചെറിയാൻ നർമസംഭാഷണത്തിൽ പറഞ്ഞു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്‌നകുമാരി അധ്യക്ഷത വഹിച്ചു.