60,000 ചതുരശ്ര അടി, ഒമ്പത് നിലകൾ; അത്യാധുനിക സൗകര്യങ്ങളിൽ സി.പി.എമ്മിന് പുതിയ ആസ്ഥാന മന്ദിരം
text_fieldsതിരുവനന്തപുരം: 60,000 ചതുരശ്ര അടിയിൽ ഒമ്പത് നിലകളിലായാണ് സി.പി.എമ്മിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസായ ‘എ.കെ.ജി സെൻറർ’ സജ്ജമാക്കിയിരിക്കുന്നത്. ഇതിന് പുറമേ രണ്ട് ഭൂഗർഭ നിലകളിലായി വാഹന പാർക്കിങ്ങിനുള്ള സൗകര്യവുമുണ്ട്. അറുപതോളം വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാം. മുന്നിലായി തന്നെ എ.കെ.ജി പ്രതിമ, ഒപ്പം പാർട്ടി ചിഹ്നവും. റിസപ്ഷൻ, സന്ദർശകർക്കുള്ള ഇരിപ്പിടങ്ങളാണ് ഒന്നാംനിലയിൽ. രണ്ടാംനിലയിലാണ് നേതാക്കൾക്ക് വാർത്തസമ്മേളനം നടത്താനുള്ള ശീതികരിച്ച മുറി. എൽ.ഇ.ഡി വോളടക്കം ഇവിടെയുണ്ട്.
സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിനായി സജ്ജമാക്കിയ മുറിക്ക് തൊട്ടടുത്താണ് സംസ്ഥാന സെക്രട്ടറിക്കായുള്ള മുറി. സെക്രട്ടറിക്ക് അതിഥികളെ കാണുന്നതിനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്. തൊട്ട് എതിർവശത്താണ് ഇടതുമുന്നണി കൺവീനർക്കുള്ള മുറി. മൂന്നാംനിലയിലാണ് പി.ബി അംഗങ്ങൾക്കുള്ള മുറികൾ സംവിധാനിച്ചിരിക്കുന്നത്. ഇവിടെ തന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കുള്ള കാബിനുകളുമുണ്ട്. അഞ്ചാം നിലയിലാണ് സി.പി.എം സംസ്ഥാന സമിതിയുടെ ഓഫിസ്. എട്ടാംനിലയിൽ കിച്ചണാണ്. ആറ് മുതൽ എട്ടുവരെ നിലകളിലാണ് താമസസൗകര്യം.
നിലവിൽ സംസ്ഥാന കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന എ.കെ.ജി സ്‌മാരക പഠനഗവേഷണ കേന്ദ്രത്തിന് സമീപം ഡോ. എൻ.എസ്. വാര്യർ റോഡിലാണ് പുതിയ ആസ്ഥാനം. ഇതോടെ പഴയ മന്ദിരം പഠന ഗവേഷണത്തിന് മാത്രമായി മാറും. കെട്ടിടത്തിന്റെ 25 ശതമാനം മാത്രമാണ് എ.സിയുള്ളത്. ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ ഉറപ്പുവരുത്തിയാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്. ഇവർക്കുവേണ്ടി പ്രത്യേകം ശുചിമുറികളും വീൽചെയർ റാമ്പുകളുമുണ്ട്. റൂഫ്ടോപ്പിൽ 20 കെ.വി സോളാർ പാനലാണ് മറ്റൊരു പ്രത്യേകത. 2022 ഫെബ്രുവരി 22ന് ആരംഭിച്ച നിർമാണ പ്രവർത്തികൾ മൂന്നുവർഷവും രണ്ട് മാസവും കൊണ്ടാണ് പൂർത്തിയായത്.