പിതാവിനെയും മകളെയും കുത്തിയ സംഭവം: പ്രതി അറസ്റ്റിൽ
text_fieldsഅമ്പലവയൽ: കുറ്റിക്കൈതയിൽ പിതാവിനെയും മകളെയും കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. തോമാട്ടുച്ചാൽ കടൽമാട് കൂട്ടാള ഹൗസിൽ ഷോബിഷാണ് (40) അറസ്റ്റിലായത്. ഷോബിഷിന്റെ വാടകവീട്ടിൽ താമസിക്കുന്ന കുടുംബം വാടക നൽകാത്തതും വീട്ടിൽനിന്ന് ഇറങ്ങിക്കൊടുക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വൈകീട്ട് ഓട്ടോയുമായി നിഷയുടെ വീട്ടിലെത്തിയ പ്രതി ഷോബിഷ് നിഷയുമായി തർക്കത്തിലേർപ്പെടുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. തടയാനെത്തിയ പിതാവ് പൗലോസിനെയും പ്രതി കുത്തി. ഗുരുതര പരിക്കേറ്റ പൗലോസ്, മകൾ നിഷ എന്നിവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.