മായാതെ 2016ലെ മഷി; വോട്ട് ചെയ്യാനാകാതെ ഉഷ
text_fieldsഉഷയുടെ വിരലിൽ 2016ൽ പുരട്ടിയ മഷി മായാത്ത നിലയിൽ
ഷൊർണൂർ: 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തപ്പോൾ ഉദ്യോഗസ്ഥർ വിരലിൽ പുരട്ടിയ മഷി ഇത്ര പൊല്ലാപ്പാകുമെന്ന് കുളപ്പുള്ളി ആലിൻചുവട് തെക്കേപ്പാടത്ത് രാധാകൃഷ്ണന്റെ ഭാര്യ ഉഷ വിചാരിച്ചില്ല. വീട്ടിലുള്ളവരുടെയും അയൽവാസികളുടെയുമെല്ലാം കൈവിരലിലെ മഷി മാഞ്ഞെങ്കിലും ഉഷയുടെ വിരലിലേത് മാത്രം മാഞ്ഞില്ല. കുറച്ചധികം സമയമെടുത്താലും മഷി പോകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായ സമയത്താണ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് വന്നത്. പോളിങ് ബൂത്തിലെത്തിയെങ്കിലും വിരലിലെ മഷി മൂലം വോട്ട് നിഷേധിക്കപ്പെട്ടു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഇതുതന്നെ സംഭവിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളുടെ പ്രവർത്തകർ വോട്ടഭ്യർഥിക്കാനെത്തിയപ്പോൾ ഉഷ അവരുമായി വിഷമം പങ്കുവെച്ചു. എന്തായാലും വോട്ട് ചെയ്യാൻ വരണമെന്നും പരിഹാരമുണ്ടാക്കാമെന്നും അവർ പറഞ്ഞതിനാൽ കുളപ്പുള്ളി എ.യു.പി സ്കൂളിലെ 149 നമ്പർ ബൂത്തിലെത്തി. പക്ഷേ, ഉദ്യോഗസ്ഥർ നിയമപ്രശ്നത്താൽ സമ്മതിച്ചില്ല. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ എല്ലാ പാർട്ടികളുടെ പ്രവർത്തകരും ഒന്നിച്ചാവശ്യപ്പെട്ടതോടെ വോട്ട് ചെയ്യാനായി.
എന്നാൽ, ഇനിയും അങ്ങനെ തർക്കിച്ചും പരിഹാസപാത്രമായും വോട്ട് ചെയ്യാനില്ലെന്ന നിലപാടിലാണ് ഉഷ. തന്റേതല്ലാത്ത വീഴ്ചയാൽ വിലപ്പെട്ട ഒരു വോട്ട് നഷ്ടപ്പെടുത്തേണ്ട വിഷമം അവർ പങ്കുവെക്കുന്നു. ഡി.സി.സി സെക്രട്ടറി ടി.വൈ. ഷിഹാബുദ്ദീൻ പ്രചാരണത്തിനിടെ വീട്ടിലെത്തിയപ്പോഴാണ് ഉഷയുടെ സങ്കടം വീണ്ടും ശ്രദ്ധയിൽ വന്നത്.