മാടായിപ്പാറയിൽ ജി.ഐ.ഒ പ്രവർത്തകർക്കെതിരെ പ്രകോപന മുദ്രാവാക്യം; ബി.ജെ.പി നോർത്ത് ജില്ല പ്രസിഡന്റടക്കം 40 പേർക്കെതിരെ കേസ്
text_fieldsപഴയങ്ങാടി (കണ്ണൂർ): മാടായിപ്പാറയിൽ ജി.ഐ.ഒ പ്രവർത്തകർ നടത്തിയ ഫലസ്തീൻ ഐക്യാദാർഢ്യ പ്രകടനത്തിനെതിരെ സംഘംചേർന്ന് പ്രകോപന മുദ്രാവാക്യം വിളിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിന് ബി.ജെ.പി നേതാവടക്കം 40 പേർക്കെതിരെ കേസ്. കണ്ണൂർ നോർത്ത് ജില്ല പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ അടക്കം 10 പേരുടെയും കണ്ടാലറിയാവുന്ന 30 പേരുമടക്കം 40 ബി.ജെ.പി പ്രവർത്തകരുടെയും പേരിൽ പഴയങ്ങാടി പൊലീസാണ് കേസെടുത്തത്.
ബി.ജെ.പി മാടായി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത മണ്ഡലം, ജില്ല ഭാരവാഹികളുൾപ്പെടെയുള്ളവർക്കെതിരിലാണ് സ്വമേധയാ കേസെടുത്തത്. ബി.ജെ.പി പ്രവർത്തകരായ ടി. രാജു, എ.വി. സനിൽ കുമാർ, രമേശൻ ചെങ്കുനി, സി. നാരായണൻ, കെ.കെ. വിനോദ് കുമാർ, സുജിത്ത് വടക്കൻ, കെ.ടി. മുരളി, അരുൺ തേജസ്, ബാലകൃഷ്ണൻ പനക്കിൽ, ഗംഗാധരൻ കാളീശ്വരം എന്നിവർക്കെതിരെയാണ് കേസ്.
രാജ്യദ്രോഹികൾക്ക് കയറി മേയാനുള്ള ഇടമല്ല മാടായിപ്പാറ എന്ന മുദ്രാവാക്യം വിളിച്ച് ഗതാഗതം തടസ്സപ്പെടുത്തിയെന്നും പൊലീസ് നിർദേശം അനുസരിച്ചില്ലെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. സേനാംഗങ്ങൾ കുറവായതിനാലും ആ സമയത്ത് പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ക്രമസമാധാന പ്രശ്നത്തിനിടയാക്കുമെന്നതിനാലുമാണ് അറസ്റ്റ് ചെയ്യാതിരുന്നതെന്നും എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടി. കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേർന്നതിനടക്കം വകുപ്പുകളനുസരിച്ചാണ് കേസ്.
സെപ്റ്റംബർ അഞ്ചിനാണ് ജി.ഐ.ഒ പ്രവർത്തകർ മാടായിപ്പാറയിൽ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തിയത്. തുടർന്ന് സമൂഹത്തിൽ സ്പർധ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകടനം നടത്തിയെന്ന് കാണിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത്, കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. ഗതാഗത തടസം സൃഷ്ടിക്കുകയോ ജനങ്ങളെ ദ്രോഹിക്കുകയോ ചെയ്യാത്ത പ്രകടനത്തിനെതിരെ കേസെടുത്തതിന്റെ യുക്തി മനസിലാകുന്നില്ലെന്നും പൊലീസ് നടപടി സംശയാസ്പദമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചിരുന്നു.