ക്രമക്കേടുകൾക്ക് മൂക്കുകയർ ലക്ഷ്യം; സഹകരണ ടീം ഓഡിറ്റിന് ഇടക്കാല സ്കീം പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: ക്രമക്കേടുകളിൽനിന്ന് മുക്തമാക്കി സഹകരണ മേഖലയെ നേർവഴിക്ക് നയിക്കാൻ സർക്കാർ നടപ്പാക്കിയ ടീം ഓഡിറ്റിന്റെ ഭാഗമായ ഇടക്കാല സ്കീം പ്രാബല്യത്തിൽ. നിലവിലുണ്ടായിരുന്ന ഓഡിറ്റ് രീതി പരിഷ്കരിച്ച് ടീം ഓഡിറ്റ് തീരുമാനിച്ചെങ്കിലും ഇത് എങ്ങനെ വേണമെന്ന ‘സ്കീം’ നിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നില്ല. ഇത് ഓഡിറ്റിങ്ങിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇടക്കാല സ്കീം അംഗീകരിച്ച് ഉത്തരവിറങ്ങിയത്.
ഓഡിറ്റ് സംഘത്തിന്റെ രൂപവത്കരണം, ഘടന, ഓഡിറ്റ് രീതി, റിപ്പോർട്ടിന്റെ ഘടന, ചെലവ് എന്നിവ ഉൾപ്പെടുത്തി സർക്കാർ അംഗീകരിക്കുന്ന സ്കീം പ്രകാരമായിരിക്കണം ഓഡിറ്റ് ഡയറക്ടർ ടീമിനെ നിയോഗിക്കേണ്ടത്. ഇടക്കാല സ്കീം പ്രഖ്യാപിച്ചതോടെ ഇതുസംബന്ധിച്ച അവ്യക്തതകൾക്ക് പരിഹാരമായി. വിശദമായ ‘ടീം ഓഡിറ്റ് പദ്ധതി’ ആവിഷ്കരിക്കുന്നതുവരെ നിലവിലെ ടീം ഓഡിറ്റ് സുഗമമായി തുടരുന്നതിനാണ് ഇടക്കാല സ്കീം അംഗീകരിച്ചതെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം, ടീം ഓഡിറ്റ് കാര്യക്ഷമമായി നടത്താൻ നൂറോളം അധിക തസ്തിക വേണമെങ്കിലും ഇക്കാര്യം ഉത്തരവിൽ പരാമർശിക്കുന്നില്ല. മാത്രമല്ല, ടീം ഓഡിറ്റ് നടപ്പാക്കുമ്പോൾ പുതിയ തസ്തിക സൃഷ്ടിക്കാതെയും സർക്കാറിന് സാമ്പത്തിക ബാധ്യത വരുത്താതെയും നോക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സംഘങ്ങളുടെ തീരുമാനമില്ലെങ്കിലും അനുയോജ്യമായ ടീമിനെ പരിശോധനക്ക് നിയോഗിക്കാൻ ഓഡിറ്റ് ഡയറക്ടർക്ക് ഇടക്കാല സ്കീം അധികാരം നൽകുന്നു. ഗ്രൂപ്പിനെ നിശ്ചയിച്ചാൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ ടീമിന്റെ പ്രവർത്തന ചെലവ് മുൻകൂറായി അടക്കണം.
ഡെപ്യൂട്ടി ഡയറക്ടർ ടീം, അസി. ഡയറക്ടർ ടീം, സ്പെഷൽ ഗ്രേഡ്/സീനിയർ ഓഡിറ്റർ ടീം, യൂനിറ്റ് ഓഡിറ്റർ ടീം എന്നിങ്ങനെ നാല് തരം പരിശോധനയാണ് നിശ്ചയിച്ചിട്ടുള്ളത്. ഓരോ ഘടകവും നടത്തേണ്ട പരിശോധനകളുടെ രീതിയും എണ്ണവും നിർവചിച്ചിട്ടുണ്ട്. നിലവിൽ ഒരു ഓഡിറ്റർ 36 മുതൽ 48 വരെ സംഘങ്ങളുടെ ഓഡിറ്റാണ് പ്രതിവർഷം പൂർത്തിയാക്കുന്നത്. യൂനിറ്റ് ഓഡിറ്റ് ടീം ഓഡിറ്റിലേക്ക് മാറിയതോടെ മൂന്ന് ഓഡിറ്റർമാർ അടങ്ങിയ ഒരു ടീം ആകെ 92 സംഘങ്ങളുടെ ഓഡിറ്റാവും പ്രതിവർഷം നിർവഹിക്കുക. ഇതുമൂലം ഓഡിറ്റിന്റെ ഗുണമേന്മ വർധിക്കുമെന്നാണ് വിലയിരുത്തൽ.