Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദർശ സമ്മേളനത്തിന്...

ആദർശ സമ്മേളനത്തിന് മറുപടിയായി നവോത്ഥാന സമ്മേളനം; ഉൾപോര് അടങ്ങാതെ സമസ്ത

text_fields
bookmark_border
ആദർശ സമ്മേളനത്തിന് മറുപടിയായി നവോത്ഥാന സമ്മേളനം; ഉൾപോര് അടങ്ങാതെ സമസ്ത
cancel
camera_alt

മലപ്പുറത്ത് നടന്ന സുന്നിമഹല്ല് ഫെഡറേഷൻ ആദർശസമ്മേളനം

മലപ്പുറം: മുശാവറ ഇടപെട്ട് സമസ്തക്കുള്ളിലെ നീറുന്ന വിവാദങ്ങൾക്ക് അറുതിയുണ്ടാക്കിയെന്ന പ്രതീതിയുണ്ടായെങ്കിലും ലീഗിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള ഉൾപോര് അവസാനിക്കുന്നില്ല.

ലീഗ് വിരുദ്ധവിഭാഗം ആദർശ സമ്മേളനമെന്ന പേരിൽ വിവിധ തലങ്ങളിൽ നടത്തിയ പരിപാടികൾ സമസ്തക്കുള്ളിലെ വിഭാഗീയത പരസ്യമാക്കിയിരുന്നു. അതിന് മറുപടിയെന്നോണം സമസ്ത മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നവോത്ഥാന സമ്മേളനങ്ങൾ ആരംഭിച്ചിരിക്കയാണിപ്പോൾ. വെള്ളിയാഴ്ച മലപ്പുറത്ത് നടന്ന നവോത്ഥാനസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ കേന്ദ്ര മുശാവറ അംഗം മുസ്തഫൽ ഫൈസിയുടെ പ്രസംഗം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കയാണ്. സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരെ തുറന്നു പറച്ചിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

മുസ്‌ലിം സമൂഹത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടി മുസ്‌ലിം ലീഗാണ് എന്ന് പറഞ്ഞ സമസ്ത മുശാവറ അംഗം ലീഗിനെ മാറ്റിനിർത്തിക്കൊണ്ടും വിമർശിച്ചു കൊണ്ടും സമസ്തയ്ക്ക് നിലനിൽപില്ല എന്നും പ്രഖ്യാപിച്ചു. വണ്ടിയിൽ വൈകിക്കയറിയവർ അല്ല ദിശ നിർണയിക്കേണ്ടത് എന്നും അദ്ദേഹം ഒളിയമ്പെയ്തു. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ നവോത്ഥാന സമ്മേളനത്തിൽ പ​ങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. വരും ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നവോത്ഥാന സമ്മേളനങ്ങൾ നടക്കും.

നേരത്തെ എതിർവിഭാഗം നടത്തിയ ആദർശസമ്മേളനത്തിൽ പാണക്കാട് സാദിഖലി തങ്ങളുടെ ഖാദിപദവിയെ ചോദ്യം ചെയ്ത് മുക്കം ഉമർഫൈസി നടത്തിയ വിവാദപ്രസംഗം സമസ്തക്കുള്ളിൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ലീഗ് ഇതിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത് സമസ്തയെ സമ്മർദ്ദത്തിലാക്കി. മുശാവറ യോഗം അലങ്കോലമാവുകയും ജിഫ്രിതങ്ങൾ ഇറങ്ങിപ്പോവുകയും ചെയ്തത് വലിയ വാർത്തയായി. മുക്കം ഉമ്മർഫൈസി മുശാവറ അംഗത്തിനെതിരെ ‘കള്ളൻമാർ’ പ്രയോഗം നടത്തിയതും ഈ വിഷയത്തിലായിരുന്നു.

ഒടുവിൽ സമസ്ത മുശാവറയുടെ തീരുമാനമനുസരിച്ച് എതിർ വിഭാഗത്തിലെ പ്രമുഖരായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും മുക്കം ഉമർഫൈസിയും പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് ജിഫ്രിതങ്ങളുടെ സാന്നിധ്യത്തിൽ ക്ഷമാപണം നടത്തി. പക്ഷെ ആ അനുനയചർച്ചക്ക് വിരുദ്ധമായ രീതിയിൽ ഉമർഫൈസിയും അമ്പലക്കടവും വാർത്താസമ്മേളനത്തിൽ സംസാരിച്ചുവെന്നാരോപിച്ച് പാണക്കാട് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പരസ്യമായി രംഗത്ത് വന്നു.

ഇതോടെ എന്തു വിട്ടുവീഴ്ചക്കും തയാറാണെന്ന് അബ്ദുൽ ഹമീദ് ഫൈസിയും ഉമർഫൈസിയും പരസ്യപ്രസ്താവന നടത്തി. തൽക്കാലം സമസ്തക്കുള്ളിലെ ചേരി​പ്പോരിന് ശമനമുണ്ടായി എന്ന പ്രതീതിയുണ്ടായെങ്കിലും കൊച്ചിയിൽ നടന്ന സി.ഐ.സി സമ്മേളനത്തിലെ ചില സെഷനുകളെ വിവാദമാക്കി ലീഗ് വിരുദ്ധർ ചേരിപ്പോര് തുടർന്നു. പാണക്കാട് സാദിഖലി തങ്ങൾ പ്രസിഡന്റായ സി.ഐ.സിയെ ശക്തമായി എതിർക്കുന്ന നിലപാടിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന തീരുമാനത്തിലാണ് സമസ്തയിലെ ഒരുവിഭാഗം. ആര് അനുകൂലിച്ചാലും സമസ്ത സി.ഐ.സിയെ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ലീഗ് വിരുദ്ധവിഭാഗം നേതാവ് സത്താർപന്തല്ലൂർ മലപ്പുറത്ത് പ്രസംഗിച്ചിരുന്നു.

അതിനിടെ വാഫി വാഫിയ്യക്ക് എതിരെ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പ്രചാരണം ശക്തമാക്കിയതിനെതിരെ സുന്നി മഹല്ല് ഫെഡറേഷൻ നവോത്ഥാനസമ്മേളനത്തിൽ സാദിഖലി തങ്ങൾ പരോക്ഷമായി പ്രതികരിച്ചു. വാഫി വാഫിയ്യ വിഷയത്തിൽ തീരുമാനമെടുക്കാൻ ഉത്തരവാദിത്തപ്പെട്ട സമിതി ഉണ്ടന്ന് അദ്ദേഹം പറഞ്ഞു.

സമസ്ത മുശാവറ അംഗങ്ങൾ ഉൾക്കൊള്ളുന്ന സമിതിയാണത്. അവരെയും മറികടന്നുള്ള പ്രചാരണത്തിന് ആരും മെനക്കെടരുത്. വിഷയ ദാരിദ്ര്യമുള്ളവരാണ് പലതും പറയുന്നത്. വേദികൾ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കരുതെന്നും അനുസരണ വേണമെന്നും സ്വാദിഖലി തങ്ങൾ പ്രതികരിച്ചു.

Show Full Article
TAGS:Samastha Jifri Thangal Sadiq ali shihab thangal Umar faizy mukkam 
News Summary - Internal strife intensifies in 'Samastha Kerala Jamiatul Ulama'
Next Story