വിസ്മയിപ്പിച്ച്, സാധ്യതകളുടെ ജാലകം തുറന്ന് ഉച്ചകോടിയിലെ പ്രദർശന സ്റ്റാളുകൾ
text_fieldsകൊച്ചി: ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി വേദിയുടെ സമീപത്തുനിന്ന് മനോഹരമായൊരു സംഗീതമൊഴുകിയെത്തുന്നു. അതിലേക്ക് കാതോർത്തവർ ഒടുവിലെത്തിച്ചേർന്നത് വിയറ്റ്നാമെന്ന രാജ്യത്തിന്റെ സ്റ്റാളിലേക്കായിരുന്നു. തദ്ദേശീയ വസ്ത്രമണിഞ്ഞ് പരമ്പരാഗത സംഗീതോപകരണം ഡാൻബോ വായിക്കുന്ന വിയറ്റ്നാം യുവതിയും യുവാവും. മുളയിലും മറ്റ് തടികളിലും സ്ട്രിങിലും തീർത്തിരിക്കുന്ന ഉപകരണവും സംഗീതവും വിയറ്റ്നാമെന്ന രാജ്യത്തിന്റെ വിനോദസഞ്ചാര പ്രൗഢിയെക്കൂടി വിളിച്ചറിയിക്കുന്നതാണ്. സ്റ്റാളിൽ രാജ്യത്തിന്റെ തദ്ദേശീയ ഭക്ഷണങ്ങൾ, സാംസ്കാരിക- പൗരാണിക പ്രത്യേകതകൾ, കല എന്നിവയെയൊക്കെ പരിചയപ്പെടുത്തി വിയറ്റ്നാം പൗരന്മാരുണ്ട്. അവിടേക്കെത്താനുള്ള യാത്രാക്രമീകരണങ്ങളും അവർ പറഞ്ഞുതരും. തൊട്ടടുത്തുള്ള ആസ്ട്രേലിയയുടെ സ്റ്റാൾ വീക്ഷിക്കാനും നിരവധിയായിരുന്നു ആളുകൾ.
ഒന്ന് കണ്ണോടിച്ചാൽ അറിയാം, കേരളപ്പെരുമ...
കേരളം വ്യവസായ, വാണിജ്യ രംഗങ്ങളിലടക്കം നേടിയ പുരോഗതിയറിയാൻ പ്രദർശനങ്ങളിലേക്കൊന്ന് കണ്ണോടിച്ചാൽ മതി. സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾ നേട്ടങ്ങളുടെ പട്ടിക എണ്ണിപ്പറഞ്ഞ് ഇവിടെയുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത്, ജലഗതാഗത രംഗത്ത് വിപ്ലവമായ വാട്ടർമെട്രോ എന്നിവയുടെ മാതൃകകളും നേട്ടങ്ങളുടെ പട്ടികയും നിരത്തുന്ന കൊച്ചി കപ്പൽശാലയുടെ സ്റ്റാൾ നാടിന്റെ അഭിമാനമാകുന്നു. സാധ്യതകളും അവസരങ്ങളും എടുത്തുപറഞ്ഞ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേക സ്റ്റാളുമുണ്ട്. സംസ്ഥാനത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യം ശക്തമാക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച കെ ഫോൺ സ്റ്റാൾ പദ്ധതിയുടെ മികവുകൾ പരിചയപ്പെടുത്തുന്നു.
നാടിന്റെ സ്വന്തം ഖാദി പ്രൗഢി വിളിച്ചറിയിക്കുന്നു. ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ സുഖോയ്- 30 പോര്‍വിമാനത്തില്‍ ഘടിപ്പിക്കുകയെന്ന ഏറെ സങ്കീർണമായ പ്രതിരോധ സാങ്കേതിക വിദ്യയിലെ പ്രക്രിയ സാധ്യമാക്കിയ തിരുവനന്തപുരത്തെ ബ്രഹ്മോസ് കേന്ദ്രത്തിന്റെ പ്രദര്‍ശനം അഭിമാനനേട്ടം വിവരിക്കുന്നു. കേരള കയര്‍ കോര്പറേഷന്, കെല്‍ട്രോണ്‍, ബാംബൂ മിഷന്, ഹാന്‍ടെക്സ്, കശുവണ്ടി വികസന കോര്പറേഷന്, കേരള സോപ്സ് എന്നിവയുടെയും പ്രദർശനങ്ങളുണ്ട്.
അഭിമാനം സ്റ്റാർട്ടപ്പുകൾ
കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പുകളായ ജെന്‍ റോബോട്ടിക്സ്, ഐറോവ് ടെക്നോളജീസ് എന്നിവയുടെ പ്രദര്‍ശനവും ഇവിടെ കാണാം. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനുള്ള ബാന്‍ഡികൂട്ട് റോബോട്ടാണ് പ്രദര്‍ശനത്തിലെ താരം. 300 മീറ്റര്‍ ആഴത്തില്‍ വരെ പോയി സമുദ്രാന്തര ഗവേഷണം നടത്താന്‍ സഹായിക്കുന്ന ഐറോവ് ട്യൂണ ഡ്രോൺ, കാര്‍ഷികാവശ്യ ഡ്രോണ്‍ നിർമാതാക്കളായ ഫ്യൂസലേജ് ഇന്നൊവേഷൻ ഉൽപന്നങ്ങള്, ആസ്ട്രെക് ഇന്നൊവേഷന്റെ രോഗീസഹായ റോബോട്ട് എന്നിവയൊക്കെ അതിഥികളെ ആകര്‍ഷിക്കുന്നു. സ്വകാര്യ മേഖലയിലേതുൾപ്പെടെ 105 പ്രദര്‍ശന സ്റ്റാളാണ് ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷനല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയിലുള്ളത്.