അട്ടപ്പാടിയിൽ നീർച്ചാലുകളും കുന്നുകളും നികത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തി
text_fieldsഎം.പി. ആനന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അട്ടപ്പാടിയിൽ പരിശോധന നടത്തുന്നു
അഗളി: അട്ടപ്പാടിയിലെ നീർച്ചാലുകളും കുന്നുകളും നികത്തിയെന്ന വാർത്ത ശരിവെച്ച് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഒറ്റപ്പാലം സബ് കലക്ടർ ഒറ്റപ്പാലം റവന്യൂ ഡിവിഷൻ സീനിയർ സൂപ്രണ്ട് എം.പി. ആനന്ദ് കുമാറിെൻറ നേതൃത്വത്തിൽ പ്രത്യേക പരിശോധന സംഘം രൂപീകരിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിലാണ് അട്ടപ്പാടിയിൽ കുന്നിടിച്ച് മണ്ണ് കടത്തുന്നതും പുഴ പുറമ്പോക്ക് കൈയേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും നീർച്ചാലുകൾ കൈയേറുന്നതും കണ്ടെത്തിയിരിക്കുന്നത്.
അഗളി വില്ലേജിലെ നരസിമുക്ക് ഭാഗത്ത് വ്യാപക രീതിയിൽ ഭൂമിക്ക് പരിവർത്തനം നടത്തി പ്ലോട്ടുകൾ തിരിച്ച് വിൽപന നടത്താൻ ശ്രമങ്ങൾ നടത്തുന്നതായും, പുഴ പുറമ്പോക്ക് കൈയേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായും അന്വേഷണസംഘം കണ്ടെത്തി. വടകോട്ടത്തറയിൽ നീർച്ചാൽ കൈയേറി റോഡ് നിർമിച്ചതും കോട്ടത്തറ വില്ലേജിലെ ശിരുവാണിപ്പുഴയോട് ചേർന്ന് കെട്ടിടം നിർമിച്ചതും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത്, സർവ്വേ, ഡി.ടി.പി.സി വകുപ്പുകൾ നൽകിയ രേഖകൾ കൂടി പരിശോധിച്ച ശേഷം ഒറ്റപ്പാലം സബ് കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. പരിശോധന തുടരുമെന്ന് എം.പി. ആനന്ദകുമാർ അറിയിച്ചു.