യുദ്ധമുഖത്തുനിന്ന് ഫാദില വീടണഞ്ഞു
text_fieldsഫാദില
മഞ്ചേരി: യുദ്ധമുഖത്തുനിന്ന് നാട്ടിലെത്തിയ സന്തോഷത്തില്‍ ആനക്കയം പന്തല്ലൂര്‍ മുടിക്കോട് സ്വദേശി ഫാദില. ഓപറേഷന് സിന്ധുവിന്റെ ഭാഗമായി ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിലെത്തിയത്. ഇസ്രായേൽ-ഇറാൻ സംഘര്‍ഷം ശക്തമായതിന് പിന്നാലെ ശനിയാഴ്ച വൈകീട്ട് ഡല്‍ഹിയിലെത്തിയ ഫാദില പിതാവിനോടൊപ്പം ഞായറാഴ്ച രാത്രി 12ഓടെ കൊച്ചിയിലെത്തി.
പുലര്‍ച്ച അഞ്ചോടെ വീടണഞ്ഞു. ഇറാനിലെ തെഹ്റാന് ശാഹിദ് ബെഹ്ഷത്തി സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ് ഫാദില. സര്‍വകലാശാലയില്‍നിന്ന് ബസ് മാര്‍ഗം ആദ്യം മാഷാദ് വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് ഇറാന്റെ മഹാന് എയർലൈന്‍സിലാണ് ഫാദില അടക്കമുള്ള സംഘം ഡല്‍ഹിയിലെത്തിയത്.
256 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയാണ് ഫാദില എം.ബി.ബി.എസ് പഠനത്തിലേക്ക് ചുവടുവെച്ചത്. 2024 സെപ്റ്റംബറില്‍ ക്ലാസ് ആരംഭിച്ചു. വിസ സംബന്ധമായ കാര്യങ്ങള്‍ ശരിയാക്കി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇറാനിലെത്തിയത്.
സംഘര്‍ഷം അവസാനിച്ച ശേഷം തിരിച്ചുപോയി പഠനം പൂര്‍ത്തിയാക്കാനാണ് ആഗ്രഹമെന്നും ഫാദില ‘മാധ്യമ’ത്തോട് പറഞ്ഞു.
ഡ്രോണുകളും മിസൈലുകളും പതിക്കുന്നതിന്റെ ശബ്ദം ഹോസ്റ്റലില്‍ നിന്നും കേട്ടിരുന്നതായും നാട്ടിലെത്താനായതില് സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേർത്തു. പ്രവാസിയായ മുടിക്കോട് കച്ചക്കാരന് മുഹമ്മദിന്റെയും റസീനയുടെയും മകളാണ് ഫാദില.