ഇതെന്ത് മറിമായം?; ഐ.ആർ.സി.ടി.സിയിൽ ‘വെയിറ്റിങ് ലിസ്റ്റ്’, ആമസോണിൽ ‘അവൈലബിൾ’
text_fieldsതിരുവനന്തപുരം: ടിക്കറ്റ് റിസർവേഷനിൽ സ്വകാര്യ പ്ലാറ്റ്ഫോമുകൾക്കായി ഐ.ആർ.സി.ടി.സിയെ തഴഞ്ഞ് റെയിൽവേയുടെ വഴിവിട്ട നീക്കം. പൊതുമേഖല സംവിധാനമായി ഐ.ആർ.ടി.സി.ടി.സിയിൽ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലായിരിക്കെ, ‘ആമസോണി’ലും ‘മേക്ക് മൈ ട്രിപ്പി’ലുമടക്കം അതേ ട്രെയിനിലെ അതേ ക്ലാസിൽ കൺഫോം ടിക്കറ്റ് ലഭിക്കുന്നെന്നതാണ് കൗതുകം.
ടിക്കറ്റ് റിസർവേഷന് തങ്ങളുടെ പ്ലാറ്റ്ഫോം കൂടി ഉപയോഗപ്പെടുത്താമെന്നല്ലാതെ, സ്വകാര്യ ഏജൻസികൾക്ക് റിസർവേഷന് പ്രത്യേക ക്വോട്ടയൊന്നും വീതം വെച്ച് നൽകിയിട്ടില്ലെന്നാണ് റെയിൽവേയിൽ നിന്നുള്ള വിവരം. അങ്ങനെങ്കിൽ ഐ.ആർ.സി.ടി.സിയിൽ വെയിറ്റിങ് ലിസ്റ്റും കടന്ന് റെയിൽവേ ഭാഷയിൽ ‘റിഗ്രറ്റ്’ തെളിയിച്ച് അടച്ചുപൂട്ടിയ ക്ലാസിൽ, സ്വകാര്യ പ്ലാറ്റ്ഫോം വഴി എങ്ങനെ ടിക്കറ്റ് കിട്ടുന്നെന്നതാണ് ഉത്തരമില്ലാത്ത ചോദ്യം. ദീർഘദൂര റൂട്ടുകളിൽ മാത്രമല്ല, അന്തർസംസ്ഥാന യാത്രകളിലും ഈ കള്ളക്കളി പ്രകടമാണ്.
തിരുവനന്തപുരത്തുനിന്ന് ജൂലൈ 18ന് കോഴിക്കോട്ടേക്കുള്ള മലബാർ എക്സ്പ്രസിൽ സ്ലീപ്പർ കോച്ചിൽ വെയിറ്റിങ് ലിസ്റ്റ് 27 ആണ്. എന്നാൽ, ആമസോണിൽ ഇതേ ദിവസം ഇതേ ക്ലാസിൽ 201 ടിക്കറ്റുകൾ ‘അവൈലബിളാ’ണ്. സിസ്റ്റം അപ്ഡേറ്റ് ആകാത്തതുമൂലം പഴയ നിലയാണ് കാണിക്കുന്നതെന്ന് കരുതി ബുക്കിങ്ങിന് ശ്രമിച്ചയാൾക്ക് കൺഫോം ടിക്കറ്റ് ലഭിച്ചു. ഇതേ ട്രെയിനിൽ ഇതേ ദിവസം 130 തേർഡ് എ.സി സീറ്റുകൾ ആമസോണിൽ ലഭ്യമാണെങ്കിൽ ഐ.ആർ.ടി.സിയിൽ ഇത് ആർ.എ.സി 20 ആണ്.
ജൂലൈ 17 ന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള മാവേലിയിൽ സ്ലീപ്പറിന് ശ്രമിച്ചാൽ വെയിറ്റിങ് ലിസ്റ്റ് പോലും കിട്ടില്ല. എന്നാൽ, ഇതേ ക്ലാസിൽ ആമസോണിൽ 19 ടിക്കറ്റ് ലഭ്യമാണ്. ഇത്തരത്തിൽ മിക്ക ട്രെയിനുകളിലും ഐ.ആർ.സി.ടി.സിയെ അപേക്ഷിച്ച് സ്വകാര്യ പ്ലാറ്റ്ഫോമുകളിൽ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വസ്തുത. നിരക്കിലും വലിയ വ്യത്യാസമില്ല.
സാങ്കേതിക തകരാർ മൂലമോ മറ്റോ ഐ.ആർ.സി.ടി.സി പോർട്ടൽ തകരാറിലാകുന്ന ഘട്ടത്തിൽ ആമസോണും മേക്ക് മൈ ട്രിപ്പും പോലുള്ള തേർഡ് പാർട്ടി പോർട്ടലുകളെ ആശ്രയിക്കാനാണ് റെയിൽവേ ഔദ്യോഗികമായി അറിയിക്കുന്നത്. 2025 ജനുവരി 12ന് പോർട്ടൽ തകരാറിലായപ്പോഴും സമാനനിർദേശമുണ്ടായിരുന്നു. ‘സീറ്റ് ലോക്ക്’ എന്ന പേരിൽ ഇളവുകളടക്കം പ്രഖ്യാപിച്ചാണ് സ്വകാര്യ പ്ലാറ്റ്ഫോമുകൾ യാത്രക്കാരെ ആകർഷിക്കുന്നത്. ബുക്കിങ് ഘട്ടത്തിൽ നിരക്കിന്റെ 25 ശതമാനം മാത്രം നൽകി ടിക്കറ്റ് ഉറപ്പുവരുത്തുന്നതാണ് സീറ്റ് ലോക്ക്. ബാക്കി തുക യാത്ര തുടങ്ങുന്നതിന് 24 മണിക്കൂറിനുള്ളിൽ നൽകിയാൽ മതി.