അട്ടപ്പാടിയിൽ മല്ലിശ്ശേരിക്ക് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോ വ്യാജം?; അഗളി പൊലീസിന് പരാതി നൽകി
text_fieldsതൃശൂർ: അട്ടപ്പാടിയിലെ വില്ലേജുകളുടെയും പഞ്ചായത്തുകളുടെയും പേരിൽ വ്യാജരേഖകൾ ഉണ്ടാക്കുന്നുവെന്ന് പരാതി. അഗളി മേലെ ഊരിലെ മല്ലിശ്ശേരിയുടെ വീട് നിർമാണത്തിനെതിരെ അഗളി ഗ്രാമപഞ്ചായത്ത് 2023ൽ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ വിവരാവകാശ പ്രകാരം ഇതിെൻറ പകർപ്പ് ആവശ്യപ്പെട്ടപ്പോൾ ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും പഞ്ചായത്തിലെ ഫയലിൽ ഇല്ലെന്നാണ് മറുപടി നൽകിയത്. സ്റ്റോപ്പ് മെമ്മോ നൽകിയതിെൻറ പകർപ്പും പഞ്ചായത്തിന്റെ രേഖകളിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
അതിനാൽ സ്റ്റോപ്പ് മെമ്മോ വ്യാജമായി ഉണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാണിച്ച് മല്ലീശ്വരി അഗളി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിന് (എസ്.എം.എസ്) പരാതി നൽകി. പഞ്ചായത്തിെൻറ സീൽ പതിച്ച് വ്യാജ സ്റ്റോപ്പ് മെമ്മോ നോട്ടീസ് നൽകി വീട് നിർമാണം നിർത്തിവെപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും വ്യാജരേഖ ഒപ്പിടിപ്പിച്ചതിനും ആദിവാസി ഭൂമിയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയതിനും വീട് നിർമാണം തടഞ്ഞതിനും പഞ്ചായത്ത് അംഗം അടക്കമുള്ളവർക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കണമെന്നാണ് മല്ലീശ്വരി പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ആദിവാസികൾക്ക് വീട് നിർമിക്കുന്നതിന് സാധാരണ ഊരും മൂപ്പന്റെ സാക്ഷ്യപത്രം മാത്രമാണ് ആവശ്യമുള്ളത്. മല്ലീശ്വരിക്ക് വീട് നിർമിക്കുന്നതിന് ആദിവാസി പുരനധിവാസി പുനരധിവാസ മിഷൻെറ ( ടി.ആർ.ഡി.എം) പദ്ധതിപ്രകാരം അട്ടപ്പാടി ഐ.ടി.ഡി.പിയാണ് ആദ്യ ഗഡുവായി 90,000 രൂപ അനുവദിച്ചത്. 2023 ജൂൺ 19ന് വീടിനുള്ള ഫൗണ്ടേഷൻ നിർമാണം പൂർത്തീകരിച്ചപ്പോഴാണ് അഗളി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് അംഗമായ മഹേശ്വരിയും മുൻ അംഗം പരമേശ്വരും അടക്കമുള്ളവർ പഞ്ചായത്തിെൻറ ജീപ്പിലെത്തി നോട്ടീസ് നൽകിയത്. അത് ഗ്രാമപഞ്ചായത്തിെൻറ സ്റ്റോപ്പ് മെമ്മോ ആയിരുന്നു.
മല്ലീശ്വരിയുടെ മുത്തച്ഛൻ പൊത്തയുടെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട സംഭവം പുറത്തുകൊണ്ടുവന്നത് മാധ്യമം ഓൺലൈൻ ആണ്. പൊത്തക്ക് അഗളിയിൽ ഭൂമിയില്ല എന്നാണ് ആദ്യം നടന്ന അന്വേഷണത്തിൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത്. റവന്യൂ രേഖകളിൽ പൊത്തയുടെ ഭൂമി അടയാളപ്പെടുത്തിയത് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥർ ആദ്യം അംഗീകരിക്കാൻ തയ്യാറായില്ല.
ഒടുവിൽ ഹൈകോടതിയെ സമീപിച്ചാണ് മല്ലിശ്ശേരി മുത്തച്ഛൻ പൊത്തയുടെ ഭൂമി അളക്കുന്നതിന് ഉത്തരവ് നേടിയത്. കോടതി ഉത്തരവ് പ്രകാരം ഒറ്റപ്പാലം മുൻ സബ്കലക്ടർ മിഥുൻ പ്രേംരാജ് പൊലീസ് സംരക്ഷണത്തിൽ പൊത്തുയുടെ ഭൂമി അളക്കണമെന്ന് തഹസിൽദാർക്ക് നിർദേശം നൽകി. അതോടെ മല്ലിശ്വരിക്കെതിരെ റിപ്പോർട്ടു നൽകിയ ഉദ്യോഗസ്ഥർ തന്നെ പൊലീസ് അകമ്പടിയോടെ പൊത്തയുടെ ഭൂമി അളക്കാൻ തയാറായി. പൊത്തയുടെ ഭൂമി പലരുടെ കൈവശമാണെന്ന് ഇതോടെ വ്യക്തമായി.
പൊത്തയുടെ ഭൂമിയുടെ കാര്യത്തിൽ റവന്യൂ വകുപ്പിെൻറ നടപടി തുടരുകയാണ്. ഇതിനിടയിലാണ് അഗളി ഗ്രാമപഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോ ഫയിൽ ലഭ്യമല്ലെന്ന് മല്ലീശ്വരിക്ക് മറുപടി ലഭിച്ചത്. ദേശീയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മയുടെ ഭൂമി കൈയേറുന്നതിനും അഗളി വ്ലേലജിലെ വ്യാജ നികുതി രസീതാണ് കോടതിയിൽ ഹാജരാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മുൻ വില്ലേജ് ഓഫിസർ ഉഷാകുമാരി ഇക്കാര്യം കോടതിയിൽ മൊഴി നൽകിയെന്ന് നിയമസഭയിൽ റവന്യൂമന്ത്രി മറുപടി നൽകി. സമാനമായൊരു വ്യജരേഖയാണോ അഗളി ഗ്രാമപഞ്ചായത്തിെൻറ സ്റ്റോപ്പ് മെമ്മോയെന്ന് ചോദ്യമാണ് മല്ലീശ്വരി ഉന്നയിക്കുന്നത്.


