മരിച്ചിട്ടും മരിക്കാതെ ഐസക്; നാടിന്റെ പ്രിയപ്പെട്ടവൻ മറഞ്ഞത് ആറു പേരുടെ ജീവന് തുണയായി
text_fieldsപത്തനാപുരം: നാടിനെയും നാട്ടുകാരെയും ഹൃദയത്തോട് ചേർത്ത് നിർത്തിയ ഐസക് ജോർജ് ഒടുവിൽ ആറുപേർക്ക് ജീവിതം നൽകി യാത്രയായി. പ്രിയപ്പെട്ടവൻ മരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഹൃദയവും കണ്ണും കരളും വൃക്കകളും പാൻക്രിയാസും പല മനുഷ്യരിലായി സ്പന്ദിച്ചുകൊണ്ടിരിക്കും. തലവൂർ വടകോട് ബഥേൽ ചരുവിള വീട്ടിൽ ഐസക്ക് ജോർജ്(33) കഴിഞ്ഞ ശനിയാഴ്ചയാണ് കൊട്ടാരക്കര കിഴക്കേതെരുവിൽ വാഹനമിടിച്ച് മരിച്ചത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഐസക് ജോർജ്ജിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൈകാലുകൾ ഒടിഞ്ഞ്, തലച്ചോറിന് ക്ഷതം സംഭവിച്ച് കഴിഞ്ഞ ആറ് ദിവസമായി മരണത്തോട് മല്ലടിക്കുകയായിരുന്നു ഐസക്. ഇന്നലെ ഉച്ചയോടെയാണ് ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് ബന്ധുക്കളുമായി ആലോചിച്ച് അവയവദാനത്തിന് തീരുമാനിക്കുകയായിരുന്നു.
ജീവതത്തിൽ കാൽപ്പാടുകൾ പതിപ്പിച്ചു പോകണമെന്നായിരുന്നു ഐസക്കിന്റെ ആഗ്രഹം. അതിനായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഫോട്ടോഗ്രാഫി ആയിരുന്നു ഇഷ്ടമേഖല. അച്ഛന്റെ മരണത്തിനു പിന്നാലെ ആരംഭിച്ച ജൈവ കൃഷിയും, ഉപകരണ സംഗീതവുമായി ബന്ധപ്പെട്ട് വീട്ടിൽ സജ്ജീകരിച്ച സ്റ്റുഡിയോയുമൊക്കെ ബന്ധുവായ ആൻസന്റെ ഓർമ്മകളിൽ കണ്ണീരായി. മജീഷ്യൻ മുതുകാടിന്റെ ഉൾപ്പെടെ ഒട്ടേറെ കലാ മേഖലകളിൽ പരസ്യവിഭാഗത്തിൽ പ്രാഗത്ഭ്യം തെളിയിച്ച ഐസക് ജോർജ് നാട്ടിലെ സാമൂഹിക വിഷയങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 28കാരന് നൽകാൻ തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിലാണ് ഹൃദയം കൊണ്ടുപോയത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, 2 നേത്രപടലങ്ങള്‍ തിരുവനന്തപുരം സര്‍ക്കാര്‍ റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കാണ് നല്‍കിയത്. ഹൃദയം എറണാകുളത്ത് എത്തിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റര്‍ ആണ് ഉപയോഗിച്ചത്. റോഡ് മാര്‍ഗമുള്ള ഗതാഗതവും പൊലീസ് ക്രമീകരിച്ചിരുന്നു. കെ സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.
ഭാര്യ: നാന്‍സി മറിയം സാം. മകള്‍: അമീലിയ നാന്‍സി ഐസക് (രണ്ടുവയസ്‍). പിതാവ്: പരേതനായ സി.വൈ. ജോര്‍ജ് കുട്ടി, മാതാവ്: മറിയാമ്മ ജോര്‍ജ്. സംസ്‌കാര ചടങ്ങുകള്‍ സെപ്റ്റംബര്‍ 13ന് ശനിയാഴ്ച ബഥേല്‍ ചരുവിള വീട്ടില്‍ നടക്കും.