തൂക്കുപാലം മാർക്കറ്റ് നിർമാണം പാതിവഴിയിൽ നിലച്ചിട്ട് രണ്ട് വർഷം
text_fieldsനെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിെൻറ സ്വപ്നപദ്ധതിയായ തൂക്കുപാലം മാർക്കറ്റ് നിർമാണം പാതിവഴിയിൽ മുടങ്ങിയിട്ട് വർഷങ്ങളായി. മധ്യകേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മാർക്കറ്റുകളിലൊന്നാണ് തൂക്കുപാലത്ത് പ്രവർത്തിച്ചിരുന്നത്. ഹൈടെക് മാർക്കറ്റ് നിർമാണത്തിനെന്ന പേരിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ നാട്ടിലെ ഈ നാട്ടുചന്ത ഇല്ലാതായ അവസ്ഥയിലാണ്. 2020 ഫെബ്രുവരി 20ന് കരുണാപുരം ഗ്രാമപഞ്ചായത്ത് ഹൈടെക് മാർക്കറ്റ് നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ മുടങ്ങി.
പരാതികളും പ്രതിഷേധവും ശക്തമായപ്പോൾ മുമ്പ് ഡീൻ കുര്യക്കോസ് എം.പി തറക്കല്ലിട്ട സ്ഥലത്ത് വീണ്ടും നിർമാണോദ്ഘാടനം നടത്തി. നാലുവർഷത്തിനുള്ളിൽ മാർക്കറ്റിെൻറ പേരിൽ രണ്ട് കോടി ഭരണ സമിതി ലാപ്സാക്കിയതായും ആരോപണം ഉയർന്നിരുന്നു. ഏഴ് കോടി മുതൽമുടക്കിൽ നാല് നിലയിലായി സമുച്ചയം നിർമിക്കാനായിരുന്നു പദ്ധതി.
മത്സ്യ മാംസ പച്ചക്കറി സ്റ്റാളുകൾക്കായി പ്രത്യേക സൗകര്യങ്ങളോടെ നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, രണ്ടു വർഷത്തിലധികമായി നിർമാണം പൂർണമായും നിലച്ചിരിക്കുകയാണ്. ഇതോടെ വ്യാപാരികളും പെരുവഴിയിലായി. ടൗണിെൻറ വിവിധ ഭാഗങ്ങളിലും വഴിയോരങ്ങളിലുമായാണ് ഞായറാഴ്ച വ്യാപാരികൾ വിപണനം നടത്തുന്നത്. വിലക്കുറവിൽ അവശ്യസാധനങ്ങൾ ലഭിച്ചിരുന്ന തൂക്കുപാലത്തേക്ക് ആളുകൾ എത്തുന്നതും കുറഞ്ഞു. മഴയും വെയിലുമേറ്റ് സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലെത്തുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം. സാധനങ്ങൾ വാങ്ങുന്നതിനോ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിനോ സൗകര്യമില്ല. മാർക്കറ്റ് ഇല്ലാതായതോടെ മറ്റ് ജില്ലക്കാരും തമിഴ്നാട്ടുകാരും വീടുകൾ കയറിയിറങ്ങി ഉൽപന്നങ്ങൾ വാങ്ങുന്നതിനാൽ കർഷകർക്ക് വ്യക്തമായ വില കിട്ടാതായി.
മൂന്ന് വർഷംകൊണ്ട് നാല് നിലകളിൽ മാർക്കറ്റ് സമുച്ചയം നിർമിക്കാനായിരുന്നു പദ്ധതി. ആദ്യ രണ്ട് നിലകളിലായി മത്സ്യ, മാംസ സ്റ്റാളുകളും പച്ചക്കറി വിൽപന ശാലകളുമുള്ള വാണിജ്യ സമുച്ചയം, 750 സീറ്റുകളോടെയുള്ള ഓഡിറ്റോറിയം, ഡൈനിങ് ഹാൾ, കിച്ചൺ തുടങ്ങിയ സൗകര്യം ഒരുക്കാനായിരുന്നു പദ്ധതി.
മാലിന്യസംസ്കരണ പ്ലാന്റും വിശാലമായ പാർക്കിങ് സംവിധാനവും ഒരുക്കും. 36000 ചതുരശ്രയടി വിസ്തൃതിയിലുള്ള സമുച്ചയ നിർമാണം പൂർത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമീണ മാർക്കറ്റായി തൂക്കുപാലം മാറുമെന്നായിരുന്നു പ്രഖ്യാപനം. സിഡ്കോക്കാണ് നിർമാണച്ചുമതല. കരുണാപുരം ഗ്രാമ പഞ്ചായത്തിെൻറയും ജില്ല പഞ്ചായത്തിന്റയും ആഭിമുഖ്യത്തിലായിരുന്നു നിർമാണം. ആദ്യഘട്ടത്തിൽ രണ്ട് കോടിയുടെ നിർമാണമായിരുന്നു ലക്ഷ്യം.
(തുടരും)


