വിഷൻ 2031 ഐ.ടി മേഖല കരട് റിപ്പോര്‍ട്ട് പുറത്തിറക്കി; ലക്ഷ്യം 50 ബില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ച
text_fieldsകൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ വിഷന്‍ 2031 പദ്ധതിയുടെ ഭാഗമായി ഇൻഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ്, സെമികണ്ടക്ടര്‍, നൂതന സാങ്കേതികവിദ്യ മേഖലകളിലെ വിഷന്‍ ഡോക്യുമെന്റിന്റെ കരട് പുറത്തിറക്കി.
ഐ.ടി വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച ‘റീകോഡ് കേരള 2025’ വികസന സെമിനാറിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കരട് രേഖ പുറത്തിറക്കിയത്. വ്യവസായമന്ത്രി പി. രാജീവ് ഏറ്റുവാങ്ങി.
2031ഓടെ സംസ്ഥാനത്തിന്റെ ഐ.ടി മേഖലയില്‍ 5000 കോടി യു.എസ് ഡോളറിന്റെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്.
20,000 കോടി സ്റ്റാര്‍ട്ടപ് നിക്ഷേപം, 20,000 സ്റ്റാര്‍ട്ടപ്പുകള്‍, 30 ദശലക്ഷം ചതുരശ്ര അടി പുതിയ ഐ.ടി ഓഫിസുകള്‍ തുടങ്ങിയ ലക്ഷ്യങ്ങളും കരട് രേഖ മുന്നോട്ടുവെക്കുന്നു.ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കേരള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷന് (കെ-എ.ഐ.എം), കേരള സെമികോണ്‍ മിഷന്, കേരള ഫ്യൂച്ചര്‍ ടെക് മിഷന് (കെ.എഫ്.ടി.എം), ദ ഫ്യൂചര്‍ കോര്പറേഷന് (ടി.എഫ്.സി) മിഷനുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപംനല്കിയിട്ടുണ്ട്.
ഇതിനുപുറമേ സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗം ശക്തിപ്പെടുത്തി സര്‍ക്കാര്‍ സോഫ്റ്റ് വെയര്‍ ചെലവ് 30 ശതമാനം കുറക്കുക, ഐ.സി.ടി അക്കാദമി വഴി 10 ലക്ഷം പേരെ എ.ഐ അടക്കം മേഖലകളില്‍ പരിശീലിപ്പിക്കുക, ടെക്നോസിറ്റി, ഇൻഫോപാര്‍ക്ക് ഫേസ്-3, സൈബര്‍ പാര്‍ക്കിന്റെ വിപുലീകരണം, കെ-സ്പേസ് എയ്റോസ്പേസ് ക്ലസ്റ്റര്‍ തുടങ്ങിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ രേഖയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്ത്രീ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ഗ്രാമീണ മേഖലകളിലേക്ക് ഐ.ടി അധിഷ്ഠിത വ്യവസായങ്ങള്‍ വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 50 ലീപ് സെന്ററുകള്‍, 250 ഏര്‍ലി ഇന്നവേഷന്‍ സെന്ററുകള്‍, 14 ജില്ലകളിലും ഫ്രീഡം സ്ക്വയറുകള്‍ തുടങ്ങിയ നിര്‍ദേശങ്ങളും രേഖയിലുണ്ട്.


