ജയമ്മയുടെ പ്രിയപ്പെട്ട ദാസേട്ടൻ
text_fieldsയേശുദാസിനോടൊപ്പം സഹോദരി ജയ ആന്റണി
ദാസേട്ടന്റെ പാട്ട് കേൾക്കുമ്പോൾ വല്ലാതെ ഇമോഷനലാകും അമ്മച്ചി. മകന്റെ മടിയിൽ കിടന്നു മരിക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് കൂടെക്കൂടെ പറയുമായിരുന്നു -സഹോദരി ജയ ആന്റണി
‘ജ്യേഷ്ഠന്റെ പാട്ടുകളിൽനിന്ന് ഏറ്റവും പ്രിയപ്പെട്ടത് തിരഞ്ഞെടുക്കാമോ?’യേശുദാസിന്റെ ഒരേയൊരു പെങ്ങൾ ജയമ്മയോടാണ് ചോദ്യം. പതിനായിരക്കണക്കിന് പാട്ടുകൾ മനസ്സിൽ അലയലയായി ഒഴുകിയെത്തുമ്പോൾ എങ്ങനെ ഒരൊറ്റ പാട്ട് മാത്രം തിരഞ്ഞെടുക്കും?’-- ചിരിയോടെ ജയമ്മയുടെ മറുചോദ്യം. ‘എങ്കിലും പെട്ടെന്ന് ഓർമവന്ന ഒരു പാട്ട് പറയാം- നദിയിലെ ‘കായാമ്പൂ കണ്ണിൽ വിടരും...’ഒരിക്കലുമൊരിക്കലും കേട്ട് കൊതിതീരാത്ത പാട്ട്. പുതിയൊരു പാട്ട് കേൾക്കുന്ന അനുഭൂതിയോടെയാണ് ഇന്നും ആ ഗാനം ഞാൻ കേൾക്കാറ്. മറക്കാനാകാത്ത ഒരു കാലത്തിന്റെ ഓർമ കൂടിയാണ് എനിക്കാ പാട്ട് ..’- അനിയത്തിയുടെ കണ്ണുകൾ അറിയാതെ നിറയുന്നുവോ?
ജ്യേഷ്ഠന്റെ പാട്ടുകൾ കേട്ട് വളർന്ന കാലം ഇന്നുമുണ്ട് ജയമ്മയുടെ ഓർമയിൽ. ‘ഭാര്യ’യിലെ ‘പഞ്ചാരപ്പാലുമിഠായി’എന്ന പാട്ടാണ് ആദ്യം കേട്ടതെന്നാണ് ഓർമ. അതേ ചിത്രത്തിലെ ദയാപരനായ കർത്താവേ എന്ന പാട്ട് കേട്ട് അമ്മച്ചി കണ്ണ് തുടക്കുന്നത് എനിക്കോർമയുണ്ട്. അന്ന് ഞങ്ങളുടെ വീട്ടിൽ റേഡിയോ ഇല്ല. അയൽപക്കത്തെ റേഡിയോയിൽനിന്ന് ആ പാട്ടുകൾ കേൾക്കാൻ കാതോർത്തിരിക്കുമായിരുന്നു ഞങ്ങളെല്ലാം. ദാസേട്ടന്റെ പാട്ട് കേൾക്കുമ്പോൾ വല്ലാതെ ഇമോഷനലാകും അമ്മച്ചി. മകന്റെ മടിയിൽ കിടന്നു മരിക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് കൂടെക്കൂടെ പറയുമായിരുന്നു.’1984ലാണ് അമ്മ എലിസബത്ത് ഓർമയായത്.
യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ്
പ്രതിഭാശാലിയായ പാട്ടുകാരിയാണെങ്കിലും എന്നും പ്രശസ്തനായ ജ്യേഷ്ഠന്റെ നിഴലിൽ ഒതുങ്ങിനിൽക്കാനേ ആഗ്രഹിച്ചിട്ടുള്ളൂ ജയമ്മ എന്ന ജയ ആന്റണി. ‘ഇനിയൊരു ജന്മമുണ്ടെങ്കിൽ ദാസേട്ടന്റെ കൊച്ചുപെങ്ങളായിത്തന്നെ ജനിക്കണം എന്നാണ് എന്റെ മോഹം.’-ജയമ്മ പറയുന്നു. ‘ദൈവം എനിക്ക് കനിഞ്ഞുനൽകിയ ഭാഗ്യമാണ് ഈ ജന്മം. എന്നും ഞാൻ അതിന് നന്ദി പറയാറുണ്ട് ജഗദീശ്വരനോട്. ദാസേട്ടന്റെ തണലിൽ വളരാൻ കഴിഞ്ഞത് എന്റെ മാത്രമല്ല ഞങ്ങൾ കൂടപ്പിറപ്പുകളുടെ എല്ലാം സുകൃതം..’ജയമ്മ വികാരാധീനയാകുന്നു. സംഗീതേതിഹാസമായ സഹോദരന്റെ ശതാഭിഷേക വേളയിൽ ഒപ്പമുണ്ടാകാൻ കഴിയില്ലല്ലോ എന്നൊരു ദുഃഖം മാത്രം ബാക്കി.
വിഖ്യാത ഗായകനും നടനുമായ അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെ അഞ്ചു മക്കളിൽ നാലാമത്തെയാളാണ് ജയമ്മ -യേശുദാസിനും ആന്റണിക്കും മണിക്കും അനിയത്തി. ജസ്റ്റിന് ചേച്ചി. ‘സത്യത്തിൽ ഞങ്ങൾ ഏഴുപേരുണ്ടായിരുന്നു കൂടപ്പിറപ്പുകളായി. ഏറ്റവും മൂത്തയാളായ പുഷ്പം രണ്ടര വയസ്സിലും നാലാമത്തെയാളായ ബാബു ഒന്നര വയസ്സിലും വേർപിരിഞ്ഞു. അപസ്മാരം മൂർച്ഛിച്ചാണത്രെ പുഷ്പം മരിച്ചത്.’- ജയമ്മ. യേശുദാസിന്റെ സഹോദരങ്ങളിൽ ജയമ്മക്കു പുറമെ മണിയും ജസ്റ്റിനും നന്നായി പാടിയിരുന്നു. മണിക്ക് പാശ്ചാത്യ സംഗീതത്തിലാണ് കമ്പം.
‘കൊച്ചിയിലെ ഒരു വെസ്റ്റേൺ ബാൻഡിൽ അംഗമായിരുന്നു ചേട്ടൻ. എന്നാൽ ദാസേട്ടനുമായി കൂടുതൽ സാമ്യമുള്ള ശബ്ദം ജസ്റ്റിന്റേതാണ് എന്ന് തോന്നിയിട്ടുണ്ട്. ഗാനമേളവേദികളിലായിരുന്നു ജസ്റ്റിന് തിരക്ക്. ഒരിക്കൽ ഞങ്ങൾ മൂന്നു പേരും ദാസേട്ടന്റെ അമേരിക്കൻ പര്യടനത്തിൽ പങ്കെടുത്തത് മറക്കാനാവില്ല. സംഗീതമയമായിരുന്നു ആ കാലം. പിന്നെയെപ്പോഴോ ഞങ്ങളെല്ലാം സംഗീതത്തിൽ നിന്നകന്നു. ജീവിതത്തിന്റെ ഗതി മാറുമ്പോൾ നമ്മളും മാറിയല്ലേ പറ്റൂ.’- ജയമ്മയുടെ ശബ്ദത്തിൽ നേർത്തൊരു നൊമ്പരമുണ്ടോ?
1973ലെ അമേരിക്കൻ പര്യടനത്തോടെ ഗാനമേളവേദിയോട് വിടവാങ്ങിയ ജയമ്മ 75ൽ വിവാഹിതയായി. വരൻ ബിസിനസുകാരനായ എൻജിനീയർ ആന്റണി. രണ്ടു വർഷം മുമ്പാണ് ആന്റണി ഓർമയായത്. മൂന്ന് പെൺമക്കളാണ് ആന്റണി- ജയ ദമ്പതികൾക്ക്: ഗീതു, നീതു, രേഷ്മ. മൂന്ന് പേരും നന്നായി പാടും.
പ്രശസ്തനായ ജ്യേഷ്ഠന്റെ വ്യക്തിപ്രഭാവവും സ്വാധീനവും ഉപയോഗിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ കൂടുതൽ അവസരങ്ങൾ നേടാനാകുമായിരുന്നില്ലേ എന്ന ചോദ്യത്തിന് നിസ്സംഗമായ ഒരു ചിരിയാണ് ജയമ്മയുടെ മറുപടി. ‘അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല. ദാസേട്ടൻ വെറുമൊരു ജ്യേഷ്ഠസഹോദരനോ ഗായകനോ മാത്രമല്ല ഞങ്ങൾക്ക്; കാണപ്പെട്ട ദൈവം കൂടിയാണ്. ലോകത്ത് ഒരു സഹോദരനും സ്വന്തം കൂടപ്പിറപ്പുകളെ ഇത്രയേറെ സ്നേഹിച്ചിട്ടുണ്ടാവില്ല. അപ്പച്ചൻ മരിക്കുമ്പോൾ എനിക്ക് 12 വയസ്സാണ്; ജസ്റ്റിന് ഒമ്പതും.
പിന്നീടങ്ങോട്ട് ഞങ്ങൾ നാല് സഹോദരങ്ങളുടെയും അമ്മച്ചിയുടെയുമെല്ലാം സംരക്ഷണം സ്വന്തം ചുമലിൽ ഏറ്റെടുക്കുകയായിരുന്നു ദാസേട്ടൻ. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ അദ്ദേഹം ഞങ്ങൾക്ക് താങ്ങും തണലുമായി. ജസ്റ്റിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ഇന്നും നോക്കിനടത്തുന്നത് ദാസേട്ടനാണ്. ഞങ്ങൾ ഓരോരുത്തരെയും കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു ദാസേട്ടന്. ആ പ്രതീക്ഷക്കൊത്ത് ഞങ്ങൾക്ക് ഉയരാൻ കഴിഞ്ഞോ എന്നതിലേയുള്ളൂ സംശയം.’- ജയമ്മ.
ജയമ്മയുടെ ശൈശവ സ്മരണകളിൽ അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെ സുദീപ്തമായ മുഖമുണ്ട്. ‘ദാസേട്ടൻ തൃപ്പൂണിത്തുറയിൽ പഠിക്കുന്ന കാലത്ത് ചില ദിവസങ്ങളിൽ വളരെ വൈകിയാണ് വീട്ടിലെത്തുക. എത്ര വൈകിയാലും മകനെയും കാത്ത് ഉറക്കമിളച്ചിരിക്കുന്നുണ്ടാകും അപ്പച്ചൻ. വന്നാൽപ്പിന്നെ അച്ഛനും മകനും തമ്മിൽ സുദീർഘമായ സംഗീത ചർച്ചയാണ്.
ഓരോ കൃതികളായി ദാസേട്ടനെക്കൊണ്ട് അപ്പച്ചൻ പാടിക്കും. വേണ്ട നിർദേശങ്ങൾ നൽകും. ഇത്തരം ചർച്ചകൾ ചിലപ്പോൾ പാതിരാത്രിയും കടന്നുപോകാറുണ്ട്. ആ പാട്ടുകൾ കേട്ടുകിടന്നാണ് പലപ്പോഴും ഞാൻ ഉറക്കത്തിലേക്ക് വഴുതിവീഴുക. അന്നത്തെ ദാസേട്ടന്റെ ശബ്ദം ഇതാ ഇപ്പോഴുമുണ്ട് എന്റെ കാതിൽ.’-ജയമ്മ പറയുന്നു.