തൃശൂരിൽ വിക്കറ്റെടുത്ത് ജോ ജോസഫ്
text_fieldsകാർഡിയോളജി സൊസൈറ്റി സമ്മേളനത്തിന്‍റെ ഭാഗമായി തൃശൂരിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ പന്തെറിയുന്ന ഡോ. ജോ ജോസഫ്
തൃശൂർ: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ. ജോസഫ് തൃശൂരിൽ ക്രിക്കറ്റ് മത്സരത്തിനെത്തി. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ വാർഷിക സമ്മേളനത്തിന്‍റെ ഭാഗമായാണ് തൃശൂർ വിയ്യൂരിലെ ടർഫ് ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.
ശനിയാഴ്ച രാത്രിതന്നെ തൃശൂരിലെത്തിയ അദ്ദേഹം രാവിലെ 6.30ന് തുടങ്ങിയ മത്സരത്തിൽ മലബാർ ടസ്കേഴ്സിന് വേണ്ടിയാണ് ജഴ്സിയണിഞ്ഞത്. ട്രാവൻകൂർ ടൈഗേഴ്സായിരുന്നു എതിരാളി. ഒരോവർ പന്തെറിഞ്ഞ് ഒരു വിക്കറ്റ് എടുക്കുകയും ചെയ്തു. മീഡിയം പേസറായ താൻ സ്കൂൾ, കോളജ് പഠനകാലത്ത് മത്സരിച്ചിരുന്നതായി ജോ പറഞ്ഞു. മത്സരത്തിൽ ജോ അംഗമായ മലബാർ ടസ്കേഴ്സ് വിജയിച്ചു.
തൃക്കാക്കരയിൽ 'കൊല' റെയിലിനെതിരായ പോരാട്ടം -ചെന്നിത്തല
ന്യൂഡൽഹി: തൃക്കാക്കരയിൽ 'കൊല' റെയിലിനെതിരായ പോരാട്ടമാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി സർക്കാറിന്‍റെ ഒരുവർഷത്തെ പരാജയങ്ങളാണ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഉയർത്തിപ്പിടിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ജനങ്ങൾക്കുവേണ്ടി ഒന്നുംചെയ്യാത്ത സർക്കാറാണിത്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. വികസനത്തിന് വോട്ടുചെയ്യണമെന്ന് കെ.വി. തോമസ് പറയുന്നതിനോട് പ്രതികരിക്കാനില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് വർഗീയവത്കരിക്കാൻ സി.പി.എം ശ്രമിച്ചു.
ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയതിനു പിന്നിലെ കാര്യങ്ങൾ എല്ലാവർക്കും ബോധ്യപ്പെടുന്നതാണ്. ജോ ജോസഫ് സഭ സ്ഥാനാർഥിയാണെന്നു വരുത്തിത്തീർക്കാനാണ് സി.പി.എം ശ്രമിച്ചത്. ഡോക്ടറെ പരീക്ഷിക്കുന്നതിൽ പുതുമയില്ല. അത് കഴിഞ്ഞ തവണയും നടന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.