സി.എഫിന് കൊടുത്ത എം.എല്‍.എ സ്ഥാനം തിരികെപ്പിടിച്ച് എല്‍.ഡി.എഫ്
text_fieldsചങ്ങനാശ്ശേരിയില്‍ വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോബ് മൈക്കിള്‍ ഭാര്യ ജിജി, സഹോദരി മോളി പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം സന്തോഷം പങ്കുവെക്കുന്നു
ചങ്ങനാശ്ശേരി: ഇടതുപക്ഷത്തുനിന്ന് എം.എല്‍.എ പദവിയിലെത്തി പിന്നീട് നാല് പതിറ്റാണ്ടോളം യു.ഡി.എഫിനൊപ്പം നിന്ന സി.എഫ്. തോമസിെൻറ വേര്‍പാടിനുശേഷം ശിഷ്യന്മാരിലൊരാളായ അഡ്വ. ജോബ് മൈക്കിളിലൂടെ എം.എല്‍.എ സ്ഥാനം എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു.
1980ല്‍ എല്‍.ഡി.എഫിെൻറ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാർഥി സി.എഫ്. തോമസ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയായ കെ.ജെ. ചാക്കോയെ പരാജയപ്പെടുത്തിയാണ് ചങ്ങനാശ്ശേരി എം.എല്‍.എ ആയത്. 1982ല്‍ സ്വതന്ത്രനായി രംഗത്തിറങ്ങിയ കെ.ജെ. ചാക്കോയെ രണ്ടാമതും സി.എഫ്. തോമസ് പരാജയപ്പെടുത്തി.
1987ല്‍ വി.ആര്. ഭാസ്കരനും 91ല്‍ പ്രഫ. എം.ടി. ജോസഫും 96ല്‍ അഡ്വ. പി. രവീന്ദ്രനാഥും 2001ല്‍ പ്രഫ. ജയിംസ് മണിമലയും 2006ല്‍ എ.വി. റസലും 2011ല്‍ ഡോ. ബി. ഇക്ബാലും ആയിരുന്നു സി.എഫിെൻറ എതിരാളികള്‍.
ചങ്ങനാശ്ശേരിയുടെ ആദ്യകാല പാരമ്പര്യങ്ങളെ പാടേ മാറ്റി എഴുതി 1980 മുതല്‍ 2016 വരെ ചങ്ങനാശ്ശേരി സി.എഫിനൊപ്പം നിന്നു. നാല് പതിറ്റാണ്ടിെൻറ കാലത്തെ നിയമസഭ പ്രവേശനത്തില്‍ സി.എഫ്. തോമസിനു ഏറ്റവും കുറവു ഭൂരിപക്ഷം ലഭിച്ചത് 2016 ആയിരുന്നു.
2001ല്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം 13041 ലഭിച്ചപ്പോള്‍ 2016 അത് 1849 ആയി കുറയുകയായിരുന്നു.
സി.എഫിെൻറ രാഷ്ട്രീയ ശിഷ്യന്മാരില് ജോബ് മൈക്കിള്‍ ഇടതു സ്ഥാനാർഥിയായും മറ്റൊരു ശിഷ്യനായ വി.ജെ. ലാലി യു.ഡി.എഫ് സ്ഥാനാർഥിയായും മത്സരരംഗത്തെത്തിയപ്പോള്‍ ചങ്ങനാശ്ശേരി ജോബിനൊപ്പം നിന്നു. 6000ത്തിലധികം വോട്ടിെൻറ ഭൂരിപക്ഷത്തോടെ ജോബ് തെരഞ്ഞെടുക്കപ്പെട്ടു.