സ്ത്രീപീഡകന് ജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകുന്നത് നിയമത്തെ പരിഹസിക്കലാണ്; വേടന് പുരസ്കാരം നൽകിയതിനെതിരെ ജോയ് മാത്യു
text_fieldsമഞ്ഞുമ്മൽ ബോയ്സിലെ 'വിയർപ്പു തുന്നിയിട്ട കുപ്പായം' എന്ന ഗാനത്തിന് വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നൽകിയതിനെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു. നിയമത്തിന്റെ കണ്ണിൽ സ്ത്രീപീഡകനായ വ്യക്തിയെ അവാർഡ് നൽകി ആദരിക്കുക വഴി നിയമത്തെ പരിഹസിക്കുകയല്ലേ എന്നായിരുന്നു ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വേടന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.
ഒരാള്‍ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ, നിയമത്തിന്റെ കണ്ണില്‍ അയാള്‍ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്. അവാര്‍ഡ് നല്‍കേണ്ടയാള്‍ സ്ത്രീ ശാക്തീകരണം എന്നും അബലകള്‍ക്ക് ആശ്രയമാണ് എന്നും നാഴികക്ക് നാൽപത് വട്ടം പറയുന്ന നമ്മുടെ മുഖ്യമന്ത്രിയും.അപ്പോള്‍ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാല്‍ അര്‍ഹതയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുകയും വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹിക വിരുദ്ധതയ്ക്കുള്ള ഒരു സ്പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക. അപ്പോള്‍ പിന്നെ അവാര്‍ഡ് ജേതാവ് ആ വഴിക്ക് വരില്ല. ജൂറിക്കും സര്‍ക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം. ഗുണപാഠം: ഇങ്ങനെയുള്ളവര്‍ ഭാവിയില്‍ സ്ത്രീ പീഡന പ്രക്രിയ ഉപേക്ഷിച്ച് നല്ല കുട്ടികളായി മാറും. എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.
'യുവതലമുറയുടെ ജീവിതവും അഭിലാഷങ്ങളും സ്വപ്‌നവുമാണ് വേടന്റെ വാക്കുകളില്‍ മുഴുങ്ങുന്നത്. സ്ഥിരം കാൽപനിക ഗാനങ്ങളിലെ ബിംബങ്ങളില്‍നിന്ന് വ്യത്യസ്തമായി ആ എഴുത്തിലെ അതിജീവനത്തിനുള്ള ത്വര ജൂറിക്ക് കാണാതിരിക്കാനായില്ല. ഉത്തരവാദിത്വം നിറഞ്ഞ എഴുത്ത്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ചേര്‍ന്ന ഗാനം. വേടന്റേത് റാപ് സംഗീതമാണ്'- എന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് പറഞ്ഞത്.
കലാകാരൻ ഉയർത്തുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്നായിരുന്നു വേടന്റെ പ്രതികരണം. എടുക്കുന്ന പണി നടക്കുന്ന എന്നതിനുള്ള ഉദാഹരണം. ഇനിയും ജീവിതം പഴയതുപോലെ തന്നെയാകും. പാട്ടുകാരനേക്കാൾ ഗാനരചയിതാവ് എന്ന പേരിൽ അംഗീകരിക്കപ്പെട്ടതിൽ സന്തോഷം-വേടൻ കൂട്ടിച്ചേർത്തു.


