നന്ദി, നമസ്കാരം, ജുബ്ബ യാത്ര പറയുന്നു...
text_fieldsരാഷ്ട്രീയത്തിൽ തിളങ്ങുന്ന താരമായിരുന്നു. നീളൻ കൈകളും വെട്ടിയ കഴുത്തും നീണ്ട പോക്കറ്റുകളുമായി ആശാൻ വിലസിയ നാളുകൾ ചില്ലറയൊന്നുമല്ല. ആ നീളൻ കൈകൾ വായുവിൽ ഇളകുമ്പോൾ കേരള രാഷ്ട്രീയവും അതിനനുസരിച്ച് ഇളകിമറിഞ്ഞു. കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തിനൊപ്പം തുന്നിച്ചേർത്ത വേഷമാണ് ജുബ്ബ.
പട്ടം താണുപിള്ളയും ആർ. ശങ്കറും പി.ടി. ചാക്കോയും മുതൽ കെ. കരുണാകരനും വി.എസ്. അച്യുതാനന്ദനും കെ.എം. മാണിയും കെ. ശങ്കരനാരായണനും വരെയുള്ള രാഷ്ട്രീയനേതാക്കളും സുകുമാർ അഴീക്കോടും അടൂർ ഗോപാലകൃഷ്ണനും പോലെയുള്ള സാംസ്കാരിക നായകരും ആ കുപ്പായ കുടുക്കിൽ കയറിയാണ് മലയാളിയുടെ മനസ്സിൽ ഇടംനേടിയത് (അഴീക്കോടിേൻറതും അടൂരിേൻറതും കോളർ ഉള്ളതാണ്). അവസാനം, വി.എസും ശങ്കരനാരായണനും സജീവ രാഷ്ട്രീയത്തിൽനിന്നും പിൻവാങ്ങിയതോടെ ജുബ്ബ എന്ന നീളൻകുപ്പായത്തെ രാഷ്ട്രീയത്തോട് തുന്നിച്ചേർത്തിരുന്ന അവസാന കെട്ടും പൊട്ടിത്തീരുകയാണ്.
പേരിനൊപ്പം ജുബ്ബ എന്ന രണ്ടക്ഷരം കൂടെ ചേർന്ന് അറിയപ്പെട്ട സ്വാതന്ത്ര്യസമര സേനാനിയാണ് തിരുവിതാംകൂറിലെ തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ചത്. രാമകൃഷ്ണപിള്ള എന്ന അദ്ദേഹത്തിെൻറ പേരിന് മുന്നിൽ ജുബ്ബ എന്ന ഈ വസ്ത്രവും ഇടംപിടിച്ചിരുന്നു.
കഴിഞ്ഞവർഷം അന്തരിച്ച ചവറ എം.എൽ.എ എൻ. വിജയൻ പിള്ളയായിരുന്നു ജുബ്ബാക്കാരിലെ അവസാന കണ്ണികളിലൊരാൾ. കണ്ടാൽ ലുക്കില്ലെങ്കിലും ഇട്ടാലൊരു ലുക്ക് ഉണ്ടാകുന്നതാണ് ജുബ്ബ. അതിനാൽ, രാഷ്ട്രീയത്തിൽ ഇടംപോയെങ്കിലും ഇപ്പോഴിത് ഒരു കല്യാണവേഷമായി മാറിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ കളർഫുൾ ജുബ്ബയിൽ നിറഞ്ഞാടിയത് ഡോ. തോമസ് ഐസക്കാണ്. തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നതിനാൽ, കളർ ജുബ്ബ ധാരിയായ അദ്ദേഹത്തിന് കിഫ്ബിയിൽനിന്നോ മറ്റോ വായ്പയെടുത്ത് ജനകീയാസൂത്രണവും ജുബ്ബയും എന്ന വിഷയത്തിൽ ഗവേഷണം നടത്താൻ സ്ഥാപനം നിർമിക്കാവുന്നതാണ്.
ഒരുകാലത്ത്, രാഷ്ട്രീയത്തിലെ അടയാളവാക്യമായിരുന്ന വെള്ള ജുബ്ബയുടെ ശൂന്യത, ഇതിട്ട് രാഷ്ട്രീയകേരളത്തെ നിയന്ത്രിച്ചിരുന്നവർ ഒഴിഞ്ഞപ്പോൾ, സൃഷ്ടിച്ച ശൂന്യതക്ക് തുല്യവും.