കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണം -പി. മുജീബുറഹ്മാൻ
text_fieldsകോഴിക്കോട്: ഛത്തിസ്ഗഢിൽ അന്യായമായി കന്യാസ്ത്രീകളെ ആൾക്കൂട്ട വിചാരണക്കു ശേഷം അറസ്റ്റുചെയ്ത നടപടി വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂടത്തിന്റെ കൈയേറ്റമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു. അറസ്റ്റു ചെയ്യപ്പെട്ടവർക്ക് ഉടൻ നീതി ലഭ്യമാക്കണം. രാജ്യത്താകമാനം തുടരുന്ന ന്യൂനപക്ഷ വേട്ടയുടെ തുടർച്ചയാണ് ഛത്തിസ്ഗഢ് പൊലീസിന്റെ നടപടി.
സ്വന്തം മതാചാരങ്ങൾ അനുഷ്ഠിക്കാനുള്ള ഭരണഘടനാ അവകാശമാണ് നിരാകരിക്കപ്പെടുന്നത്. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മതന്യൂനപക്ഷങ്ങൾക്കെതിരെ നടപടിയെടുക്കുന്നതും പ്രചാരണം നടത്തുന്നതും ഇതാദ്യമല്ല. രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. കേന്ദ്ര, ഛത്തിസ്ഗഢ് സർക്കാറുകളുടെ ഫാഷിസ്റ്റ് നടപടിക്കെതിരെ എല്ലാവരും രംഗത്തുവരേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഢിലെ ദുർഗിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ഇവരെ തടഞ്ഞു വെച്ചത്. ബജ്റംഗ്ദൾ പ്രവർത്തകൻ നൽകിയ പരാതിയെത്തുടർന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് കന്യാസ്ത്രീകളായ പ്രീതി മെറി, വന്ദന ഫ്രാൻസിസ് എന്നിവരെയും സുകമാൻ മാണ്ഡവി എന്ന വ്യക്തിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.