കെ.സി വേണുഗോപാൽ എന്ന 'ഹൈകമാൻഡ്'
text_fieldsകെ.കരുണാകരനും എ.കെ ആന്‍റണിയുമടക്കം ഹൈകമാൻഡിന്‍റെ സ്നേഹഭാജനങ്ങളായിരുന്ന നേതാക്കൾ ഏറെയുണ്ടായിട്ടുണ്ട് കോൺഗ്രസിൽ. ആ അടുപ്പത്തിന്‍റെ ബലത്തിൽ നൂലിൽ കെട്ടിയിറങ്ങി അത്യുന്നതങ്ങളിലേക്കു ചുവട് വെച്ചവരും ഏറെ. എന്നാൽ, സ്വയം ഹൈകമാൻഡായി മാറിയവർ കെ.സി വേണുഗോപാലിനെ പോലെ ആരുമില്ല എന്നു തന്നെ പറയാം.
തുടർച്ചയായ 10 വർഷത്തെ കേന്ദ്ര ഭരണത്തിനു ശേഷം 2014 തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും കനത്ത തോൽവിയുമായി പ്രതിപക്ഷ നേതൃസ്ഥാനത്തിനു പോലും അർഹതയില്ലാതെ കോൺഗ്രസ് മെലിഞ്ഞുണങ്ങിനിന്ന കാലം. രാഹുൽ ഗാന്ധിയെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പിക്കാർ സഭയിൽ കടിച്ചുകുടയുമ്പോൾ കോൺഗ്രസ് നിരയിലെ തഴക്കവും പഴക്കവുമുള്ള ക്യാപ്റ്റൻ അമരീന്ദർ സിങ്ങും കമൽനാഥും വീരപ്പ മൊയ്ലിയുമൊക്കെ പലപ്പോഴും മൗനത്തിന്‍റെ പ്രതിരോധത്തിൽ ഒതുങ്ങിനിന്നപ്പോൾ പൊതിഞ്ഞുപിടിച്ചു സംരക്ഷിക്കാൻ വളരെ കുറച്ചു പേരേ ചാടി എണീറ്റിരുന്നുള്ളൂ.
അനർഗളമായ ഹിന്ദിയോ ഇംഗ്ലീഷോ വശമില്ലാതിരുന്നിട്ടും രാഹുലിനെ സംരക്ഷിക്കാൻ പൊരുതിനിന്നവരിൽ മുൻനിരയിലായിരുന്നു കെ.സിയുടെ സ്ഥാനം. കോൺഗ്രസിന്‍റെ സർവപ്രതാപിയായ സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി വേണുഗോപാലിന്‍റെ പട്ടാഭിഷേകം ഒരർഥത്തിൽ ഇതിന്‍റെ പ്രത്യുപകാരമായിരുന്നു. തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളിൽ ആക്രമണ മുന വർഷങ്ങളായി വേണുവിനു നേരെ തിരിയുമ്പോഴും ഹൈകമാന്‍ഡ് അദ്ദേഹത്തിനു പിന്നിൽ പാറപോലെ ഉറച്ചുനിൽക്കുകയാണ്; വിശ്വാസം അതല്ലേ എല്ലാം. ഹിന്ദി ഹൃദയ ഭൂമിയിലെ കരുത്തർക്കു മാത്രം സ്വന്തമായിരുന്ന ഈ കസേരയിൽ സർവപ്രതാപിയായി അമർന്നിരിക്കാൻ തുടങ്ങിയിട്ട് വർഷം ഏഴോടടുക്കുന്നു.
രാഷ്ട്രീയത്തോടൊപ്പം വോളിബാളും കളിച്ചായിരുന്നു കണ്ണൂരിന്‍റെ മണ്ണിൽ വളർച്ച. സ്കൂൾ പഠനകാലത്ത് മിടുക്കനായ വോളി താരമായിരുന്ന വേണുഗോപാൽ ജില്ല ജൂനിയർ വോളി ക്യാപ്റ്റനായിരുന്നു. അങ്കഗണിതയും ആൾജിബ്രയും ത്രികോണമിതിയുമൊക്കെ തലവേദനയാവുന്ന ഗണിതശാസ്ത്രത്തിലായിരുന്നു ബിരുദാനന്തര ബിരുദം.
കൃത്യമായ സ്മാഷും കണിശമായ ബ്ലോക്കു കളുമാണു വോളിബാളിൽ മികവിന്‍റെ ഘടകങ്ങളെങ്കിൽ സൂക്ഷ്മ ബോധവും കിറുകൃത്യതയുമാണ് ഗണിതശാസ്ത്ര പഠനത്തിനും അടിസ്ഥാനമായും വേണ്ടത്. സ്മാഷിങ്ങിലെയും ബ്ലോക്കിങ്ങിലെയും അതേ മികവാണ് കേരളത്തിലെ കോൺഗ്രസിന്‍റെ തലപ്പത്ത് എണ്ണേണ്ട വളരെ ചുരുങ്ങിയ പേരുകളിൽ ഒന്നായി കെ.സിയെ മാറ്റിയത്.
പയ്യന്നൂർ കോളജ് കെ.എസ്.യു പ്രസിഡന്‍റായി തുടങ്ങി സംസ്ഥാന പ്രസിഡന്‍റും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായി. മൂന്നു തവണ വീതം നിയമസഭയിലേക്കും ലോക്സഭയിലേക്കും ജയിപ്പിച്ചുവിട്ടത് ആലപ്പുഴ. ആ കരുത്തിൽ സംസ്ഥാന മന്ത്രിയും കേന്ദ്ര മന്ത്രിയുമായി. നിലവിൽ ലോക്സഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ.
ഇത്തവണയില്ലെങ്കിൽ പിന്നെയില്ല എന്ന ബോധ്യത്തിൽ ഭരണം പിടിക്കാൻ ജീവന്മരണ പോരാട്ടം നടത്തുമ്പോൾ സമാശ്വാസകന്‍റെ റോളിലാണ് പലയിടത്തും കെ.സി. സ്ഥാനാർഥിത്വം നഷ്ടപ്പെട്ട വേദന കടിച്ചടക്കി നിൽക്കുന്ന യുവ കോൺഗ്രസുകാരെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന അഖിലേന്ത്യ ജനറൽ സെക്രട്ടറിയാണ് കോൺഗ്രസുകാർക്കിടയിൽ ട്രെൻഡിങ്.
പുനലൂരിൽ മുസ്ലിം ലീഗിനെ വെല്ലുവിളിച്ചു മത്സരിക്കാനിറങ്ങിയ ഡി.സി.സി ജനറൽ സെക്രട്ടറി സഞ്ജയ് ഖാനെ ആശ്വസിപ്പിച്ചു പിൻമാറ്റുന്നതും ‘നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു’ എന്ന ആവേശം പകരുന്ന വാക്കുകളിലൂടെ സീറ്റ് കിട്ടാത്ത പത്തനംതിട്ട യൂത്ത് കോൺഗ്രസ് അധ്യക്ഷൻ വിജയ് ഇന്ദുചൂഢനെ ചേർത്തുനിർത്തുന്നതുമൊക്കെ കോൺഗ്രസുകാർക്ക് ആവേശക്കാഴ്ചയാണ്. സമാശ്വാസങ്ങളെല്ലാം വീഡിയോ എടുക്കാൻ പരുവത്തിലായിരുന്നു എന്നതു വേറെ കാര്യം.


