'ഒന്നും കക്കാൻ കിട്ടാത്തത് ശശീന്ദ്രന് മാത്രം, തടിയെല്ലാം അന്തപ്പൻ മുതലാളി വെട്ടിക്കൊണ്ടുപോയി' സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധൻ
text_fieldsതിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. എല്ലാ മന്ത്രിമാരും കക്കുകയാണ്. വലിയേട്ടൻ സ്വർണം കക്കുമ്പോൾ ചെറിയേട്ടനായ സി.പി.ഐ കിണ്ടി കക്കും. ഒന്നും കിട്ടാത്തത് ശശീന്ദ്രന് മാത്രമാണ്. അദ്ദേഹം വനം വകുപ്പാണ്. അവിടെയുള്ള മരം മുഴുവൻ അന്തപ്പൻ മുതലാളി വെട്ടിക്കൊണ്ടുപോയി. ഒടുവിൽ അയ്യപ്പന്റെ സ്വർണം വരെ കട്ടുവെന്നും മുരളീധരൻ പറഞ്ഞു.
കേരളം ഭരിക്കുന്നവർ കേരളത്തിൽ നിന്ന് പരമാവധി കക്കും. കേന്ദ്രം ഭരിക്കുന്നവർ ഇന്ത്യ മുഴുവൻ കക്കും. ഈ സാഹചര്യത്തിൽ ഒരു നഗരത്തിന്റെ സൗന്ദര്യം കിട്ടാനാണ് ശബരീനാഥന്റെ നേതൃത്വത്തിൽ കോൺഗ്രസ് തിരുവനന്തപുരം നഗരസഭയിൽ ശ്രമിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
കുടിവെള്ള ക്ഷാമം പരിഹരിക്കണം, റോഡുകൾ നന്നാക്കണം, തെരുവ് വിളക്കുകൾ കത്തണം അങ്ങനെ ഇന്ത്യയിലെ വൻകിട നഗരത്തോട് കിടപിടിക്കുന്ന നഗരമായി ശബരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ മാറ്റുമെന്നും മുരളീധരൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തിരുവനന്തപുരം കോർപറേഷനിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കിയിരുന്നു. മുൻ എം.എൽ.എയും ജി. കാർത്തികേയന്‍റെ മകനുമായ കെ.എസ്. ശബരീനാഥൻ ഉൾപ്പെടെ 48 വാർഡുകളിലേക്കുള്ള സ്ഥാനാർഥികളെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് കോൺഗ്രസ് പുറത്തിറക്കിയത്. കെ. മുരളീധരന്‍റെ നേതൃത്വത്തിലാണ് കോർപറേഷനിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കം നടത്തുന്നത്. ചിട്ടയായ പ്രവർത്തനവും വിമതനീക്കങ്ങൾ അടച്ചുള്ള തന്ത്രങ്ങളും ഒരുപരിധിവരെ പാർട്ടിക്ക് ഗുണം ചെയ്യുന്നെന്നാണ് വിലയിരുത്തൽ. മേയർ സ്ഥാനാർഥിയായാണ് ശബരീനാഥനെ കളത്തിലിറക്കിയത്. കോർപറേഷനിൽ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കണമെന്ന ദൗത്യമാണ് കെ.പി.സി.സി നേതാക്കൾക്ക് നൽകിയിരിക്കുന്നത്.
പ്രാദേശിക വിഷയങ്ങൾക്ക് ഊന്നൽ നൽകി ഭരണവിരുദ്ധ വികാരം വോട്ടാക്കാനുതകുന്ന തന്ത്രങ്ങളാണ് കോൺഗ്രസ് മെനയുന്നത്. അതിദരിദ്രരില്ലെന്ന സർക്കാർ അവകാശവാദങ്ങളെ പ്രാദേശിക ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യംചെയ്യാൻ കോൺഗ്രസ് തരുമാനിച്ചിട്ടുണ്ട്.
സി.പി.എമ്മും ബി.ജെ.പിയും പ്രമുഖരെ അണിനിരത്തി അധികാരം നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള ശ്രമത്തിലാണ്. ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ എസ്.പി. ദീപക്, മുൻ കൗൺസിലർമാരായ പി. ശ്രീകുമാർ, വഞ്ചിയൂർ ബാബു തുടങ്ങിയ മുൻനിര നേതാക്കളെ ഇറക്കി ഭരണം നിലനിർത്താനാണ് എൽ.ഡി.എഫ് നീക്കം. 30 സീറ്റുകളിൽ സ്ഥാനാർഥി പട്ടികയായെന്നാണ് ഇടതുമുന്നണി വൃത്തങ്ങൾ പറയുന്നത്.
കൗൺസിലർ തിരുമല അജിത്തിന്‍റെ മരണം വരുത്തിയ ആഘാതത്തിൽനിന്നാണ് ബി.ജെ.പി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. സംസ്ഥാന നേതൃത്വത്തോട് അതൃപ്തിയുള്ള പല നേതാക്കളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളോട് നിസ്സഹകരിക്കുന്ന പ്രവണതയുണ്ട്. ഭരണം പിടിക്കാനാകുമെന്ന ആത്മവിശ്വാസവുമായി മുന്നോട്ടുപോകവേയാണ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കി തിരുമല അജിത്ത് ജീവനൊടുക്കിയത്. ആത്മഹത്യക്കുറിപ്പ് പാർട്ടിക്ക് ആഘാതമായി. ഇത് മറികടക്കാൻ ശ്രമിക്കവേ പാർട്ടിയെ വീണ്ടും പ്രതിക്കൂട്ടിലാക്കി മുൻ വക്താവ് എം.എസ്. കുമാർ രംഗത്തുവന്നു. വായ്പവാങ്ങി മുങ്ങിയവർ ജനനേതാക്കളാകേണ്ടെന്നാണ് അദ്ദേഹം തുറന്നടിച്ചത്.


