പട്ടികയിൽ വെട്ടിലായി കെ-ഫോൺ: സൗജന്യ കണക്ഷന് വീണ്ടും അപേക്ഷിക്കണം
text_fieldsതിരുവനന്തപുരം: ബി.പി.എൽ വിഭാഗങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് കണക്ഷൻ നൽകാനുള്ള പദ്ധതി താളംതെറ്റിയതോടെ ഗുണഭോക്തൃപട്ടിക വീണ്ടും തയാറാക്കാനൊരുങ്ങി കെ-ഫോൺ. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച പട്ടിക അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വന്തം സംവിധാനമൊരുക്കി ഓൺലൈൻ അപേക്ഷ ക്ഷണിച്ചത്.
ഒരു നിയോജക മണ്ഡലത്തിൽ 100 പേരെന്ന കണക്കിൽ 140 നിയോജകമണ്ഡലങ്ങളിലുമായി 14000 സൗജന്യ കണക്ഷൻ നൽകുമെന്നായിരുന്നു ഉദ്ഘാടനത്തിലെ വാഗ്ദാനം. എന്നാൽ 2023 ജൂണിൽ തുടങ്ങിയ പദ്ധതി രണ്ടുവർഷം പിന്നിട്ടിട്ടും 7000 കണക്ഷൻ പോലും തികയാത്ത സാഹചര്യത്തിലാണ് വീണ്ടും ഗുണഭോക്തൃ പട്ടിക തയാറാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച പട്ടിക അപൂർണമാണെങ്കിൽ എന്തിന് രണ്ടു വർഷം കാത്തിരുന്നുവെന്ന ചോദ്യവുമുയരുന്നു.
സിവിൽ സപ്ലൈസ് വകുപ്പിന് മുൻഗണനക്കാരായ ബി.പി.എൽ വിഭാഗങ്ങളുടെ ഡിജിറ്റൽ ഡാറ്റയുണ്ട്. കെ-ഫോണിന് ബിസിനസ് സപ്പോർട്ട് സിസ്റ്റവുമുണ്ട് (ബി.എസ്.എസ്). ബി.എസ്.എസ് ഡാറ്റയെ സിവിൽ സപ്ലൈസ് ഡേറ്റുമായി ലിങ്ക് ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കുംവിധമാണ് പുതിയ ക്രമീകരണം. ഇതിൽ ആധാറും ഫോൺ നമ്പറും പിൻകോഡുമെല്ലാം പൂർണമായും നൽകാതെ നടപടികൾ പൂർത്തിയാവില്ല. ഇതുവഴി കൃത്യമായ ഡാറ്റ ലഭിക്കുമെന്നാണ് കെ-ഫോണിന്റെ പ്രതീക്ഷ.
സംസ്ഥാന വ്യാപകമായി 3500 ഓളം കേബിൾ ടി.വി ഓപറേറ്റർമാർ വഴിയാണ് വീടുകളിൽ കണക്ഷൻ നൽകുന്നതിന് ധാരണയായിട്ടുള്ളത്. ഇതിൽ 2884 പേർക്ക് കണക്ഷനുള്ള ലിങ്കും നൽകിയിട്ടുണ്ട്. ഈ ഓപറേറ്റർമാർ പ്രതിദിനം ഒരു സൗജന്യ കണക്ഷൻ നൽകിയാൽ തന്നെ ദിവസം 2884 കണക്ഷനുകളാവും. എന്നാൽ ഇതുപോലും നടക്കുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം താരിഫ് പ്രകാരമുള്ള വാണിജ്യ കണക്ഷനുകൾ ഒരു ലക്ഷത്തോടടുക്കുകയാണ്. മുൻഗണനകൾ മാറിയതാണ് സൗജന്യ കണക്ഷനുകൾ പാതിവഴിയിലാകാൻ കാരണമെന്നാണ് വിമർശനം.
സംസ്ഥാനത്ത് ആകെ സൗജന്യ കണക്ഷന് അർഹതപ്പെട്ടവരായി 20 ലക്ഷം കുടുംബങ്ങളുണ്ടെന്നാണ് സർക്കാറിന്റെ കണക്ക് കൂട്ടൽ. വീണ്ടും ഗുണഭോക്തൃപട്ടിക തയാറാക്കി കണക്ഷൻ ദൗത്യം എന്ന് പൂർത്തിയാക്കാൻ കഴിയുമെന്നതും ചോദ്യമായി ഉയരുന്നു. ഓൺലൈൻ ഗുണഭോക്തൃ പട്ടിക തയാറാക്കുമ്പോൾ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും കണക്ഷൻ നൽകുക. നിലവില്‍ കെ-ഫോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങൾക്കാണ് മുൻഗണന.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: സൗജന്യ കണക്ഷനായി https://selfcare.kfon.co.in/ewsenq.php ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടതെന്ന് കെ-ഫോൺ. ലിങ്കിൽ പ്രവേശിച്ച് അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിക്കണം. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കണക്ഷനുവേണ്ടി അപേക്ഷിക്കാന്‍ സാധിക്കുക. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നൽകേണ്ടത്. 9061604466 വാട്സ്ആപ് നമ്പറിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്സ്ആപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും കെ-ഫോൺ അറിയിച്ചു.