‘കൃഷ്ണദാസ് അങ്ങനെ പറയില്ല’, അവർ അഴിമതിക്കാരിയെന്ന് കെ സുരേന്ദ്രൻ; പിപി ദിവ്യയെ എടുക്കുന്നതിനെ ചൊല്ലി ബിജെപി നേതാക്കൾ നേർക്കുനേർ
text_fieldsതിരുവനന്തപുരം: സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയെ ബി.ജെ.പിയിൽ സ്വീകരിക്കില്ലെന്ന് പാർട്ടി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. ഇത്തരം ആളുകൾക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപിയെന്ന് വ്യക്തമാക്കിയ അദ്ദേഹം, ദിവ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസിനെ പൂർണമായും തള്ളി.
‘കൃഷ്ണദാസ് അങ്ങനെ പറയില്ല. പി.പി. ദിവ്യ ആരാണ്? അവർ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാൻ ഇത് വഴിയമ്പലമല്ല. അവരെ ബി.ജെ.പിയിൽ എടുക്കില്ല’ -സുരേന്ദ്രൻ വ്യക്തമാക്കി.
എ.ഡി.എം നവീൻ ബാബു മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ഏറ്റവുമധികം പരിശ്രമിച്ചതും പോരാടിയതും ബി.ജെ.പിയാണെന്നും അതിനാൽ ദിവ്യയെപ്പോലൊരാളെ പർട്ടിയിൽ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ദിവ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന രീതിയിൽ കൃഷ്ണദാസ് നടത്തിയ പ്രസ്താവന രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ദിവ്യ നിലപാട് വ്യക്തമാക്കട്ടെയെന്ന് പറഞ്ഞ കൃഷ്ണദാസ്, വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോയെന്നും അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഫണ്ടിൽ ക്രമക്കേട് കണ്ടെത്തിയെന്നും സുരേന്ദ്രൻ വെളിപ്പെടുത്തി. കൃത്യമായ ഓഡിറ്റ് നടക്കുന്നതുകൊണ്ടാണ് ഇത് കണ്ടെത്തുന്നതും നടപടി എടുക്കുന്നതും. ഇപ്പോൾ ചില ആൾക്കാർക്കെതിരെ നടപടിയെടുത്തു. മറ്റു പാർട്ടികളിൽ ഓഡിറ്റ് നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നവീൻ ബാബുവിന്റെ യാത്രയയപ്പു യോഗത്തിൽ, കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ ക്ഷണിക്കാതെയെത്തി നടത്തിയ അധിക്ഷേപ പരാമർശങ്ങൾ അദ്ദേഹത്തിന്റെ മരണത്തിലേക്കു നയിച്ചെന്നാണ് കേസ്. ഏകപ്രതിയായ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കുറ്റപത്രം നൽകിയിരുന്നു.


