Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ജീവിതത്തിൽ ആർക്കും...

‘ജീവിതത്തിൽ ആർക്കും ശല്യമാകാതെ ഇരിക്കുക’ എന്ന് രാവിലെ പോസ്റ്റിട്ടു, രാത്രി കൊലപാതകം; കണ്ണൂരിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്ന ശേഷവും പ്രതി ഫേസ്ബുക്കിൽ

text_fields
bookmark_border
‘ജീവിതത്തിൽ ആർക്കും ശല്യമാകാതെ ഇരിക്കുക’ എന്ന് രാവിലെ പോസ്റ്റിട്ടു, രാത്രി കൊലപാതകം; കണ്ണൂരിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്ന ശേഷവും പ്രതി ഫേസ്ബുക്കിൽ
cancel
camera_alt

പ്രതി സന്തോഷ്, ഫേസ്ബുക്കിൽ പങ്കുവെച്ച ​ചിത്രം

പയ്യന്നൂർ: കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ കൈതപ്രത്ത് വ്യാഴാഴ്ച ഗുഡ്സ് ഓട്ടോ ഡ്രൈവറെ വീട്ടിൽ വെടിവെച്ചു​കൊന്ന സംഭവം ഗ്രാമത്തെ നടുക്കുന്നതായിരുന്നു. മാതമംഗലം പുനിയങ്കോട് സ്വദേശിയും ബി.ജെ.പി പ്രാദേശിക നേതാവുമായ കെ.കെ. രാധാകൃഷ്ണനാണ് (51) ഇന്നലെ രാത്രി കൈതപ്രത്ത് തന്റെ നിർമാണത്തിലുള്ള വീട്ടിൽ കൊല്ലപ്പെട്ടത്. പെരുമ്പടവ് അടുക്കത്തെ എൻ.കെ.സന്തോഷാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ പരിയാരം പൊലീസ് അറസ്റ്റ്ചെയ്തു. കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള പഞ്ചായത്തിന്റെ ഷൂട്ടേഴ്സ് സംഘത്തിൽ അംഗമാണു സന്തോഷ്.

കൊലപാതകത്തിന് മുമ്പും ശേഷവും പ്രതി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പുകളിൽ ഇതുസംബന്ധിച്ച് മുന്നൊരുക്കം നടത്തുന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നു. ‘ചില തീരുമാനം ചിലപ്പോൾ മനസ്സിൽ ഉറപ്പിച്ചിട്ടായിരിക്കും.. നമ്മൾ അത് മനസിലാക്കാൻ വൈകി പോകും.. അവസാന ഘട്ടത്തിൽ പോലും മനസിലാകാതെ വന്നാൽ കൈ വിട്ടു പോകും. നമ്മുടെ നില നമ്മൾ തന്നെ മനസ്സിലാക്കണം. അത് മനസിലാക്കാതെ വന്നാൽ ചിലപ്പോൾ നമുക്ക് നമ്മളെ തന്നെ നഷ്ടം ആകും. ആരെയും ഒറ്റപ്പെടുത്താതിരിക്കുക. കൂടെ നിർത്തുക പറ്റുന്നിടത്തോളം... ചുരുങ്ങിയ ജീവിതത്തിൽ ആർക്കും ശല്യം ആകാതെ ഇരിക്കുക.. നമ്മുടെ സാന്നിധ്യം ശല്യം ആകുന്നവർക്ക് മുന്നിൽ പോകരുത് അവർ നമ്മളെ ഒരിക്കലും കാണരുത്’ എന്നായിരുന്നു ഇന്നലെ രാവിലെ 9.52ന് ഇട്ട കുറിപ്പ്.

കൊലപാതകം നടന്ന വീടിന് സമീപത്തുനിന്ന് കണ്ടെടുത്ത പാതി കാലിയായ മദ്യക്കുപ്പി, പ്രതി സന്തോഷ്

വൈകീട്ട് 4.23ന് തോക്കേന്തി നിൽക്കുന്ന ഫോട്ടോ സന്തോഷ് പോസ്റ്റ് ചെയ്തു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്നായിരുന്നു ഇതിന്റെ അടിക്കുറിപ്പ്. ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷേ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നായിരുന്നു രാത്രി 7.27ന് ഇട്ട പോസ്റ്റ്. ഇന്നലെ രാത്രി 7.10ന് കൊലപാതകം നടന്നു എന്നാണ് എഫ്.ഐ.ആറിലുള്ളത്. അങ്ങനെയെങ്കിൽ കൃത്യം നടത്തിയ ശേഷമാണ് ഇയാൾ ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്.

പ്രതി സന്തോഷിന്റെ ഫേസ്ബുക് കുറിപ്പ്

സന്തോഷ് നേരത്തെ കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ വീടുനിർമാണ പ്രവൃത്തിയിൽ പങ്കാളിയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയുമായി പ്രതിക്ക് സൗഹൃദം ഉണ്ടായിരുന്നു​വെന്നും ഇതേ​ച്ചൊല്ലിയുള്ള പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് കൈതപ്രത്ത് പുതുതായി നിർമിക്കുന്ന വീടിന്റെ പ്രവർത്തന പുരോഗതി വിലയിരുത്താൻ രാധാകൃഷ്ണൻ എത്തിയത്. ഇദ്ദേഹം അങ്ങോട്ട് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. വീടിന് സമീപം എത്തിയ ഉടനെയാണ് വെടിയുടെ ശബ്ദം കേട്ടതെന്ന് സമീപവാസികൾ പറയുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെയാണ് കണ്ടത്. ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കൊലപാതകം നടന്ന വീട്

മാതമംഗലം പുനിയങ്കോട്ടാണ് രാധാകൃഷ്ണൻ താമസിക്കുന്നത്. വാഹനങ്ങൾ എത്താൻ സൗകര്യം എന്ന നിലയിലാണ് കൈതപ്രം വായനശാലക്കു സമീപം പുതുതായി വീടുവെക്കാൻ തീരുമാനിച്ചത്. കൃത്യം നിർവഹിക്കുന്നതിന് ഏറെ മുമ്പുതന്നെ പ്രതിസ്ഥലത്തെത്തിയതായി പൊലീസ് കരുതുന്നു. ഇവിടെ വെച്ച് മദ്യപിച്ചതായും പറയുന്നു. പകുതിയൊഴിഞ്ഞ മദ്യ കുപ്പി ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൈതോക്കാണ് വെടിവെക്കാൻ ഉപയോഗിച്ചതെന്നാണ് കരുതുന്നത്.

വിവരമറിഞ്ഞ് പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ. വിനോദ്കുമാര്‍, പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കും.

Show Full Article
TAGS:Crime News kaithapram Murder Case kannur 
News Summary - kaithapram bjp leader murder case accused facebook post
Next Story