കലാഭവൻ മണിയുടെ 'പോറ്റുമ്മ' ഹൈറുന്നിസ വിടവാങ്ങി
text_fieldsചാലക്കുടി: കലഭാവൻ മണിയേയും സഹോദരനേയും കുട്ടിക്കാലത്ത് പെറ്റമ്മയെ പോലെ പോറ്റിയിരുന്ന ഉമ്മ വിടവാങ്ങി. ചാലക്കുടി ചേനത്തുനാട് പാളയം കോട്ടുക്കാരൻ പരേതനായ മുസ്തഫയുടെ ഭാര്യ ഹൈറുന്നിസയാണ്(89) കഴിഞ്ഞ ദിവസം നിര്യാതയായത്.
അയൽവാസിയായ ഇവർ കുട്ടിക്കാലത്ത് തങ്ങൾക്കെല്ലാം വയറുനിറയെ ആഹാരം തന്നു ചേർത്ത് പിടിച്ച സ്നേഹനിധിയായ ഉമ്മയാണെന്ന് കലാഭവൻ മണിയുടെ സഹോദരനും നടനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു.
"ഏഴു മക്കളുള്ള ഉമ്മക്ക് ഞങ്ങളും മക്കളെ പോലെയായിരുന്നു. കുട്ടിക്കാലത്ത് ഉമ്മയെ ചുറ്റിപറ്റിയായിരുന്നു ഞങ്ങളുടെ ജീവിതം. ഉമ്മയുടെ കൂടെ ചാലക്കുടി മാർക്കറ്റിലേക്ക് പോകുക, റേഷൻ കടയിലേക്ക് പോകുക , എല്ലാത്തിനും സഹായിയായി എപ്പോഴും ഞങ്ങളുടെ കുടുംബം ഉണ്ടാകും.
ഉമ്മയുടെ മകനായ അലി ചേട്ടൻ (സൈലബ്ദീൻ) വാങ്ങിയ മുസ്തഫ സൺസ് എന്ന ലാമ്പർട്ട ഓട്ടോ റിക്ഷയാണ് മണിച്ചേട്ടൻ ആദ്യമായി ഓടിച്ചത്. എവിടെ പോയാലും ഉമ്മയുടെ അടുത്ത് വിവരങ്ങൾ പറഞ്ഞിട്ടേ... പോകാറുള്ളൂ... തിരികെ വരുമ്പോഴും എല്ലാ വിശേഷങ്ങളും ചോദിച്ചറിയും. ഇനി ആ വിളിയില്ല... സ്നേഹാന്വേഷണവും ഇല്ല...ഇതോടെ ഞങ്ങളുടെ ഒരു കാലഘട്ടത്തിലെ കാരണവൻമാരുടെ കണ്ണികൾ ഇല്ലാതെയായി...." -രാമകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.


