സുപ്രീംകോടതി കൈയൊഴിഞ്ഞു, ഹൈകോടതി തന്നെ പരിഗണിക്കട്ടെ; പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഹരജി വീണ്ടും സിംഗിൾ ബെഞ്ചിലേക്ക്
text_fieldsന്യൂഡൽഹി: സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികൾ നല്‍കിയ ഹര്‍ജിയിൽ ഇടപെടാതെ സുപ്രീംകോടതി.
ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്.
ഹർജി എത്രയും പെട്ടെന്ന് തീർപ്പാക്കാൻ ഹൈകോടതി സിംഗിൾ ബെഞ്ചിനോട് നിർദേശിച്ച സുപ്രീം കോടതി, തീരുമാനം അവർക്ക് അനുകൂലമെങ്കിൽ പ്രത്യേക പരീക്ഷ നടത്താനും നിർദേശിച്ചു.
ഉത്തരവ് അനുകൂലമെങ്കിൽ സർവകലാശാല നടപടി വിദ്യാർഥികളുടെ താൽപര്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജഡ്ജിമാരായ പി.എം. നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
അന്വേഷണ റിപ്പോർട്ട് പോലുമില്ലാതെയാണ് വിദ്യാർഥികളെ 64 ദിവസം സസ്പെൻഷനിൽ നിർത്തിയതെന്നു വിദ്യാർഥികളുടെ അഭിഭാഷകൻ പി.വി. ദിനേശും കെ.ആർ. സുഭാഷ് ചന്ദ്രനും വാദിച്ചു.
സസ്‌പെൻഷൻ തന്നെ ഒരു ശിക്ഷയാണ്. അടുത്ത ദിവസം വിദ്യാർഥികൾ ഇതിനെതിരെ നിയമനടപടി സ്വീകരിച്ചു. എന്നാൽ സർവകലാശാലക്ക് സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ലഭിക്കാൻ മൂന്ന് ദിവസമെടുത്തു. പരീക്ഷ പ്രഖ്യാപിച്ചപ്പോൾ വിദ്യാർഥികൾ അപേക്ഷ നൽകിയതാണ്.
എന്നാൽ സർവകലാശാല വിഷയം വൈകിപ്പിച്ചു. പ്രതികൾ കോടതിയെ സമീപിച്ചതിന് ശേഷമാണ് വിവിധ കോഴ്‌സുകളിലെ ഒന്നാം വർഷ പരീക്ഷകൾ പ്രഖ്യാപിച്ചത്. അതിൽ ചിലർ മാസ്റ്റേഴ്‌സ് വിദ്യാർഥികളാണ്. അവർക്ക് ഈ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത സെപ്റ്റംബറിൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കുവെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, സർവകലാശാലയുടെ അച്ചടക്ക നടപടികളും പരിഗണിക്കപ്പെടേണ്ട ഘടകമാണെന്ന് കോടതി മറുപടി നൽകി. സർവകലാശാലകളെ നിയന്ത്രിക്കേണ്ടതുണ്ട്.
എന്നാൽ, വിദ്യാർഥികളുടെ മുഴുവൻ അക്കാദമിക് ജീവിതവും കരിയറും അവസാനിക്കുന്ന തരത്തിലുള്ള സാഹചര്യം ഉണ്ടാകുമ്പോൾ കോടതിക്ക് ഇടപെടേണ്ടിവരും. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കൂട്ടിച്ചേർത്തു.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. 16 വിദ്യാർഥികളെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തത്.
വൈസ് ചാൻസലർ സിസ തോമസിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ ഹൈകോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു.
എന്നാല്‍, ഹാജര്‍ നില അടക്കം ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കുകയായിരുന്നു. ആവശ്യമായ ഹാജര്‍ നില ഉണ്ടെന്നും സസ്‌പെന്‍ഷനില്‍ ആയ സമയത്തെ ഹാജര്‍ മാത്രമാണ് ഇല്ലാതെ പോയതെന്നുമാണ് വിദ്യാര്‍ഥികളുടെ വാദം. ഇക്കാര്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഇതിനെ ചോദ്യംചെയ്ത് കാലടി സര്‍വകലാശാല രജിസ്ട്രാര്‍ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.


