പോളിടെക്നിക്കിലെ കഞ്ചാവ്: നിരപരാധിയെന്ന് പറഞ്ഞ അഭിരാജിനെ പുറത്താക്കി എസ്.എഫ്.ഐ
text_fieldsകൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പനംതറയിൽ വീട്ടിൽ ആർ. അഭിരാജിനെ (21) എസ്.എഫ്.ഐ പുറത്താക്കി. എസ്.എഫ്.ഐ നേതാവായ അഭിരാജ് കോളജ് യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്നു അഭിരാജ്. കേസിൽ സ്റ്റേഷൻ ജാമ്യത്തിലാണ് അഭിരാജ്.
അഭിരാജ് നിരപരാധിയാണെന്നായിരുന്നു നേരത്തെ എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞിരുന്നത്. റെയ്ഡ് നടന്ന സമയത്ത് അഭിരാജ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നും എസ്.എഫ്.ഐ യൂണിറ്റ് സമ്മേളനത്തിന്റെ അലങ്കാരജോലികളുമായി ബന്ധപ്പെട്ട് കാമ്പസിനുള്ളിലായിരുന്നെന്നുമാണ് എസ്.എഫ്.ഐ കളമശ്ശേരി ഏരിയ പ്രസിഡന്റ് ദേവരാജ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വ്യാഴാഴ്ച രാത്രിയിലാണ് പൊലീസ് കഞ്ചാവ് വേട്ട നടത്തിയത്. ഏഴ് മണിക്കൂർ നീണ്ട മിന്നൽ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടിയിരുന്നു. അഭിരാജിനൊപ്പം മൂന്നാം വർഷ വിദ്യാർഥികളായ കൊല്ലം വില്ലുമല പുത്തൻവീട് അടവിക്കോണത്ത് എം. ആകാശ് (21), ആലപ്പുഴ ഹരിപ്പാട് കാട്ടുകൊയ്ക്കൽ വീട്ടിൽ ആദിത്യൻ (20) എന്നിവരും അറസ്റ്റിലായിരുന്നു. ആകാശ് താമസിക്കുന്ന എഫ് 39 മുറിയിൽ നിന്ന് 1.909 കിലോ കഞ്ചാവും ആദിത്യനും അഭിരാജും താമസിക്കുന്ന ജി 11 മുറിയിൽനിന്ന് 9.70 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഞ്ചാവ് ആവശ്യക്കാർക്ക് തൂക്കിക്കൊടുക്കാൻ ത്രാസും മദ്യം അളക്കുന്നതിനുള്ള ഗ്ലാസും പിടിച്ചെടുത്തിരുന്നു.
പോളിടെക്നിക് കോളജിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാരിൽ എന്നിവർ ഇന്ന് അറസ്റ്റിലായിരുന്നു. വെള്ളിയാഴ്ച അർധരാത്രി എറണാകുളത്തുനിന്ന് ഇരുവരെയും കളമശ്ശേരി പൊലീസിന്‍റെ പ്രത്യേക സംഘവും ഡാൻഫാസ് സംഘവും ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത് പൂർവ വിദ്യാർഥികളാണെന്ന് നേരത്തെ അറസ്റ്റിലായ വിദ്യാർഥി മൊഴി നൽകിയിരുന്നു.
കഞ്ചാവ് ആവശ്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം കാമ്പസിൽ ഉണ്ടായിരുന്നെന്ന വിവരം ഇന്ന് പുറത്തുവന്നിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് വിൽപനക്കാർ ഡിസ്കൗണ്ടും നൽകിയിരുന്നു. ഒരു പൊതി കഞ്ചാവിന് 500 രൂപ നിരക്കിലാണ് കാമ്പസിൽ വിൽപന നടന്നിരുന്നത്.