കളംമാറിക്കളിയുടെ കൊട്ടാരക്കര
text_fieldsകെ.എൻ. ബാലഗോപാൽ, ഐഷ പോറ്റി, ആർ. രശ്മി
കൊല്ലം: കൊട്ടാരക്കരയുടെ മണ്ണിൽ വേരൂന്നി കൂടുതൽ പടർന്നുകയറിയ മഹാവൃക്ഷമേത്.... ജയന്റ് കില്ലർ ആയി അവതരിച്ച് മൂന്ന് തവണ വൻ ഭൂരിപക്ഷം സ്വന്തമാക്കിയ ചരിത്രമുള്ള ഐഷ പോറ്റിയോ..? സ്വന്തം മണ്ഡലത്തിലേക്ക് വികസനപദ്ധതികളിലെ ചെറുതല്ലാത്തൊരു പങ്ക് മാറ്റിവെച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലോ...? ജില്ല പഞ്ചായത്തിൽ രണ്ടംഗമായി കോൺഗ്രസ് ഒതുങ്ങിയപ്പോഴും അതിലൊരു മുഖമായി നാട്ടിലെങ്ങും നിറഞ്ഞുനിന്ന് കഴിഞ്ഞ നിയമസഭ പോരിലും കോൺഗ്രസ് വോട്ടുഷെയർ ഉയർത്തിയ ആർ. രശ്മി കോൺഗ്രസ് കൈ ഉപേക്ഷിച്ച് എൻ.ഡി.എ ടിക്കറ്റിലാണ് മത്സരിക്കുന്നത്. സാക്ഷാൽ ആർ. ബാലകൃഷ്ണപിള്ള കളംവിട്ട ശേഷം കൊട്ടാരക്കര സമീപകാലത്തൊന്നും ഇത്തരത്തിൽ വൻശക്തികളുടെ കടുപ്പമേറിയ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല.
ഇ. ചന്ദ്രശേഖരൻ നായരും സി. അച്യുതമേനോനും പോലുള്ള സി.പി.ഐ മഹാരഥർ ഇടതുപക്ഷത്തിനായി വിജയംപിടിച്ച ചരിത്രമുള്ള മണ്ണാണ് കൊട്ടാരക്കര. ആ മണ്ണിൽ പക്ഷേ എല്ലാ കരുത്തോടെയും വാണ ഒരേ ഒരു നേതാവെ ഉണ്ടായിട്ടുള്ളു, ആർ. ബാലകൃഷ്ണപിള്ള. 1977 മുതൽ 2001 വരെ തുടർച്ചയായ ഏഴ് തെരഞ്ഞെടുപ്പുകളിൽ കൊട്ടാരക്കര ആർ. ബാലകൃഷ്ണപിള്ളയുടെ സ്വന്തം മണ്ഡലമായി തുടർന്നു. ബാലകൃഷ്ണപിള്ളക്ക് സംസ്ഥാനത്തെ റെക്കോഡ് ഭൂരിപക്ഷം വരെ സമ്മാനിച്ച കൊട്ടാരക്കരയിൽ 2006ൽ 12087 വോട്ടിന്റെ ഭൂരിപക്ഷവുമായി സി.പി.എമ്മിന്റെ ഐഷാപോറ്റി വിജയിച്ചപ്പോൾ രാഷ്ട്രീയകേരളം ഞെട്ടി. തുടർന്ന് രണ്ട് തെരഞ്ഞെടുപ്പുകളിൽ കൂടി ഐഷ പോറ്റിയെ മണ്ഡലം ചേർത്തുപിടിച്ചു. ഓരോ തവണയും ഭൂരിപക്ഷം കൂട്ടിനൽകി. 2016ൽ 42,632 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷമായിരുന്നു. മൂന്ന് തവണ മത്സരിച്ചവർ മാറിനിൽക്കാനുള്ള തീരുമാനം ഉയർത്തി 2021ൽ സി.പി.എം മണ്ഡലം കെ.എൻ. ബാലഗോപാലിന് കൈമാറി. 2006ൽ ഐഷപോറ്റിക്ക് കിട്ടിയതിനും താഴേക്ക് ഭൂരിപക്ഷം പോയെങ്കിലും കെ.എൻ. ബാലഗോപാലിനെയും സി.പി.എമ്മിനെയും മണ്ഡലം കൈവിട്ടില്ല. അന്ന് മുതൽ തുടങ്ങിയ അസ്വാരസ്യങ്ങളുടെ ഒടുക്കമായാണ് ഈ തെരഞ്ഞെടുപ്പിന്റെ പടിവാതിലിൽ ഐഷപോറ്റി സി.പി.എമ്മിന്റെ ചുവപ്പിനോട് കൂട്ടുവിട്ട് കോൺഗ്രസിന്റെ കൈപിടിച്ചത്.
ഐഷപോറ്റിയുടെ വരവോടെ തനിക്ക് കോൺഗ്രസ് സീറ്റ് തരില്ലെന്ന് മനസിലാക്കി ആർ. രശ്മി ബി.ജെ.പിയിലേക്ക് ചുവടുമാറ്റി. കഴിഞ്ഞ തവണ കൊട്ടാരക്കരയിൽ കോൺഗ്രസിന്റെ വോട്ട് ഷെയർ 11 ശതമാനത്തിലധികം ഉയർത്താൻ രശ്മിക്ക് കഴിഞ്ഞിരുന്നു.
വികസനപ്രവർത്തനങ്ങളാണ് കെ.എൻ. ബാലഗോപാൽ ഉയർത്തിക്കാട്ടുന്നത്. കൊട്ടാരക്കര കെ.എസ്.ആർ.ടി.സിക്ക് ഓരോ പുതിയ ബാച്ചിലും ബസുകൾ അനുവദിക്കുന്നതിൽ തുടങ്ങി ഐ.ടി ഭീമൻ സോഹോ കോർപറേഷനെ വരെ റൂറൽ മേഖലയിൽ എത്തിച്ച മികവ് ഇടതുക്യാമ്പ് ഊന്നിപ്പറയുന്നു. താൻ കൊണ്ടുവന്നതിനപ്പുറം യാതൊന്നും ബാലഗോപാൽ മണ്ഡലത്തിനായി ചെയ്തില്ലെന്ന വിമർശനമാണ് ഐഷാ പോറ്റി ഉന്നയിക്കുന്നത്. ധനകാര്യമന്ത്രി ആയ ജനപ്രതിനിധി കൊണ്ടുവരേണ്ട യാതൊന്നും മണ്ഡലത്തിലില്ല എന്ന് അവർ കുറ്റപ്പെടുത്തുന്നു.
സീറ്റ് നിലനിർത്തുക എന്നതിലുപരി തങ്ങളെ ‘ചതിച്ച്’ കോൺഗ്രസിന്റെ കൈപിടിച്ച ഐഷ പോറ്റിയെ തറ പറ്റിക്കുക എന്ന വാശിയാണ് സി.പി.എമ്മിനുള്ളത്. ആർ. ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ് -ബി ശക്തമായി ഒപ്പമുണ്ട്. ഐഷ പോറ്റിയുടെ ജനസമ്മതിയിലൂടെ സി.പി.എമ്മിന്റെ ഉറച്ചകോട്ട മറിക്കാമെന്ന് കോൺഗ്രസും ആർ. രശ്മിയിലൂടെ കുറച്ചധികം കോൺഗ്രസ് വോട്ട് തങ്ങളിലേക്ക് എത്തുമെന്ന് ബി.ജെ.പിയും കണക്കുകൂട്ടുന്നു.


