പുല്ലാങ്കുഴലിൽ അച്ഛനാണ് താരം...
text_fieldsനിവേദ് കുടുംബത്തോടൊപ്പം
തൃശൂർ: അച്ഛനാണ് നിവേദിന്റെ താരം. വീട്ടിൽ അച്ഛൻ വിനോദ് കുമാറിന്റെ പുല്ലാങ്കുഴൽ വാദനം കേട്ടാണ് നിവേദ് വളർന്നത്. മകന്റെ താൽപര്യം കണ്ടറിഞ്ഞ വിനോദ് കുമാർ പുല്ലാങ്കുഴലിൽ അവന്റെ ഗുരുവായി. അച്ഛനിൽ നിന്ന് തുടങ്ങി വെച്ച പരിശീലനം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓടക്കുഴലിൽ അവനെ എ ഗ്രേഡ് കാരനാക്കി. ആദ്യ കലോത്സവത്തിൽ തന്നെ ജില്ലയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസുകാരനായ നിവേദ്
സംസ്ഥാനത്തലത്തിലും വിജയം ആവർത്തിച്ചു. 14 മത്സരാർഥികളിൽ നാലു പേർക്കാണ് എ ഗ്രേഡ് ലഭിച്ചത്. അതിലൊരാൾ നിവേദും. കല്യാണി രാഗത്തിൽ മിശ്രചാപ് താളത്തിൽ ‘പങ്കജലോചന...’ എന്ന സ്വാതി തിരുനാൾ കീർത്തനം വായിച്ചാണ് നിവേദ് നേട്ടം കൊയ്തത്. ആദ്യ ഗുരു അച്ഛനാണെങ്കിൽ അച്ഛന്റെ ഗുരുവായ പ്രശസ്ത പുല്ലാങ്കുഴൽ കലാകാരൻ കുടമാളൂർ ജനാർദനന്റെ കീഴിലാണ് ഇപ്പോൾ പരിശീലനം.അമ്മ കലാമണ്ഡലം നിഖില മോഹിനിയാട്ടം നർത്തകിയും ഇന്ത്യയിലെ ശാസ്ത്രീയ നൃത്തങ്ങൾ വിദ്യാർഥികൾക്ക് പരിചയ പ്പെടുത്തുന്ന സ്പിക് മാകെ ടീം അംഗവുമാണ്. ഒന്നാം ക്ലാസ്സുകാരി നിഗമ നിവേദിന്റെ സഹോദരിയാണ്.


