കലൂർ സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് വിട്ടുകൊടുത്തത് കരാറില്ലാതെ
text_fieldsകൊച്ചി: വരുമെന്നുറപ്പില്ലാതിരുന്നിട്ടും അർജന്‍റീന ഇതിഹാസതാരം ലയണൽ മെസ്സിയെയും സംഘത്തെയും സ്വീകരിക്കാനായി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ജി.സി.ഡി.എ വിട്ടുനൽകിയത് ഒരടിസ്ഥാന കരാറുമില്ലാതെ. സർക്കാറിന്‍റെയും വകുപ്പിന്‍റെയും ഉത്തരവനുസരിച്ച് സ്റ്റേഡിയം വിട്ടുകൊടുത്തതായാണ് ഒടുവിൽ പുറത്തുവരുന്ന വെളിപ്പെടുത്തൽ.
കായികമന്ത്രിയുടെ നിർദേശപ്രകാരം സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 25ന് ചേർന്ന ജി.സി.ഡി.എ എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് തീരുമാനമെടുത്ത ശേഷമാണ് സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് വിട്ടുനൽകിയതെന്ന് അതോറിറ്റി പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര നിലവാരത്തിൽ സൗകര്യമൊരുക്കുന്നതിന് സർക്കാർ ചുമതലപ്പെടുത്തിയ സ്പെഷൽ പർപ്പസ് വെഹിക്കിളാണ് എസ്.കെ.എഫ്. ഇവരാണ് പിന്നീട് സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിനായി സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ (ആർ.ബി.സി) ഏൽപിച്ചത്. സെപ്റ്റംബർ 26 മുതൽ നവംബർ 30 വരെ കാലയളവിലേക്കാണ് കൈമാറിയതെന്നും ജി.സി.ഡി.എ പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കുന്നു.
ആർ.ബി.സി തുടങ്ങിവെച്ച നവീകരണം, മെസ്സി വരുന്നില്ലെന്ന് വ്യക്തമായതോടെ മെല്ലെപ്പോക്കിലായിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റേഡിയത്തിന്‍റെ ഉടമസ്ഥാവകാശവും കരാറിലെ സുതാര്യതയും ചോദ്യംചെയ്ത് ഹൈബി ഈഡൻ എം.പി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്.
ഇതിനിടെ കരാറിനെക്കുറിച്ച് പരാമർശിക്കാതെ സ്റ്റേഡിയം തങ്ങൾ കൈമാറിയത് എസ്.കെ.എഫിനാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജി.സി.ഡി.എ മുന്നോട്ടുവരുകയായിരുന്നു. ‘ആസ് ഈസ് വേർ ഈസ്’ വ്യവസ്ഥയിലാണ് ജി.സി.ഡി.എ കൈമാറിയത്. ഫിഫ നിഷ്കർഷിക്കുന്ന നിലവാരമുള്ള ടർഫുള്ള സ്റ്റേഡിയമെന്ന് ജി.സി.ഡി.എ തന്നെ കലൂർ സ്റ്റേഡിയത്തെക്കുറിച്ച് അവകാശപ്പെടുന്നു.
എന്നാൽ, സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭ്യമാകാൻ വൈകിയതാണ് കളി മാറ്റിവെക്കാൻ കാരണമായതെന്നും ജി.സി.ഡി.എ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ടർഫ്, നിലവിലെ സീറ്റുകൾ, ശൗചാലയങ്ങൾ, ഹാൾസീലിങ്, വി.ഐ.പി എൻട്രി, പ്ലെയേഴ്സ് റൂം എന്നിവയുടെ നവീകരണം, പ്രവേശന കവാടത്തിന്റെ നിർമ്മാണം, പാർക്കിങ് ഗ്രൗണ്ടുകളുടെ പുനരുദ്ധാരണം, ചുറ്റുമതിലുകളുടെ നിർമാണം, നിലവിലെ ഫ്ലഡ് ലൈറ്റുകളിലെ മെറ്റൽ ഹാലൈഡ് വെളിച്ചം മാറ്റി എൽ.ഇ.ഡിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട് മരങ്ങൾ മുറിച്ച കാര്യം ജി.സി.ഡി.എ മറച്ചുവെക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ നവീകരണ പ്രവർത്തനങ്ങൾ നവംബർ 30നകം പൂർത്തിയാക്കുമെന്ന് ആർ.ബി.സി അറിയിച്ചിട്ടുണ്ടെന്നും ഐ.എസ്.എൽ മത്സരങ്ങൾ ഡിസംബറിൽ കൊച്ചിയിൽ തന്നെ നടക്കുമെന്നും ജി.സി.ഡി.എ വ്യക്തമാക്കി.


