സ്നേഹസ്പർശത്തിലൂടെ കരുതലൊരുക്കിയ ജമീല
text_fieldsകോഴിക്കോട്: വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ സർവം ത്യജിക്കാൻ തയാറായിരുന്ന കാനത്തിൽ ജമീല യാത്രയാവുമ്പോൾ തേങ്ങുകയാണ് സ്നേഹസ്പർശത്തിന്‍റെ തണൽ ലഭിച്ച ആയിരങ്ങൾ. നിർധന രോഗികളെ ചേർത്തുപിടിക്കുന്ന സ്നേഹസ്പർശം, ജീവജ്യോതി പദ്ധതികളുടെ പര്യായമാണ് കോഴിക്കോട്ടുകാർക്ക് കാനത്തിൽ ജമീല എന്ന പേര്.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ തന്‍റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമായിരുന്നു ഡയാലിസിസ് രോഗികളുടെ കൈത്താങ്ങായ സ്നേഹസ്പർശം യാഥാർഥ്യമായതെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ ഒരുകൂട്ടം ഡയാലിസിസ് രോഗികൾ സഹായം തേടി ജമീലയുടെ അടുത്തുവന്നു. ചട്ടപ്രകാരം ജില്ല പഞ്ചായത്ത് ഫണ്ടിൽ അവരെ സഹായിക്കാൻ വകുപ്പില്ലായിരുന്നു. അതിന് പരിഹാരമായാണ് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാം എന്ന ആശയം കാനത്തിൽ മുന്നോട്ടുവെക്കുന്നത്. ഇതിനായി 2012ൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി സൊസൈറ്റി രൂപവത്കരിച്ചു.
കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ സംഘടനകളെയും പാർട്ടികളെയും സ്ഥാപനങ്ങളെയും കൂട്ടിപ്പിടിച്ച് ഫണ്ട് ശേഖരിച്ചു. കോടികളായിരുന്നു ഇതിന് പൊതുജനങ്ങളിൽനിന്ന് ശേഖരിച്ചത്. ഒരു മാസം 1000 പോർക്ക് വരെ സാധാരണ ഡയാലിസിസിന് ഒരു രോഗിക്ക് പ്രതിമാസം 2500 രൂപയും പെരിട്ടോണിയൽ ഡയാലിസിസിന് 3000 രൂപയും സൊസൈറ്റി നൽകി. പിന്നീട് ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന് ഇതിന് ഫണ്ട് വകയിരുത്തുകയും പൊതുസമാഹരണം അവസാനിപ്പിക്കുകയും ചെയ്തു. ജില്ലയിൽ ഡയാലിസിസ് ഫീസ് കുറക്കുന്നതിന് പദ്ധതി വലിയ സഹായമായി. രാജ്യത്തുതന്നെ ആദ്യമായിരുന്നു ഇത്തരമൊരു പദ്ധതി.
സ്നേഹസ്പർശത്തിന്‍റെ എം.ഒ.യു തയാറാക്കൻ തന്നെ ഏൽപിച്ചപ്പോൾ എവിടെയും ഇത്തരത്തിലൊരു പദ്ധതിയുടെ മാതൃക കിട്ടാനില്ലായിരുന്നുവെന്ന് അന്നത്തെ പ്രോജക്ട് കോഓഡിനേറ്റർ എൻ. ശ്രീരാജ് ഓർമിച്ചു. ആവശ്യത്തിന് ഫണ്ടില്ലാതെ പല തവണ സ്നേഹസ്പർശം പ്രതിസന്ധിഘട്ടത്തിൽ എത്തിയിരുന്നു. എന്നാൽ, രോഗികൾക്ക് ഒരുതവണ പോലും ഡയാലിസിസ് മുടങ്ങിപ്പോവാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോവാൻ അവർ മുന്നിട്ടിറിങ്ങി.
ഡയാലിസിസ് ചെയ്യുന്ന ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും യോഗം വിളിച്ച് ഒരു കാരണവശാലും രോഗിക്ക് ഡയാലിസിസ് മുടക്കരുതെന്നും ഫണ്ട് സമാഹരിച്ച് ജില്ല പഞ്ചായത്ത് കുടിശ്ശിക നൽകിയിരിക്കുമെന്നും അവർ ഉറപ്പുനൽകി പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയായിരുന്നുവെന്നും ശ്രീരാജ് പറഞ്ഞു. പിന്നീട് എയ്ഡ്സ് രോഗികൾക്കും സ്നേഹസ്പർശത്തിന്‍റെ തണൽ നൽകി.
രണ്ടാംതവണ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവി ഏറ്റെടുത്തപ്പോൾ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. സ്നേഹസ്പർശത്തിലൂടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ സൗജന്യമാക്കുന്ന ജീവജ്യോതി പദ്ധതി പ്രാവർത്തികമാക്കിയാണ് അവർ എം.എൽ.എയായി തിരുവനന്തപുരത്തേക്ക് പോയത്. ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളെ പദ്ധതിയുമായി സഹകരിപ്പിച്ചു.
ആയിരക്കണക്കിന് കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന പദ്ധതിയാണിത്. എം.എൽ.എയായി ജില്ല പഞ്ചായത്തിൽനിന്ന് പടിയിറങ്ങുമ്പോൾ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്നേഹസ്പർശം ഡയാലിസിസ് ഗുണഭോക്താവായ ഫായിസ് എന്ന 12കാരനായിരുന്നു ജമീലക്ക് ഉപഹാരം സമ്മാനിച്ചത്.


