ഓണസദ്യ മുടങ്ങുമെന്ന് കരുതി, ഒടുവിൽ കുട്ടികൾക്ക് കിട്ടിയത് സ്നേഹം നിറഞ്ഞ 101 വിഭവങ്ങൾ
text_fieldsകട്ടപ്പന കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി സ്കൂളിലെ കുട്ടികൾ സദ്യ കഴിക്കുന്നു
തൊടുപുഴ: കട്ടപ്പന കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി സ്കൂളിലെ കുരുന്നുകൾക്ക് ഇത്തവണത്തെ ഓണം വെറുമൊരു ആഘോഷമായിരുന്നില്ല. വിട്ടുകൊടുക്കാത്ത സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും വലിയൊരു അനുഭവ പാഠം കൂടിയായിരുന്നു.
സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഇത്തവണ 101 വിഭവങ്ങളൊരുക്കി ഓണസദ്യ നൽകുമെന്ന് സ്കൂൾ അധികൃതർ നേരത്തേ തന്നെ അറിയിച്ചിരുന്നു. എന്നാൽ, സദ്യ വാഗ്ദാനം ചെയ്ത സംഘടന അവസാന നിമിഷം പിന്മാറിയത് സ്കൂൾ അധികൃതരെ അങ്കലാപ്പിലാക്കി.
എന്നാൽ, കുട്ടികൾ സ്വപ്നം കണ്ട അവരുടെ മനസ്സിലെ ഓണസന്തോഷം കെടുത്തിക്കളയാൻ അധ്യാപകരും രക്ഷിതാക്കളും സമ്മതിച്ചില്ല. പ്രധാനാധ്യാപിക ലിൻസി ജോർജിന്റെ നേതൃത്വത്തിൽ എല്ലാവരും കൈകോർത്തതോടെ അടുക്കളകളിൽനിന്ന് സ്നേഹത്തിന്റെ രുചികൾ ഒഴുകിയെത്തി. 101 വിഭവങ്ങൾ ഓരോന്നായി തയാറായി.
ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ഡീൻ കുര്യാക്കോസ് എം.പിക്ക് മറ്റു തിരക്കുകൾ മൂലം സമയത്ത് എത്താനാകാത്തതിനെ തുടർന്ന് ദിവസവും രാവിലെയെന്നോ ഉച്ചയെന്നോ ഇല്ലാതെ തങ്ങൾക്ക് വയറുനിറയെ സ്നേഹത്തോടെ ആഹാരം പാകം ചെയ്തു നൽകുന്ന ‘സ്കൂൾ അമ്മ’ അമ്മിണി ജോസഫിനെ വേദിയിലേക്ക് ക്ഷണിച്ചതും വേറിട്ട മാതൃകയായി.
കുട്ടികളുടെ ആർപ്പുവിളികൾക്കും കരഘോഷങ്ങൾക്കുമിടയിൽ, അമ്മിണി അമ്മ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ഒപ്പംനിന്ന വേദിയിൽ, കുരുന്നുകൾക്ക് വിഭവസമൃദ്ധമായ സദ്യ വിളമ്പിയപ്പോൾ അവരുടെ മുഖത്തെ കൗതുകവും സന്തോഷവും പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.


