ഏഴ് പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ് കാത്ത് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ
text_fieldsകാഞ്ഞങ്ങാട്: ഏഴ് പ്രധാന വണ്ടികൾക്ക് സ്റ്റോപ്പ് കാത്ത് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ. ദീർഘദൂര, പ്രതിവാര എക്സ്പ്രസ് ട്രെയിനുകളാണ് കാഞ്ഞങ്ങാട് നിർത്തേണ്ടത്. ഈ ആവശ്യം ഉന്നയിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.
നിലവിൽ എൻ.എസ്.ജി-നാല് വിഭാഗത്തിൽ ഉൾപ്പെടുന്ന കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് പ്രതിവർഷം ഏകദേശം 19.99 കോടി രൂപയുടെ യാത്രക്കാരുടെ വരുമാനമുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജില്ലയിലെ ജനസംഖ്യാടിസ്ഥാനത്തിൽ ഏറ്റവും വലിയ നഗരസഭയും പ്രധാന വാണിജ്യ-വിദ്യാഭ്യാസ-ടൂറിസം കേന്ദ്രവുമായ കാഞ്ഞങ്ങാട് നിരവധി യാത്രക്കാരുടെ ആശ്രയമാണ്.
കേരള-കേന്ദ്ര സർവകലാശാല, നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ്, നിത്യാനന്ദ എൻജിനീയറിങ് കോളജ്, പി.എൻ. പണിക്കർ ആയുർവേദ മെഡിക്കൽ കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള യാത്രക്കാരും ആനന്ദാശ്രമം, നിത്യാനന്ദാശ്രമം തുടങ്ങിയ ആത്മീയ കേന്ദ്രങ്ങളിലെത്തുന്ന തീർഥാടകരും കാഞ്ഞങ്ങാട് സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്.അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയിലേക്കും റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്കുമുള്ള യാത്രക്കാർക്കും കാഞ്ഞങ്ങാട് സ്റ്റേഷൻ പ്രധാന കവാടമാണ്.
ഇത്രയേറെ പ്രാധാന്യവും വരുമാനവുമുള്ള സ്റ്റേഷനിൽ നിരവധി പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പേജ് ഇല്ലാത്തത് യാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നതെന്ന് എം.പി. ചൂണ്ടിക്കാട്ടി.കോവിഡ് കാലത്തിനുമുമ്പ് കാഞ്ഞങ്ങാട് സ്റ്റേഷനിൽ നിർത്തിയിരുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസിന്റെയും ജബൽപൂർ-കോയമ്പത്തൂർ എക്സ്പ്രസിന്റെയും സ്റ്റോപ്പേജുകൾ ഇതുവരെ പുനഃസ്ഥാപിച്ചില്ല. പുതിയ സ്റ്റോപ്പേജുകൾ അനുവദിക്കുന്നത് റെയിൽവേയുടെ വരുമാനം വർധിപ്പിക്കുന്നതിനും ടൂറിസം, വിദ്യാഭ്യാസ, വാണിജ്യ മേഖലകളുടെ വളർച്ചക്കും സഹായകമാകും.
റെയിൽവേ ബോർഡ് ചെയർമാൻ, കോച്ചിങ് വിഭാഗം, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, പാലക്കാട്, മൈസൂരു ഡിവിഷനുകളിലെ ഡിവിഷനൽ റെയിൽവേ മാനേജർമാർ എന്നിവർക്കും നിവേദനത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
എം.പി സ്റ്റോപ്പേജ് ആവശ്യപ്പെട്ട ഏഴ് ട്രെയിനുകൾ
1. 12618 - മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (നേരത്തേയുണ്ടായിരുന്ന സ്റ്റോപ്പേജ് പുനഃസ്ഥാപിക്കുക)
2. 20159/20160 - ജബൽപൂർ-കോയമ്പത്തൂർ എക്സ്പ്രസ് (സ്റ്റോപ്പേജ് പുനഃസ്ഥാപിക്കുക)
3. 16621/16622 - മംഗളൂരു-രാമേശ്വരം എക്സ്പ്രസ്
4. 12977/12978 - മരുസാഗർ എക്സ്പ്രസ്
5. 22149/22150 - പുണെ-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.
6. 16355/16356 - അന്ത്യോദയ എക്സ്പ്രസ്
7. 12223/12224 - മുംബൈ എൽ.ടി.ടി-തുരന്തോ എക്സ്പ്രസ്



