‘എന്റെ തോളിൽ കൈയിട്ടാ നടക്കാറ്, എന്നെ ചതിക്കാൻ അവന് പറ്റില്ല, അവൻ ആത്മഹത്യ ചെയ്യില്ല’ -ഹൃദയം തകർന്ന് നിതിൻ രാജിന്റെ അച്ഛൻ
text_fieldsനിധിൻ രാജിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ പൊട്ടിക്കരയുന്ന അച്ഛൻ രാജൻ
നെടുമങ്ങാട്: ‘എപ്പോഴും എന്റെ തോളിൽ കൈയിട്ടുകൊണ്ടാണ് അവൻ നടക്കുന്നത്... ഞായറാഴ്ച ദിവസം ഞങ്ങൾ അപ്പുറത്തെ ബേക്കറിയിലൊക്കെ പോകുമ്പോൾ എന്റെ തോളിൽ കൈയിട്ട് കൂട്ടുകാരെ പോലെയാണ് നടക്കുന്നത്. അവന് എന്നെ ചതിക്കാൻ പറ്റൂല്ല... എന്റെ കുടുംബത്തെ ചതിക്കാൻ അവന് പറ്റൂല്ല... അവൻ അങ്ങനെ ആത്മഹത്യ ചെയ്യൂല്ല.. കൊലപാതകം തന്നെയാണ്... അവനെ കൊന്നതാണ്...’ -കണ്ണൂർ, അഞ്ചരക്കണ്ടി ദന്തൽ കോളജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പൊന്നുമോൻ നിതിന്റെ വിയോഗം താങ്ങാനാവാതെ വിതുമ്പിക്കരയുകയാണ് നെടുമങ്ങാട് ഉഴമലക്കൽ കൊറ്റാമല വീട്ടിൽ രാജൻ.
‘ഇത് വാടക വീടാണ്. അവന് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ‘അച്ഛനും അമ്മയും കഷ്ടപ്പെടേണ്ട, അച്ഛൻ പെയിന്റ് അടിച്ചല്ലേ ഞങ്ങളെ ഇത്രയും നാൾ വളർത്തി വിദ്യാഭ്യാസം ചെയ്തത്. അമ്മ കൂലിപ്പണി എടുത്തല്ലേ ചെയ്തത്. ഞാൻ പഠിച്ച് ജോലി നേടുന്നത് യുകെയിൽ ആയിരിക്കും. അവിടെ ഞാൻ ഒരു 10 -15 വർഷം സർവീസ് എടുക്കുമ്പോൾ എനിക്ക് നിങ്ങളെ സംരക്ഷിക്കാനുള്ള എല്ലാം ചെയ്യാനാകും’ എന്ന് അവൻ പറയുമായിരുന്നു. ഇങ്ങനെ ഉത്തരവാദിത്തങ്ങൾ പറഞ്ഞു മനസ്സിലാക്കിയ മോന് ഏതെങ്കിലും കെട്ടടത്തിൽനിന്ന് ചാടാൻ പറ്റൂല്ല.. ഞാൻ കൊടുക്കുന്ന പൈസ ശേഖരിച്ച് വെച്ച് ഇവിടെ വരുമ്പോൾ അമ്മയേയും കൂട്ടി പോയി സാധനങ്ങളെല്ലാം വാങ്ങിവരുന്നവനാണ്. എല്ലാ കുടുംബ കാര്യങ്ങളും അറിഞ്ഞു ചെയ്യുന്നവനാണ്. അവൻ ഒരിക്കലും ഒന്നും ചെയ്യൂല്ല’ -അച്ഛൻ പറഞ്ഞു.
നിധിൻ രാജിന്‍റെ മൃതദേഹം മരണാനന്തര കർമങ്ങൾക്കായി കൊണ്ടുപോകുന്നു
‘മൂന്നു നിലേന്ന് ചാടി എന്ന് പറയുമ്പോ ബോഡിയിൽ എന്തോരം മുറിവ് വവേണം? ബോഡി ഇവിടെ കൊണ്ടുവന്ന നിങ്ങളെല്ലാം കണ്ടതല്ലേ? അവന്റെ മുഖത്ത് ഒരു ചെറിയ മുറിവ്, രണ്ട് പോറൽ അല്ലേ ഉണ്ടായിരുന്നുള്ളൂ? അവര് പറഞ്ഞത് ബാക്ക് തലയടിച്ചെന്നല്ലേ?ഫ്രീസറിന്റെ അടപ്പെടുത്തപ്പോൾ ഞാൻ എല്ലാം നോക്കി. പല്ലിന് ഒരു കുഴപ്പവുമില്ല.. ഒരു പല്ലു പോലും പൊട്ടിയിട്ടില്ല.. ഇത്രയും നിലയിൽനിന്ന് തള്ളിയിട്ടാലും ചാടിയാൽ പോലും അങ്ങനെയല്ലലേലാ സംഭവിക്കേണ്ടത്? ചെവിയിൽ മുറിവുകളില്ല.. എനിക്കറിയാം ഇത് ആത്മഹത്യ അല്ല, കൊലപാതകമാണ്.. കൊല ചെയ്തതാണ്.
എത്രയോ വർഷം കിടപ്പിലായിരുന്ന ഒരു വിദ്യാർത്ഥിയെ, ഇപ്പോൾ കോടതിയുടെ സഹായത്തോടുകൂടി ജീവൻ എടുത്തില്ലേ. എത്ര വർഷം ആ മാതാപിതാക്കൾ അവനെ നോക്കി? അങ്ങനെയെങ്കിലും അവർക്ക് എന്റെ മോനെ എനിക്ക് ഉയിരോടെ തന്നുകൂടായിരുന്നോ?അല്ലെങ്കിൽ ഇവനുമായിട്ട് എന്തെങ്കിലും ടീച്ചർമാർക്ക് ഇഷ്യൂസ് ഉണ്ടായിരുന്നെങ്കിൽ മാതാപിതാക്കളായ ഞങ്ങളെ ഒന്ന് അറിയിച്ചൂടെ?
സാമ്പത്തികമായി മാത്രമേ ഞങ്ങൾക്ക് കുറവുള്ളൂ. സംസാരിക്കാനുള്ള കഴിവുണ്ട്. എന്റെ രണ്ടു പെൺകുട്ടികൾക്കും നല്ല വിദ്യാഭ്യാസമുണ്ട്. എൻജിനീയറിങ്ങും ഡിഗ്രിയും എല്ലാം കഴിഞ്ഞ് എല്ലാവരും നല്ല രീതിയിൽ ക്വാളിഫൈഡാണ്. അവരെ വിളിച്ചു പറയാല്ലോ. എന്റെ ഭാര്യക്ക് മാത്രമേ വലിയ വിദ്യാഭ്യാസം കുറവുള്ളൂ. ഞങ്ങളെ എന്തുകൊണ്ട് അറിയിച്ചില്ല? അപ്പോൾ ഇത് കൊലപാതകമാണ്. അറിഞ്ഞു കൂട്ടി കൊണ്ടുള്ള കൊലപാതകം.
ഇവന് സർക്കാർ മെറിറ്റിലാണ് ഇത് കിട്ടിയത്. അപ്പോൾ ഇതിന്ന് ഇവനെ എടുത്ത് കളഞ്ഞിട്ട് അടുത്ത വർഷം ഒരു 50 ലക്ഷം രൂപക്ക് ഒരുത്തനെ കയറ്റിയാൽ മാനേജ്മെന്റിന് 50 ലക്ഷം രൂപ ലാഭമല്ലേ. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് ഇവർ ചെയ്തത്’ -അദ്ദേഹം പറഞ്ഞു.
ഹൃദയം നുറുങ്ങുന്ന കാഴ്ചയായി അന്ത്യയാത്ര
മകൻ ഡോക്ടറായി വരുന്നത് കാണാൻ കാത്തിരുന്ന അമ്മക്കും അച്ചനും കുടുംബത്തിനും തീരാനോവായാണ് നിതിൻ മടങ്ങിയത്. ഹൃദയം നുറുങ്ങുന്ന കാഴ്ചകൾക്ക് സാക്ഷിയായി അന്ത്യചുംബനം നൽകി പ്രിയമകനെ യാത്രയാക്കുമ്പോൾ അത് നാടിന്റെകൂടി നോവായി. പഠിച്ച് ജോലി നേടി, വീടുവെക്കണമെന്ന് ആഗ്രഹിച്ച പുരയിടത്തിൽ ഇനി അവന് അന്ത്യനിദ്ര. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്ച രാവിലെയാണ് നെടുമങ്ങാട് ഉഴമലക്കൽ കൊറ്റാമല വീട്ടിലെത്തിച്ചത്.
ഇല്ലായ്മകളിലും പ്രതീക്ഷയോടെ വളർത്തിയ മകൻ നഷ്ടപ്പെട്ട അച്ഛൻ രാജനെയും അമ്മ ലതയെയും ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവർ കുഴങ്ങി. എന്റെ ഒരു ഭാഗമാണ് ഈ കിടക്കുന്നതെന്ന് പറഞ്ഞു നിലവിളിക്കുന്ന അച്ഛൻ രാജൻ നാടിന്റെ നോവായി. ഇതിനായിരുന്നെങ്കിൽ ഞാൻ എന്റെ മകനെ പെയിന്റ് ജോലിക്ക് കൊണ്ടുപോകുമായിരുന്നില്ലേ എന്ന് അലമുറയിട്ട രാജനെയും ലതയെയും സഹോദരിയെയും ആശ്വസിപ്പിക്കാനാകാതെ കൂടി നിന്നവർ കുഴങ്ങി. രാജന്റെ ദുഃഖത്തിൽ പങ്കുചേരാൻ നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ വാടക വീട്ടിലേക്ക് ഒഴുകിയെത്തി.
നിതിൻ മുമ്പ് പഠിച്ച ഉഴമലക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും കൂട്ടുകാരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. പഠിച്ച് ഡോക്ടറായി നിതിൻ വരുന്നത് പ്രതീക്ഷിച്ച വീട്ടിലേക്ക് എത്തിയത് വെള്ളത്തുണിയിൽ പൊതിഞ്ഞ 23കാരന്റെ ഭൗതിക ദേഹം. അവധിക്ക് വീട്ടിൽ വരാനിരുന്നവൻ ഇനി ഒരിക്കലും തിരിച്ചു പോകില്ല. സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ബാക്കിയാക്കി നിതിൻ മടങ്ങി.
വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽനിന്ന് വീണ നിലയിൽ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥി നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പറയുന്നത്. മകൻ ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ ഉറപ്പിച്ച് പറയുന്നു. സംഭവത്തിൽ ആരോപണവിധേയരായ ദന്തൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോ. പ്രഫ. ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
നിതിന്റെ മരണത്തില് വകുപ്പ് മേധാവി റാമിനെതിരെ കുടുംബം രംഗത്തെത്തി. ‘‘തെരുവ് പട്ടി അല്ലേ നീ’’ എന്ന് നിതിനോട് ചോദിച്ചിരുന്നു. ഇവിടെ പഠിക്കാൻ എന്ത് അർഹതയുണ്ടെന്നും ചോദിച്ചിരുന്നു. അധിക്ഷേപം നേരിട്ടപ്പോൾ ഒരുതവണ പ്രതികരിച്ചു. അതോടെ സ്ഥിരമായി അപമാനിക്കാൻ തുടങ്ങി. നിതിൻ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി ഭർത്താവ് അശോക് കുമാർ പറഞ്ഞു.
വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് മരണ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില് എച്ച്.ഒ.ഡി അധിക്ഷേപിച്ചതായി നിതിന്റെ പിതാവ് രാജന് ആരോപിച്ചു. കുട്ടിയെ ‘‘പുഴുത്ത പട്ടി’’ എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. സീനിയേഴ്സ് റാഗിങ് ചെയ്തെന്നും ആരോപണമുണ്ട്.


