എ.സികൾ ഒന്നൊന്നായി പൊട്ടിത്തെറിച്ചു, 50 ഓളം മുറികളിൽ ആളിക്കത്തി; തളിപ്പറമ്പിലെ തീയണച്ചത് 4 മണിക്കൂറിന് ശേഷം
text_fieldsതളിപ്പറമ്പ്: നാലു മണിക്കൂർ മുൾമുനയിൽ നിർത്തി ദേശീയ പാതയോരത്തെ നിരവധി കടകളിൽ വൻ തീപിടിത്തം. 10 കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. തളിപ്പറമ്പിന്റെ ചരിത്രത്തിൽ ഇന്നോളമില്ലാത്ത ദുരന്തമാണ് സംഭവിച്ചത്. ദേശീയപാതക്കും ബസ്‍സ്റ്റാൻഡിനും അഭിമുഖമായുള്ള കെ.വി കോംപ്ലക്സിലെ നാലു നില കെട്ടിടത്തിലാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ തീപിടിത്തമുണ്ടായത്.
50 ഓളം മുറികളിൽ തീപടർന്നു. മാസ്ട്രോ ചെരിപ്പുകടയിൽ ഒന്നാം നിലയിലെ എ.സിയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് കരുതുന്നത്. തീ കണ്ടതോടെ, വ്യാപാരികളും ജീവനക്കാരും ജനങ്ങളും ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല.
10 ലധികം മുറികളിലായി പ്രവർത്തിക്കുന്ന ക്രോക്കറി സാധനങ്ങൾ വിൽക്കുന്ന ഷാലിമാർ സ്റ്റോർ, കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഫൺ സിറ്റി, രാജധാനി സൂപ്പർമാർക്കറ്റ്, ടോയ് സോൺ, ബോയ് സോൺ കൂൾബാർ, സർഗചിത്ര സ്റ്റുഡിയോ, റോക്ക് റെഡി മെയ്ഡ്, മറ്റൊരു സ്റ്റേഷനറി കട തുടങ്ങിയവ പൂർണമായും കത്തി നശിച്ചു.
കോംപ്ലക്സിൽ മൂന്ന് ജ്വല്ലറികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടേക്ക് തീ പടരുന്നത് തടയാൻ സാധിച്ചതിനാൽ വൻ നഷ്ടം ഒഴിവായി. മിക്ക കടകളിലേയും എ.സി വൻ ശബ്ദത്തിൽ പൊട്ടിത്തെറിച്ചത് ഭീതിപരത്തി. അഗ്നിരക്ഷാ സേന, പൊലീസ്, സന്നദ്ധ-രാഷ്ട്രീയ പ്രവർത്തകർ എന്നിവർ മണിക്കൂറുകൾ പ്രയത്നിച്ചാണ് രാത്രി ഒമ്പത് മണിയോടെ നിയന്ത്രണ വിധേയമാക്കിയത്.
തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ, പെരിങ്ങോം, കൂത്തുപറമ്പ്, മട്ടന്നൂർ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്നും 10 ഓളം അഗ്നിരക്ഷാ വാഹനങ്ങളെത്തിയിരുന്നു. തീ പടർന്ന ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചതും ബസ്‍സ്റ്റാൻഡ് പ്രദേശത്തെ മുഴുവൻ കടകൾ അടച്ചതും ദുരന്ത സാധ്യത കുറച്ചു. ആദ്യമെത്തിയ അഗ്നിരക്ഷാ നിലയത്തിലെ വാഹനത്തിൽ പെട്ടെന്ന് വെള്ളം തീർന്നതും പിന്നീട് വാഹനമെത്താൻ വൈകിയതും പ്രതിഷേധത്തിനിടയാക്കി. തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കലക്ടർ പറഞ്ഞു. രാത്രി 9.20 ഓടെ ദേശീയപാതയിൽ ഗതാഗതം പുനരാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് താലൂക്ക് ഓഫിസിൽ എം.വി. ഗോവിന്ദൻ എം.എൽ.എയുടെയും കലക്ടറുടെയും സാന്നിധ്യത്തിൽ യോഗം ചേർന്ന് സംഭവം വിലയിരുത്തും.