കലോത്സവത്തിൽ ഒന്നാം സ്ഥാനത്ത് കണ്ണൂർ, തൊട്ടുപിന്നിലായി കോഴിക്കോടും തൃശൂരും
text_fieldsതൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നാലാം ദിനം പിന്നിടുമ്പോൾ കിരീടത്തിന് വേണ്ടിയുള്ള ഇഞ്ചോടിഞ്ച് പോരാട്ടം കനക്കുകയാണ്. നാലാം ദിനം വൈകീട്ട് വരെ നടന്ന മത്സരങ്ങളുടെ പോയിന്‍റ് നില വെച്ചു നോക്കുമ്പോൾ 847 പോയിന്‍റുമായി കണ്ണൂർ ഒന്നാംസ്ഥാനത്താണ്. 839 പോയിന്‍റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 837 പോയിന്‍റുമായി ആതിഥേയരായ തൃശൂjരും പാലക്കാടും മൂന്നാം സ്ഥാനത്താണ്.
ലാലേട്ടന്‍റെ പക്കൽ നിന്നും സ്വർണക്കപ്പ് ആരു സ്വീകരിക്കുമെന്ന് ആതിഥേയരായ പൂരപ്രേമികൾക്കൊപ്പം കലാകേരളവും കാത്തിരിക്കുകയാണ്. കലോത്സവ വേദികളിലെല്ലാം വലിയ ആൾത്തിരക്കാണ് അനുഭവപ്പെടുന്നത്. മറ്റൊരു പൂരത്തിൻ്റെ ആവേശത്തിലാണ് തൃശൂർ കലോത്സവത്തെ നെഞ്ചിലേറ്റിയത്.
ഞായറഴ്ച വൈകുന്നേരം നാല് മണിക്കാണ് സമാപന സമ്മേളനം ആരംഭിക്കുന്നത്. കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പ് വിതരണവും മികച്ച മാധ്യമ പ്രവർത്തകർക്കുള്ള അവാർഡുകളും സമാപന വേദിയിൽ നൽകും.
64-ാമത് കേരള സ്കൂൾ കലോത്സവം പരിസമാപ്തിയിലേക്ക് എത്തുമ്പോൾ എടുത്തുപറയാനുള്ളത് വേദികളിലെല്ലാം അനുഭവപ്പെടുന്ന തിരക്ക് തന്നെയാണ്. ആദ്യ ദിവസം മുതൽ തന്നെ വലിയ തിരക്കാണ് വേദികളിലെല്ലാം അനുഭവപ്പെട്ടത്. സമാപനസമ്മേളനം നടക്കുന്ന ഒന്നാം വേദിയിൽ നടൻ മോഹൻലാൽ കൂടി എത്തുന്നതോടെ തിരക്ക് ഉച്ചസ്ഥായിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.


