കാറും ബസ്സും കൂട്ടിയിടിച്ച് നാലുപേർക്ക് ഗുരുതരം; കാർ പൂർണമായും തകർന്നു
text_fieldsമട്ടന്നൂർ: ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ ഉളിയിൽ പാലത്തിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.10 ഓടെയാണ് നാടിനെ നടുക്കിയ അപകടം.
ഇരിട്ടിയിൽനിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ‘ലക്ഷ്യ’ ബസ് ഉളിയിൽ പാലത്തിനടുത്ത സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുകയായിരുന്നു. ഇതിനിടെ മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കെ.എ. 19എം.എൻ 8215 എന്ന കർണാടക രജിസ്ട്രേഷൻ കാറാണ് അപകടത്തിൽപെട്ടത്. കാറിൽ ഉണ്ടായിരുന്ന രണ്ടുപേരുടെനില അതീവ ഗുരുതരമാണ്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് ഡ്രൈവറുടെ ഭാഗത്താണ് കാർ ഇടിച്ചുകയറിയത്. കാർ പൂർണമായും തകർന്നു. ഇതിനകത്തുകുടുങ്ങിയവരെ ഏറെ പണിപെട്ടാണ് പുറത്തെുടത്ത് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ പടിക്കച്ചാൽ വഴി തിരിച്ചു വിട്ടു.