മുത്തങ്ങ വിധി: നീതി കാത്ത് സങ്കടക്കനലടങ്ങാത്ത വീട്
text_fieldsകൊയ്യം കീയച്ചാലിലെ വീട്ടിൽ വിനോദിന്റെ ഫോട്ടോ നോക്കി വിങ്ങുന്ന മാതാവ് നാരായണി
കണ്ണൂർ: പൊലീസും ആദിവാസികളും ഏറ്റുമുട്ടിയ വയനാട് മുത്തങ്ങ ദുരന്തത്തിൽ 23 വർഷത്തിനുശേഷം വെള്ളിയാഴ്ച വിധി. 2003 ഫെബ്രുവരി 19നാണ് മുത്തങ്ങയിലെ സമരത്തിൽ കണ്ണൂർ കൊയ്യം കീയച്ചാലിലെ പൊലീസുകാരൻ കെ.വി. വിനോദും ആദിവാസി ജോഗിയും കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസുകാരനായ വിനോദിന്റെ മരണത്തിലെ വിധിയാണ് വെള്ളിയാഴ്ച വയനാട് ജില്ല പ്രിൻസിപ്പൽ ജഡ്ജി അയ്യൂബ് ഖാൻ പറയുന്നത്.
23 വർഷത്തിനുശേഷം വരുന്ന വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വിനോദിന്റെ കുടുംബം. ഏറെ വൈകിയാലും വിധിയിൽ നീതി ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് വിനോദിന്റെ സഹോദരൻ റിട്ട. ഡിവൈ.എസ്.പി കെ.വി ബാബു പറഞ്ഞു. ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ആദിവാസികൾ. ഇതിനെ അടിച്ചമർത്താൻ പൊലീസ് രംഗത്തിറങ്ങിയപ്പോഴാണ് അന്ന് രണ്ട് ജീവനുകൾ പൊലിഞ്ഞത്.
സമരം നേരിടാൻ അന്ന് സർക്കാർ കണ്ണൂർ കെ.എ.പി നാലാം ദളത്തിലെ പൊലീസുകാരെയും വയനാട്ടിലേക്ക് ജോലിക്ക് നിയോഗിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് വിനോദ് ഉൾപ്പെട്ടിരുന്നത്. പൊലീസും ആദിവാസി സമരക്കാരും ഏറ്റുമുട്ടുന്നതിനിടെയാണ് വിനോദിന് ജീവൻ ബലിയർപ്പിക്കേണ്ടിവന്നത്. എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ളവരാണ് കേസിൽ പ്രതികളായത്. ഇതുവരെ സർക്കാർ ഒരു സ്മാരകം വിനോദിനുവേണ്ടി ഒരുക്കിയിട്ടില്ലെന്നതും വീട്ടുകാരെയും നാടിനെയാകെയും വിഷമത്തിലാക്കുന്നുണ്ട്.
പ്രമുഖ തെയ്യം കലാകാരനും ഫോക് ലോർ ഗുരുപൂജ പുരസ്കാര ജേതാവുമായിരുന്ന പരേതനായ കുഞ്ഞിരാമപ്പെരുവണ്ണാന്റെ മകനാണ് വിനോദ്. മാതാവ് നാരായണിയും സഹോദരി കെ.വി. രമണിയുമാണ് (റിട്ട. ഐ.സി.ഡി.എസ്) വീട്ടിലുള്ളത്.


