നിമിഷപ്രിയയുടെ മോചനം മുടക്കാൻ ഒരു വിഭാഗം ശ്രമിച്ചെന്ന് കാന്തപുരം; ‘പണം വാങ്ങി ക്ഷമിക്കുന്നത് ആത്മാഭിമാനത്തെ ബാധിക്കുമെന്ന് ബന്ധുക്കളെ അറിയിച്ചു’
text_fieldsപള്ളിക്കര: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമത്തിന് രാജ്യത്ത് നിന്ന് തന്നെയുള്ള ചിലയാളുകൾ തുരങ്കം വെച്ചെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. പണം വാങ്ങി ക്ഷമിക്കുന്നത് ആത്മാഭിമാനത്തെ ബാധിക്കുമെന്ന തരത്തിൽ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് സന്ദേശം നൽകിയാണ് ശ്രമങ്ങളെ മുടക്കാൻ ശ്രമിച്ചതെന്നും കാന്തപുരം വ്യക്തമാക്കി.
വളരെ കുറച്ച് ചില ആളുകളാണ് ഈ പ്രവൃത്തി ചെയ്തത്. ഭൂരിപക്ഷം പേരും തന്‍റെ ശ്രമത്തിന് പിന്തുണ നൽകി. എല്ലാ ജീവജാലങ്ങൾക്കും ഗുണം നൽകുന്ന നിയമമാണ് ഇസ്‌ലാമിൽ. അത് മുൻ നിർത്തിയാണ് തൽക്കാലം നിമിഷപ്രിയയെ സംരക്ഷിക്കാൻ സാധിച്ചത്. നിയമപരമായിട്ടല്ല, മതപരമായിട്ടാണ് ഇടപെട്ടത്.
രാജ്യങ്ങൾ തമ്മിലോ ജാതി, മത, നിറ, ലിംഗ വ്യത്യാസമോ ഇല്ലാതെ എല്ലാവരെയും മനുഷ്യരായി കാണനാകണം. അതിൽ നിന്നും യാതൊരു നേട്ടവും പ്രതീക്ഷിക്കരുത്. ഇസ്ലാം അതാണ് പഠിപ്പിക്കുന്നതെന്നും കാന്തപുരം കൂട്ടിച്ചേർത്തു. എസ്.വൈ.എസ് എറണാകുളം ജില്ലാ കമ്മറ്റി നിർമിച്ച പത്ത് ഭവനങ്ങൾ ഉൾക്കൊള്ളുന്ന ദാറുൽ ഖൈർ ഭവന സമുച്ചയം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.