കരിപ്പൂര്‍ വിമാനത്താവള റോഡ് വികസനം; സര്‍ക്കാര്‍ അനുകൂല നിലപാടിലേക്ക്
text_fieldsകൊണ്ടോട്ടി: കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പാത ആധുനിക രീതിയില്‍ നവീകരിക്കാൻ ബജറ്റ് ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വിമാനത്താവള റോഡ് അവഗണിച്ചതിനെതിരെ ബജറ്റ് ചര്‍ച്ചയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ രംഗത്തുവന്നിരുന്നു. ചര്‍ച്ചക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ഏക പൊതുമേഖല വിമാനത്താവളത്തിലേക്കുള്ള പാത നവീകരിക്കാന്‍ നിരവധി തവണ പദ്ധതികള്‍ സമര്‍പ്പിച്ചിട്ടും ബജറ്റില്‍ അവഗണിച്ചത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.
കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കുളത്തൂര്‍ ജങ്ഷനില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാത യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ ആധുനികവത്കരിക്കുന്ന പദ്ധതിക്കാണ് ഇപ്പോള്‍ സര്‍ക്കാറില്‍നിന്ന് അനുകൂല നിലപാടുണ്ടായത്. സുരക്ഷിത നടപ്പാതകളും കുളത്തൂര്‍ ജങ്ഷനില്‍ കമാനവും ഒരുക്കുന്ന 20 കോടിയുടെ പദ്ധതിയാണ് പൊതുമരാമത്ത് വകുപ്പ് മുഖേന സമര്‍പ്പിച്ചിരുന്നത്. ഈ പദ്ധതിക്ക് ബജറ്റില്‍ ഉള്‍പ്പെടുത്തി തന്നെ ഫണ്ട് അനുവദിക്കുമെന്നാണ് നിയമസഭയില്‍ മന്ത്രിയുടെ വിശദീകരണം.
കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് ഫണ്ടനുവദിച്ചപ്പോള് കരിപ്പൂർ വിമാനത്താവളത്തെ സര്‍ക്കാര്‍ അവഗണിക്കുന്നെന്ന പരാതി നേരത്തെ തന്നെ ശക്തമായിരുന്നു.
മണ്ഡലത്തിലെ വികസന പ്രവൃത്തികള്‍ക്കായി ബജറ്റിനു മുമ്പ് എം.എല്‍.എ സമര്‍പ്പിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ടതായിരുന്നു വിമാനത്താവള റോഡ് നവീകരണം.