കെ.എ.എസിലും ആസൂത്രണബോർഡ് നിയമനങ്ങളിലും അട്ടിമറി?
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിട്രേറ്റീവ് സർവിസിലേക്കും സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്കുമുള്ള അഭിമുഖ പരീക്ഷക്ക് മുന്നോടിയായി ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ഉദ്യോഗാർഥികളുടെ മാർക്കുവിവരങ്ങൾ പി.എസ്.സിയിലെ മുതിർന്ന കമീഷൻ അംഗം ഉദ്യോഗസ്ഥരിൽനിന്ന് ശേഖരിച്ചതായി വിവരം.
ഓരോ രജിസ്റ്റർ നമ്പറിനും എഴുത്തുപരീക്ഷക്ക് ലഭിച്ച മാർക്കുകൾ സംബന്ധിച്ച് പി.എസ്.സി ആസ്ഥാനത്തെ പരീക്ഷാവിഭാഗം ഉദ്യോഗസ്ഥനിൽനിന്നാണ് ചട്ടവിരുദ്ധമായി വിവരങ്ങൾ ശേഖരിച്ചത്. എഴുത്തുപരീക്ഷയിൽ മാർക്ക് കുറഞ്ഞവർക്ക് അഭിമുഖത്തിൽ കൂട്ടി നൽകി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് ആരോപണം.
പരീക്ഷയുടെ രഹസ്യാത്മകത സൂക്ഷിക്കുന്നതിന്റെ ഭാഗമായി മുൻകാലങ്ങളിൽ എഴുത്തുപരീക്ഷയുടെ മാർക്കുകൾ പി.എസ്.സി ആസ്ഥാനത്തെ പരീക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥർ മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ കെ.എ.എസ് പരീക്ഷക്കും ആസൂത്രണ ബോർഡിലെ മറ്റ് നിയമനങ്ങളിലും അഭിമുഖത്തിന് മുന്നോടിയായി ചില രജിസ്റ്റർ നമ്പറുകൾക്ക് എഴുത്തുപരീക്ഷക്ക് ലഭിച്ച മാർക്കുകൾ കമീഷനിലെ ചില അംഗങ്ങൾ എക്സാം വിഭാഗത്തിൽനിന്ന് ശേഖരിച്ചിരുന്നതായി പി.എസ്.സി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥൻ 'മാധ്യമ'ത്തോട് പറഞ്ഞു.
എഴുത്തുപരീക്ഷക്കൊപ്പം അഭിമുഖത്തിലെ മാർക്ക് കൂടി പരിഗണിച്ചാണ് പ്രധാന തസ്തികകളിലെല്ലാം പി.എസ്.സി നിയമനം നടത്തുന്നത്. രണ്ടോ മൂന്നോ പി.എസ്.സി അംഗങ്ങളും വിഷയവിദഗ്ധരും അടങ്ങുന്നതാണ് ഇന്റർവ്യൂ ബോർഡ്. സാധാരണഗതിയിൽ ഉദ്യോഗാർഥിയുടെ പ്രകടനം വിലയിരുത്തിയ ശേഷം ഓരോ അംഗവും നൽകുന്ന മാർക്കിന്റെ ആകെ തുകയാണ് അഭിമുഖ മാർക്കായി കണക്കാക്കുന്നത്. എന്നാൽ പി.എസ്.സിയിൽ വിഷയ വിദഗ്ധരടങ്ങുന്ന സമിതി ഉദ്യോഗാർഥിയുടെ മികവ് കണക്കിലെടുത്ത് എത്രമാർക്കിട്ടാലും ഇന്റർവ്യൂ ബോർഡിലുള്ള പി.എസ്.സിയുടെ സീനിയർ അംഗം നൽകുന്ന മാർക്ക് മാത്രമായിരിക്കും റാങ്കിനായി പരിഗണിക്കുക. ഉദ്യോഗാർഥി ബന്ധപ്പെട്ട തസ്തികയിലേക്ക് അയോഗ്യനാണ് വിഷയവിദഗ്ധർ ചൂണ്ടിക്കാണിച്ചാലും കമീഷൻ അംഗങ്ങൾക്ക് അവരെ യോഗ്യരാക്കി തെരഞ്ഞെടുക്കാം.
റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച ഉദ്യോഗാർഥികളുടെ മാർക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽപോലും പി.എസ്.സി നൽകില്ല. പരീക്ഷ എഴുതിയ ഉദ്യോഗാർഥി അപേക്ഷിച്ചാൽ അയാൾക്ക് ലഭിച്ച മാർക്കുകൾ മാത്രമാകും നൽകുക. ഈ പഴുതുപയോഗിച്ചാണ് പല ഉന്നത തസ്തികളിലും ഇഷ്ടക്കാരെ തിരുകി കയറ്റുന്നത്.
ഉദ്യോഗ നിയമങ്ങളിലെ അഴിമതി തടയാൻ അഭിമുഖത്തിലെ മാർക്ക് വിവരാവകാശ നിയമപ്രകാരം നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമീഷൻ ഉത്തരവിട്ടിട്ടും പി.എസ്.സി തള്ളുകയായിരുന്നു. പി.എസ്.സിയുടെ ഓഫീസ് മാന്വലും റിക്രൂട്ട് മെന്റ് മാന്വലും പോലും രഹസ്യസ്വഭാവമാണെന്നും അതുപോലും വിവരാവകാശ നിയമം വഴി പുറത്തുവിടാൻ കഴിയില്ലെന്ന നിലപാടിലാണ് കമീഷൻ.