അപകടങ്ങൾ തുടരുന്നു; നടപ്പാലം വേണമെന്ന് നാട്ടുകാർ
text_fieldsനാട്ടുകാർ നടപ്പാലം ആവശ്യപ്പെടുന്ന കാസർകോട് അടുക്കത്ത്ബയൽ പ്രദേശം
കാസർകോട്: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയുള്ള അപകടങ്ങൾ തുടരുന്ന അടുക്കത്ത്ബയലിൽ അടിയന്തരപ്രാധാന്യത്തോടെ നടപ്പാലം നിർമിക്കണമെന്ന് നാട്ടുകാർ. കഴിഞ്ഞദിവസം ദേശീയപാത മുറിച്ചുകിടക്കുന്നതിനിടെ വീട്ടമ്മ കാറിടിച്ച് മരിച്ച സംഭവത്തിനുശേഷമാണ് നാട്ടുകാർ ആവശ്യം ശക്തമാക്കിയിരിക്കുന്നത്. നേരത്തെയും ഇവിടെ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അടുക്കത്ത്ബയലിൽ നടപ്പാലം പരിഗണനയിലെന്ന് നേരത്തെതന്നെ അധികൃതർ അറിയിച്ചതുമാണെന്ന് നാട്ടുകാർ പറയുന്നുമുണ്ട്.
ജില്ലയിൽ പലഭാഗങ്ങളിലും ഇത്തരത്തിൽ ദേശീയപാത മുറിച്ചുകടക്കുന്നതും അപകടം സംഭവിക്കുന്നതും തുടർക്കഥയാവുകയാണ്. നിർമാണപ്രവൃത്തി ഏകദേശം പൂർത്തിയായ തലപ്പാടി-ചെങ്കള റീച്ചിലാണ് വാഹനാപകടങ്ങളും മരണങ്ങളും ഏറെയും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിനിടയിലാണ് ദേശീയപാതയിലെ ഡിവൈഡറും മതിൽക്കെട്ടും ചാടിക്കടന്ന് വിദ്യാർഥികളടക്കമുള്ളവർ മറുവശത്തെത്താൻ ശ്രമിക്കുന്നത്.
പലസ്ഥലങ്ങളിലും ഫ്ലൈ ഓവർ ബ്രിഡ്ജും അടിപ്പാതയും ഉണ്ടെങ്കിലും ഇത് ആശ്രയിക്കണമെങ്കിൽ ചിലയിടങ്ങളിൽ കാൽനടക്കാർക്ക് മീറ്ററുകളോളം നടക്കേണ്ടിവരുന്നതിനാൽ പലരും എളുപ്പത്തിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്.കാൽനടക്കാർക്ക് ബോധവത്കരണം നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒപ്പം ഫ്ലൈ ഓവർ ബ്രിഡ്ജുകളുടെ നിർമാണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.