പച്ചക്കറി വ്യാപാരിയെ തലക്കടിച്ച് പരിക്കേൽപിച്ച പ്രതി പിടിയിൽ
text_fieldsപ്രതി നിതിൻ ജോയ്,ഷറഫുദ്ദീൻ
നീലേശ്വരം: സംസ്ഥാന സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ് കാണാനെത്തിയ യുവാവിനെ മാരകായുധങ്ങൾകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. യുവാവിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരപ്പയിലെ പച്ചക്കറി വ്യാപാരി ക്ലായിക്കോട്ടെ ഷറഫുദ്ദീൻ എന്ന സർപ്പുവിനാണ് (43) തലക്ക് ഗുരുതര പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് പരപ്പയിലെ ഓട്ടോ ഡ്രൈവർ നിതിൻ ജോയിയെ (29) വെള്ളരിക്കുണ്ട് എസ്.ഐ പി. ജയരാജൻ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പരപ്പയിൽ നടന്ന സംസ്ഥാന വോളിബാൾ ചാമ്പ്യൻഷിപ്പിനിടെ പാർക്കിങ്ങിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനുശേഷം കൂടെയുണ്ടായിരുന്ന മകളെ വീട്ടിലാക്കി തിരിച്ചുവരുമ്പോൾ വഴിയിൽ പതുങ്ങിനിന്ന നിതിൻ മാരകായുധങ്ങളുപയോഗിച്ച് തലക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് ഷറഫുദ്ദീൻ പറഞ്ഞു.


