സാറേ, ഇവിടെയുണ്ട് മാലിന്യം!
text_fieldsബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി ശനിയാഴ്ച പ്രഖ്യാപിച്ചു. എന്നാൽ, എവിടെയാണ് മാലിന്യം മുക്തമായതെന്ന ചോദ്യവുമായി പൊതുജനങ്ങൾ രംഗത്ത്. ബദിയടുക്ക ടൗണിൽനിന്ന് കുമ്പള ഭാഗത്തേക്ക് പോകുന്ന വളവിലെ കുഴിയിൽ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. ചീഞ്ഞളിഞ്ഞ ഗന്ധം കാൽനടക്കാർക്കും ദുരിതമാണ് സമ്മാനിക്കുന്നത്. സമാനമായ സംഭവങ്ങൾ പല വാർഡുകളിലുമുണ്ടെന്നാണ് ജനങ്ങളുടെ ആക്ഷേപം.
പൊതുസ്ഥലത്തുൾപ്പെടെ മാലിന്യം തള്ളുന്നതും കുന്നുകൂടിക്കിടക്കുന്നതും കാണാം. കേരളം മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ബദിയടുക്കയിലും കാമ്പയിൻ നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി പഞ്ചായത്തുതന്നെ കൂലി നൽകി ആളെവെച്ച് മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനത്തിലായിരുന്നു.
എന്നാൽ, ടൗണിൽ റോന്തുചുറ്റി അനാവശ്യമായി പ്ലാസ്റ്റിക് കവർ തേടി പിഴചുമത്തുന്ന പഞ്ചായത്ത് സെക്രട്ടറി കൂട്ടിയിട്ട മാലിന്യം കണ്ടില്ലെന്നത് നാട്ടുകാർക്ക് വിശ്വസിക്കാനാവുന്നില്ല. ടൗണിന്റെ പല ഭാഗത്തും മത്സ്യമാർക്കറ്റ് പരിസരം, മുക്കമ്പാറ, ചെന്നാർകട്ടയിൽ മാലിന്യം കത്തിക്കൽ എല്ലാം പഴയതുപോലെ നടക്കുന്നുണ്ട്. പള്ളക്കടുക്ക പുഴയരികിൽ മാലിന്യം തള്ളിയത് പഞ്ചായത്തിലെ മാലിന്യം മുക്തമാക്കുമ്പോൾ അധികൃതർ കണ്ടില്ല. മാലിന്യം ജനങ്ങൾ കാണുന്ന സ്ഥലത്തെ മാത്രം നീക്കി മറ്റുള്ളത് കണ്ടില്ലെന്ന് നടിച്ച് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത് എന്തിനാണെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.