വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്ന കേസ്: പ്രതി പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: കല്ലൂരാവി പുഞ്ചാവിയിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണഭരണവും കവർന്ന കേസിൽ പ്രതി അറസ്റ്റിലായി. പുല്ലൂർ തടത്തിൽ താമസിക്കുന്ന വയനാട് വെള്ളമുണ്ട സ്വദേശി മുഹമ്മദ് അഫ്സലാണ് (35) പിടിയിലായത്. കഴിഞ്ഞ 26നായിരുന്നു മോഷണം. പുഞ്ചാവിയിലെ പറമ്മല എ. റഹ്മത്തിന്റെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയാണ് ഇയാൾ. വീടിന്റെ മുകൾനിലയിലെ വാതിൽ കുത്തിത്തുറന്ന മോഷ്ടാക്കൾ കിടപ്പുമുറിയുടെ വാതിൽ തകർക്കുകയായിരുന്നു.
ഒരുപവൻ ആഭരണവും അരലക്ഷം രൂപയും കിടപ്പുമുറിയിലെ ഷെൽഫിൽനിന്ന് കവരുകയായിരുന്നു. രാത്രി 11നുശേഷമാണ് കവർച്ച നടന്നതെന്ന് കരുതുന്നു. ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.