ലഹരി നിയന്ത്രണത്തിൽ കേരളം മുന്നിലെന്ന് കേന്ദ്ര കണക്ക്
text_fieldsകാസർകോട്: ലഹരിവേട്ടയിൽ കേരളം മുന്നിലെന്ന് കേന്ദ്ര നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ കണക്ക്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2024ലെ കണക്കിൽ ഏറ്റവും കൂടുതൽ ലഹരി വസ്തുക്കൾ കണ്ടുകെട്ടിയ സംസ്ഥാനങ്ങൾ ഏറെയുണ്ടെങ്കിലും കേസും അറസ്റ്റും ശിക്ഷ ഉറപ്പുവരുത്തിയതും കേരളമാണെന്നാണ് വ്യക്തമാക്കുന്നത്. രാജ്യത്ത് ആകെ പിടിച്ചെടുത്ത മയക്കുമരുന്ന് മൂല്യത്തിൽ കേരളത്തിലേത് അരശതമാനം പോലും വരുന്നില്ല.
കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കണക്കു പ്രകാരം 2024ൽ 27701 കേസുകളിൽ 29755 അറസ്റ്റാണ് കേരളം രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്താകെ ഇത് 89913 കേസുകളും 116098 അറസ്റ്റുമാണ്. 30 ശതമാനം അറസ്റ്റും ദേശീയ മയക്കുമരുന്ന് വ്യാപനത്തിന്റെ ചെറിയ ശതമാനം മാത്രമുള്ള കേരളത്തിലാണ്. 2024ൽ കേരളത്തിൽനിന്ന് കണ്ടുകെട്ടിയ ലഹരി വസ്തുക്കളിൽ 4482 കിലോ കഞ്ചാവാണ് കൂടിയ ഇനം. 12 കിലോ ഹാഷിഷ്, രാസലഹരികളിൽ 24 കിലോ എം.ഡി.എം.എ, 924 എൽ.എസ്.ഡി ബ്ലോട്ടുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
ഈ കാലയളവിൽ എം.ഡി.എം.എ ആന്ധ്രയിൽനിന്ന് 75 കിലോയും കർണാടകത്തിൽനിന്ന് 51 കിലോയും യു.പിയിൽനിന്ന് 26 കിലോയും ഉൾപ്പെടെ രാജ്യത്ത് ആകെ 194 കിലോയാണ് പിടികൂടിയത്. മെഫാഡ്രോൺ എന്ന രാസലഹരി മഹാരാഷ്ട്രയിൽനിന്ന് 1079 കിലോയും മധ്യപ്രദേശിൽനിന്ന് 2177 കിലോയും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് പിടികൂടിയതിൽ 143761 കിലോ ഒഡിഷ, 55351 കിലോ മഹാരാഷ്ട്ര, 53983 കിലോ ആന്ധ്ര, 41327 കിലോ യു.പി ഉൾപ്പെടെ രാജ്യത്ത് ആകെ 533903 കിലോയാണ് പിടിച്ചത്.
രാസലഹരി ടാബ്ലറ്റുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഡൽഹിയിലാണ്. 454 കിലോയാണ് പിടിച്ചത്. എന്നാൽ, ഈ സംസ്ഥാനങ്ങളിൽ കേസുകളും അറസ്റ്റും വളരെ കുറവാണ്. കേസും അറസ്റ്റും എന്ന ക്രമത്തിൽ, ആന്ധ്ര (1869 -4692), ഗോവ (169 -196), ഗുജറാത്ത് (623- 903) മഹാരാഷ്ട്ര (7536 -8009) എന്നിങ്ങനെയാണ്. രാജ്യത്ത് ആകെയുള്ള അറസ്റ്റിൽ 30 ശതമാനം കേസുകളും അറസ്റ്റും കേരളത്തിലാണ്.
കണ്ടുകെട്ടുന്ന മയക്കുമരുന്നുകളുടെ 10 ശതമാനംപോലും കേരളത്തിൽനിന്നല്ല എന്നാണ് കേന്ദ്ര നർകോട്ടിക് ബ്യൂറോയുടെ കണക്കുകൾ പറയുന്നത്. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ ശിക്ഷാനിരക്ക് 98.19 ശതമാനമാണ്. ഇത് ദേശീയ ശരാശരി 78.1 ശതമാനമാണ്. തെലങ്കാനയിൽ 25.6 ശതമാനവും ആന്ധ്രാപ്രദേശിൽ 25.4 ശതമാനവുമാണ്.
മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെടുന്നതും കൂടുതൽ കേരളത്തിലാണ്. 2024ൽ 4474 പേരെ ശിക്ഷിച്ചു. 161 പേരെ വെറുതെവിട്ടു. 25000 കോടിയുടെ മയക്കുമരുന്നാണ് 2024ൽ രാജ്യം പിടിച്ചെടുത്തത്. കേരളത്തിൽ ഇത് 100 കോടി രൂപയുടേതാണ്. മറ്റു സംസ്ഥാനങ്ങൾ ലഹരിയെ ഗൗരവത്തിലെടുത്തില്ല എന്നും കേരളം അതീവ ഗൗരവത്തിലെടുത്തെന്നുമാണ് കണക്കുകൾ കാണിക്കുന്നത്.