കേന്ദ്രസർവകലാശാല വ്യാജ പീഡനപരാതി; കുറ്റമുക്തനായ അസോ. പ്രഫസർ മാനനഷ്ടക്കേസിന്
text_fieldsകാസർകോട്: ‘പഠിപ്പിച്ച 39 വിദ്യാർഥിനികളെ ഞാൻ പീഡിപ്പിച്ചുവെന്ന വ്യാജ പരാതിയുണ്ടാക്കി എന്നെ അവർ പിരിച്ചുവിട്ടു. അതിൽ ഒരു കുട്ടിപോലും എനിക്കെതിരെ തെളിവെടുപ്പിന് എത്തിയില്ല. സമ്മർദത്തിൽ എത്തിച്ചേർന്ന രണ്ടുപേരാകട്ടെ, ഞങ്ങൾക്ക് പീഡനപരാതിയൊന്നുമില്ലെന്നും തറപ്പിച്ച് പറഞ്ഞു. വെള്ളക്കടലാസിൽ ഒപ്പുവെപ്പിച്ച് കാര്യം അവർ എഴുതിയുണ്ടാക്കി’. കേന്ദ്രസർവകലാശാലയിൽനിന്ന് വ്യാജ പീഡനപരാതിയിൽ പുറത്താക്കപ്പെട്ട അസോ. പ്രഫസർ സി.പി.വി. വിജയകുമാരൻ കോടതി വിധിയിലൂടെ കുറ്റമുക്തനായശേഷം പറയുന്നു.
‘ഹിന്ദി വകുപ്പിൽ അസോ. പ്രഫസറായി 2017 ജൂൺ 12നാണ് പ്രവേശിച്ചത്. ഹിന്ദി പ്രഫസറുടെയും അസോ. പ്രഫസറുടെയും തസ്തികയിൽ നടന്ന അഭിമുഖത്തിൽ എ.പി.ഐ സ്കോറിൽ മുന്നിലായിട്ടും റാങ്ക് തടയുന്നതിന് അന്നത്തെ വൈസ് ചാൻസലർ ജി. ഗോപകുമാർ സ്കോർ വെട്ടിക്കുറച്ചു. ഇതിനെതിരെ ഹൈകോടതിയിൽ പരാതി നൽകി. ജസ്റ്റിസ് ആശയുടെ ഇടക്കാല വിധിയുമായി പ്രവേശനം നേടിയതോടെ മുൻകൂട്ടി തയാറാക്കിയ പട്ടികയിൽ എല്ലാവരെയും നിയമിക്കാൻ പറ്റാതായി.
അതോടെ ജോലിക്കുകയറിയ എന്നെ പുറത്താക്കാൻ അദ്ദേഹത്തിന്റെ ക്ലാസിലെ ഒന്നും രണ്ടും വർഷത്തെ മുഴുവൻ വിദ്യാർഥിനികളിൽനിന്നും പീഡനപരാതി എഴുതിവാങ്ങി. വെള്ളക്കടലാസിൽ ഒപ്പുവാങ്ങി പീഡനം എഴുതിച്ചേർക്കുകയായിരുന്നു. ഡോ. സ്വപ്ന നായർ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണം ഇല്ലാതെ നടപടിക്ക് റിപ്പോർട്ട് നൽകി. തുടർന്ന് വി.സി 2017 നവംബർ 30ന് ജോലിയിൽനിന്ന് പിരിച്ചുവിട്ടു’ -അദ്ദേഹം പറഞ്ഞു.
പിരിച്ചുവിടലിനെതിരെ വിജയകുമാർ ഹൈകോടതിയിൽ കേസ് കൊടുത്തെങ്കിലും വിധി എതിരായി. തുടർന്ന് സുപ്രീംകോടതിയിൽനിന്ന് 2020ൽ അനുകൂല വിധി സമ്പാദിച്ചു. ഒരു പെൺകുട്ടിപോലും വകുപ്പുതല തെളിവെടുപ്പിൽ പരാതി ആവർത്തിക്കാൻ വന്നില്ല. വന്ന രണ്ടുപേർ ആരോപണം ഉന്നയിക്കാൻ തയാറായുമില്ല.
പുറത്താക്കപ്പെട്ട കാലത്തെ ശമ്പളം ഉൾപ്പെടെ മുഴുവൻ ആനുകൂല്യവും വാങ്ങിയ വിജയകുമാരൻ, പീഡന ആരോപണം സൃഷ്ടിച്ചതിനെതിരെ ഹോസ്ദുർഗ് സെഷൻസ് കോടതിയിൽ പരാതി നൽകി, വ്യാജ പരാതിയുണ്ടാക്കിയവർക്കെതിരെ നിയമയുദ്ധം ആരംഭിച്ചിരിക്കുകയാണ്. തനിക്കും കുടുംബത്തിനുമുണ്ടായ മാനഹാനിയിൽ ഒന്നരകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നൽകിയത്.
കോടതിയിൽ ആനുപാതിക സ്റ്റാമ്പ് ഡ്യൂട്ടി കെട്ടിവെക്കാൻ ഇല്ലാത്തതിനാൽ നഷ്ടപരിഹാരം 11 ലക്ഷമായി കുറച്ചു. കേസിൽ ആറുപേരെയാണ് എതിർകക്ഷികളാക്കിയത്. അതിൽ സ്വപ്ന നായരും ഗോപകുമാർ അധ്യക്ഷനായ അന്നത്തെ എക്സിക്യൂട്ടിവ് കമ്മിറ്റിയും ഉൾപ്പെടും. വ്യാജ പീഡനപരാതി നൽകിയവർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് വിജയകുമാരൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
കേന്ദ്രസർവകലാശാലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ, ആസൂത്രിത പരാതിയുടെ കേന്ദ്രമാണെന്ന പരാതി വിദ്യാർഥികളും അധ്യാപകരും നേരത്തേതന്നെ ഉന്നയിച്ചതാണ്. യഥാർഥ പീഡനം മൂടിവെക്കുകയും വ്യാജ പീഡനപരാതികൾ സൃഷ്ടിച്ച് അധ്യാപകരെ ശിക്ഷിക്കുകയും ചെയ്യുന്നുവെന്നതാണ് പ്രധാന ആക്ഷേപം.
ഒരു അധ്യാപികക്ക് നേരെയുണ്ടായ ഡീനിന്റെ വധഭീഷണി വനിത കമീഷന്റെ പരിഗണനയിലുണ്ട്. ഇതിൽ അധ്യാപികക്കെതിരെ വാദിക്കാനാണ് സർവകലാശാല ശ്രമിക്കുന്നത്. റിസർച് ഗൈഡിനെതിരെ വിദ്യാർഥിനിയെകൊണ്ട് പീഡന പരാതി എഴുതിപ്പിച്ച് സസ്പെൻഡ് ചെയ്ത സംഭവവുമുണ്ട്. മലപ്പുറത്തെ ഹയർസെക്കൻഡറി അധ്യാപികക്ക് അശ്ലീല സന്ദേശം അയച്ചതിനെതിരെയുള്ള പരാതിയും മൂടിവെച്ചു.
ഏറ്റവും ഒടുവിൽ ഒഡിഷയിലെ റൂബി പട്ടേൽ എന്ന വിദ്യാർഥിനിയുടെ മരണം പീഡനത്തെ തുടർന്നാണെന്ന് കാട്ടി കുടുംബം വാർത്തസമ്മേളനം വിളിച്ചിട്ടും സർവകലാശാലക്ക് കുലുക്കമില്ല.