കേന്ദ്ര സർവകലാശാലക്ക് വി.സി ഇല്ലാതെ രണ്ടുവർഷം
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാല കേരളക്ക് വൈസ് ചാൻസലർ ഇല്ലാതെ രണ്ടുവർഷമാകുന്നു. ഇൻചാർജ് ഭരണക്കാരുടെ കീഴിൽ ക്രമക്കേടുകൾ സംബന്ധിച്ച പരാതികൾ മാനവശേഷി മന്ത്രാലയത്തിൽ കുന്നുകൂടുകയാണ്. ക്രമക്കേടുകളും ചട്ടവിരുദ്ധ നിയമനങ്ങളും പീഡനങ്ങളും മാർക്കുദാന തട്ടിപ്പുകളും അനുദിനം നിറയുന്നു. അധ്യാപകർ തമ്മിലുള്ള പോരിന് വിദ്യാർഥികൾ ബലിയാടാകുന്നതിന്റെ പരാതികളും ഉയർന്നിട്ടുണ്ട്. ഇംഗ്ലീഷ് വിഭാഗത്തിൽ പഠിച്ചിറങ്ങിയ നയൻതാര തിലക് എന്ന വിദ്യാർഥിനി, ഡീനും വകുപ്പുമേധാവിയും മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് മാനവശേഷി വകുപ്പിനു നൽകിയ പരാതി അന്വേഷിക്കാൻ നിർദേശം വന്നിട്ടും അന്വേഷിച്ചില്ല.
യു.എസിൽ അന്താരാഷ്ട്ര നിലവാരമുള്ള ആറുമാസ പ്രോഗ്രാമിന് അവസരം ലഭിച്ചപ്പോൾ ഡീനും വകുപ്പുമേധാവിയും പരിഹസിക്കുകയും വാട്സ്ആപ് സന്ദേശങ്ങൾ അയച്ച് വകുപ്പുമേധാവി മാനസികമായി തകർത്തുവെന്നും ഇന്റേണൽ മാർക്ക് ബോധപൂർവം വെട്ടിക്കുറച്ചുവെന്നും കേന്ദ്ര മന്ത്രാലയത്തിനയച്ച പരാതിയിലുണ്ട്. എന്നാൽ, ആരോപണ വിധേയനായ ഡീനിനെ പരാതി പരിഹാര സെൽ അംഗമാക്കി പരിഹസിക്കുകയായിരുന്നു സർവകലാശാല.
വഴിപ്പെട്ടുകഴിയുന്നവർക്ക് മാർക്ക് ഇഷ്ടദാനം നടത്തിയ സംഭവവും പുറത്തായി. ഇഷ്ടദാനം നടത്തിയ മാർക്ക് പട്ടിക നോട്ടീസ് ബോർഡിൽ പതിച്ചത് വിവാദമായപ്പോൾ അതുമാറ്റി പുതിയത് പതിച്ചതും സർവകലാശാല ചരിത്രത്തിൽ ആദ്യസംഭവമായി. പിഎച്ച്.ഡി നേടിയവരുണ്ടായിട്ടും സർവകലാശാല വിദ്യാർഥിയെ ഗെസ്റ്റ് ഫാക്കൽറ്റിയായി നിയമിച്ചു. റിസർച് സ്കോളറായി വന്ന വിദ്യാർഥിയുടെ രജിസ്ട്രേഷൻ റദ്ദാക്കി താൽക്കാലിക ഫാക്കൽറ്റിയായി നിയമിക്കുകയായിരുന്നു. കാലാവധി കഴിയുന്ന മുറക്ക് ഈ വിദ്യാർഥിക്ക് വീണ്ടും രജിസ്റ്റർ ചെയ്ത് റിസർച് സ്കോളറാകാം. ഏറെ പ്രതീക്ഷയോടെ കേന്ദ്ര സർവകലാശാലയിലെത്തിയ ഫാക്കൽറ്റികൾ പലരും പീഡനം കാരണം മറ്റ് വാഴ്സിറ്റികളിലേക്ക് പോകുകയാണ്.
ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലുണ്ടായിരുന്ന ഡോ. ഉമ പുരുഷോത്തമൻ ഇപ്പോൾ ഡൽഹി ജെ.എൻ.യുവിലാണ്. ഇവർക്ക് വകുപ്പു തലവനിൽനിന്ന് വധഭീഷണിയുണ്ടായിരുന്നു. സർവകലാശാല പരാതി പരിഹാര സെൽ നടപടിയെടുത്തില്ല. പരാതി വനിത കമീഷനിലാണ്. സഹികെട്ടാണ് അവർ കേന്ദ്ര സർവകലാശാല വിട്ടതെന്ന് സഹപ്രവർത്തകർ പറയുന്നു. അധ്യാപകർ തമ്മിലുള്ള പകയും പോരും പതിവാണ്.
ഇൻചാർജ് വി.സിമാരെ ഉപയോഗിച്ച് ഗൈഡ്ഷിപ് വരെ മരവിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഭാഗത്തിലെ ഡോ. പ്രസാദ് പന്ന്യന്റെ ഗൈഡ്ഷിപ് മരവിപ്പിച്ചു. അദ്ദേഹത്തിന്റെ കീഴിൽനിന്ന് റിസർച് സ്കോളർമാരെ മാറ്റിയാണ് വിരോധം തീർത്തത്. ഉടൻ സ്ഥിരം വൈസ് ചാൻസലറെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. ഡോ. എച്ച്. വെങ്കിടേശ്വർലുവാണ് അവസാനത്തെ വൈസ് ചാൻസലർ. അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്നാണ് ഒഴിവുവന്നത്. പിന്നീട് ഇൻചാർജുമാരാണ് ഭരിച്ചത്. സംഘ്പരിവാർ സഹയാത്രികരെ അന്വേഷിച്ചാണ് വൈസ് ചാൻസലർ നിയമനം വൈകുന്നത്. പല പട്ടികകളും നിയമനത്തിനായി പോയിട്ടുണ്ടെങ്കിലും ആവശ്യപ്പെടുന്ന കോഴയും ആവശ്യമായ യോഗ്യതയും ഒത്തിണങ്ങാത്തതാണ് വി.സി നിയമനം വൈകുന്നതെന്നാണ് ആരോപണം.